വടുതല റെയിൽവേ മേൽപ്പാലം; നിർമ്മാണം ഉടൻ തുടങ്ങും, ആകെ നീളം 458 മീറ്റർ, ഗതാഗത കുരുക്കഴിയും..!
കൊച്ചി: വർഷങ്ങളായി നിലച്ചിരുന്ന വടുതല റെയിൽവേ മേൽപ്പാല പദ്ധതിക്ക് ഒടുവിൽ ജീവൻവയ്ക്കുന്നു. ഈ ആഴ്‌ച തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കേരള റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂരിഭാഗം പ്രാരംഭ നടപടികളും പൂർത്തിയായതായി ആർബിഡിസികെയിലെ ഒരു എഞ്ചിനീയർ വ്യക്തമാക്കി. രണ്ട് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് പദ്ധതി യാഥാർഥ്യമാവുന്നത്.
ഭൂമി ഏറ്റെടുക്കൽ നടപടികളും ടെൻഡർ നടപടിക്രമങ്ങളും പൂർത്തിയായ സാഹചര്യത്തിൽ, പൈലിംഗ് ഉൾപ്പെടെയുള്ള പ്രാഥമിക സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഈ ആഴ്‌ച തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ അന്തിമ ഘടനാ രൂപരേഖയ്ക്ക് ഐഐടി മദ്രാസിന്റെ അംഗീകാരം ലഭിച്ചതാണ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായകമായത്.
ഇതോടെ കൂടുതൽ നടപടിക്രമ തടസങ്ങളില്ലാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് അധികൃതർ അറിയിച്ചു. നിർമ്മാണ കരാറുകൾ നേരത്തെ തന്നെ അനുവദിച്ചുകഴിഞ്ഞതായും, കാലവർഷത്തിന്റെ തീവ്രത കുറഞ്ഞുവരുന്നതോടെ അടുത്ത ഏതാനും ആഴ്‌ചകളിൽ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ഏറ്റെടുക്കേണ്ട കെട്ടിടങ്ങളിലൊന്ന് ഇപ്പോഴും നിയമ തർക്കത്തിൽപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇതുമൂലം നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കത്തെ കാര്യമായി ബാധിക്കില്ലെന്നാണ് ആർബിഡിസികെയുടെ വിശദീകരണം. തർക്കത്തിലുള്ള ഭൂമി ഒഴികെയുള്ള ഭാഗങ്ങളിൽ നിർമ്മാണം ആരംഭിക്കാനാകുന്നതിനാൽ പദ്ധതി നിശ്ചിത സമയക്രമത്തിൽ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
അപ്രോച്ച് റോഡ് ഉൾപ്പെടെ 458 മീറ്ററാണു മൊത്തം മേൽപാതയുടെ നീളം കണക്കാക്കുന്നത്. പച്ചാളം ഭാഗത്ത് 5 സ്‌പാനുകളും വടുതല ഭാഗത്ത് 7 സ്‌പാനുകളും വരുന്ന തരത്തിലാണ് പാലത്തിന്റെ ഘടന.റെയിൽവേ ലൈനിന് മുകളിലായി 33.39 മീറ്റർ വരുന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. നിർമ്മാണം വേഗത്തിൽ ആരംഭിക്കണമെന്നും സമയബന്ധിതമായി പൂർത്തിയാക്കണമെന്നുമാണ് പ്രദേശവാസികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
നിലവിൽ വടുതല പ്രദേശത്ത് റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക എന്നതാണ് മേൽപ്പാല പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി പൂർത്തിയാകുന്നതോടെ എറണാകുളം നഗരത്തിന്റെ വടക്കൻ മേഖലകളിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. പദ്ധതി യാഥാർഥ്യമായാൽ വടുതല, പച്ചാളം, എറണാകുളം എന്നീ നഗരമേഖലകൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകുകയും കൊച്ചിയിലെ ഗതാഗത ശൃംഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുകയും ചെയ്യും. നിലവിലെ സാഹചര്യത്തിൽ കാര്യങ്ങളെല്ലാം പ്രതീക്ഷിച്ച വേഗത്തിൽ നീങ്ങിയാൽ പദ്ധതി പൂർത്തിയാക്കാൻ ഏകദേശം രണ്ട് വർഷമാണ് വേണ്ടി വരുമെന്ന് കണക്കാക്കുന്നത്.