Select Location
All Locations
State
Region
City / District
ജൂലൈ 1 മുതൽ യുഎഇയിലെ വിസാ സേവനങ്ങൾ അപ്പാടെ മാറും; അൽഹിന്ദ് ചുമതല ഏറ്റെടുക്കും, അറിയേണ്ടതെല്ലാം

ജൂലൈ 1 മുതൽ യുഎഇയിലെ വിസാ സേവനങ്ങൾ അപ്പാടെ മാറും; അൽഹിന്ദ് ചുമതല ഏറ്റെടുക്കും, അറിയേണ്ടതെല്ലാം

അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട്, വിസ, അറ്റസ്‌റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങളിൽ വലിയ മാറ്റം വരുന്നത് പലരും അറിഞ്ഞുകാണും. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും പുതിയ സേവനദാതാവിലേക്ക് മാറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ, ജൂലൈ 1 മുതൽ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഈ സേവനങ്ങൾ ഔദ്യോഗികമായി ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്.

നിലവിൽ ഈ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ബിഎൽഎസിനെയും ഗ്ലോബൽ ഐവിസിനെയും മാറ്റിയാണ് അൽഹിന്ദ് ചുമതലയേൽക്കുന്നത്. ഇന്ത്യൻ മിഷനുകൾ നടത്തിയ മത്സരാധിഷ്ഠിത ടെൻഡർ നടപടികളിൽ 15-ലധികം അന്താരാഷ്ട്ര കമ്പനികൾ പങ്കെടുത്തിരുന്നു. ഓരോ അപേക്ഷയ്ക്കും 19 ദിർഹം എന്ന ഏറ്റവും കുറഞ്ഞ സാമ്പത്തിക നിരക്ക് ക്വാട്ട് ചെയ്‌തതിനെ തുടർന്നാണ് ഏപ്രിൽ 21-ന് അൽഹിന്ദിന് കരാർ ലഭിച്ചത്. പല മുൻനിര കമ്പനികളും ടെൻഡറിൽ മത്സരിച്ചിരുന്നു.

ജൂലൈ 1 മുതൽ എല്ലാ കോൺസുലർ സേവനങ്ങളും ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ എന്ന പേരിലുള്ള കേന്ദ്രങ്ങളിലൂടെയായിരിക്കും ലഭിക്കുക. ലോകമെമ്പാടുമുള്ള ഇന്ത്യൻ മിഷനുകൾ ഉപയോഗിക്കുന്ന ബ്രാൻഡിംഗ് മാതൃകയാണിത്. യുഎഇയിലെ കേന്ദ്രങ്ങൾക്ക് ഏത് പേരായിരിക്കും നൽകുക എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

അൽഹിന്ദ് അറിയിച്ചിരിക്കുന്നതനുസരിച്ച്, ഓരോ അപേക്ഷയ്ക്കും 19 ദിർഹം എന്ന സമഗ്ര സേവന നിരക്കായിരിക്കും ഈടാക്കുക. അപേക്ഷ സമർപ്പിച്ചതിന് ശേഷം അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ അപ്പോയിന്റ്മെന്റ് ലഭ്യമാക്കണമെന്നും, ഓരോ അപേക്ഷയും 30 മിനിറ്റിനുള്ളിൽ പ്രോസസ് ചെയ്യണമെന്നും കരാറിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. ഇത് അപേക്ഷകരായ ഇന്ത്യൻ പ്രവാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പുതിയ സേവന ശൃംഖല യുഎഇയിലെ എല്ലാ ഏഴ് എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും. അബുദാബിയിൽ അൽ ഖാലിദിയ, അൽ റീം ഐലൻഡ്, മുസഫ, മദീനത് സായിദ്, ഗയാതി, അൽ ഐൻ എന്നിവിടങ്ങളിലായി ആറു കേന്ദ്രങ്ങളുണ്ടാകും. ദുബായിൽ ബുർ ദുബായിലും ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിലും (ഡിഐപി) രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഷാർജയിൽ അൽ മജാസ്, റോള എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ സജ്ജമാക്കും.

കൂടാതെ അജ്‌മാൻ (അൽ ജുർഫ്), ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ (കോർണിഷ്), കൽബ, റാസൽ ഖൈമ എന്നിവിടങ്ങളിലും ഓരോ കേന്ദ്രം വീതം പ്രവർത്തിക്കും. എല്ലാ കേന്ദ്രങ്ങളുടെയും പൂർണ വിലാസം ജൂലൈ 1-ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സേവനദാതാക്കളുടെ മാറ്റം നടക്കുന്ന ഇടക്കാലഘട്ടത്തിലും അടിയന്തര പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും ലഭ്യമായിരിക്കും.

അടിയന്തര സഹായത്തിനായി 800 46342 (800 INDIA) എന്ന ടോൾ ഫ്രീ നമ്പറിലോ +971 54 309 0571 എന്ന വാട്‌സ് ആപ്പ് നമ്പറിലോ ബന്ധപ്പെടാം. കൂടാതെ pbsk.dubai@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും അപേക്ഷകർക്ക് സഹായം തേടാം. വർധിച്ചുവരുന്ന അപേക്ഷകളുടെ എണ്ണം കണക്കിലെടുത്ത് ആവശ്യമായാൽ കൂടുതൽ കൗണ്ടറുകളും സേവന സൗകര്യങ്ങളും ആരംഭിക്കുമെന്നും അൽഹിന്ദ് അറിയിച്ചിട്ടുണ്ട്.


One India Malayalam 1 hour ago
Home Flash News