ഹോർമുസിൽ ഒമാന്റെ പുതിയ നീക്കം, പിന്നിൽ യുഎസ്? വഴങ്ങില്ലെന്ന് ഇറാൻ, ഹോർമുസിൽ ആശങ്ക
ദുബായ്/ടെഹ്റാൻ∙ ഹോർമുസ് കടലിടുക്കു വഴിയുള്ള സുരക്ഷിതയാത്രയ്ക്കായി ഒമാൻ പ്രഖ്യാപിച്ച പുതിയ കപ്പൽപാത അംഗീകരിക്കില്ലെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് സേന വ്യക്തമാക്കി. ഇറാനുമായി കൂടിയാലോചിക്കാതെയുള്ള നടപടിയാണിതെന്നും ആരോപിച്ചു. നിർദേശങ്ങൾ അനുസരിക്കാത്ത കപ്പലുകൾക്കെതിരെ നടപടിയുണ്ടാകും.
ഹോർമുസിൽ ഇറാൻ നിശ്ചയിച്ച പാതയല്ലാതെ, പുതിയ പാത വഴിയുള്ള യാത്ര അപകടകരമായിരിക്കുമെന്നും സുരക്ഷയ്ക്ക് യാതൊരു ഉറപ്പുമില്ലെന്നും ഇറാൻ സേന മുന്നറിയിപ്പു നൽകി. ഇറാന്റെ നിയന്ത്രണപരിധിക്കു പുറത്തുള്ള പുതിയ കപ്പൽപാത വഴി ലൈബീരിയയുടെ എണ്ണക്കപ്പൽ ഹോർമുസ് കടന്നതിനു പിന്നാലെയാണ് മുന്നറിയിപ്പ്. ഒമാന്റെ ഓരം ചേർന്നുള്ള പാത വഴിയാണ് ഈ കപ്പൽ വ്യാഴാഴ്ച കടന്നുപോയത്. ഹോർമുസ് കടക്കാൻ ഫീസോ ടോളോ ഈടാക്കാൻ ആരെയും അനുവദിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബഹ്റൈനിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇറാന്റെ ആസ്തി മരവിപ്പിച്ചതു പിൻവലിക്കുന്നതോടെ ആ പണം യുഎസിൽനിന്നുള്ള കാർഷികോൽപന്നങ്ങൾ വാങ്ങാനാകും ചെലവഴിക്കുകയെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞത് ഇറാൻ തള്ളി. പണം എങ്ങനെ ചെലവഴിക്കണമെന്ന് ഇറാൻ തീരുമാനിക്കുമെന്നാണ് ചർച്ചകൾക്കു നേതൃത്വം നൽകുന്ന മുഹമ്മദ് ഖാലിബാഫ് തുറന്നടിച്ചത്. യുഎസിൽനിന്ന് ഇറാൻ ഭക്ഷ്യ ഉൽപന്നങ്ങളും മരുന്നും വാങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അവകാശപ്പെട്ടിരുന്നു.
സംഘർഷം മൂലം ഹോർമുസിൽ കുടുങ്ങിയ കപ്പലുകളിൽ 57 എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ കടലിടുക്ക് കടന്നതായാണ് യുഎന്നിന്റെ മാരിടൈം ഏജൻസി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം 12 കപ്പലുകളാണ് ഹോർമുസ് കടന്നത്. ഇറാൻ–യുഎസ് ചർച്ചകൾ അടുത്തയാഴ്ച പുനരാരംഭിക്കുമെന്ന് മധ്യസ്ഥരായ പാക്കിസ്ഥാൻ അറിയിച്ചു. ഇതിനിടെ, തെക്കൻ ലബനനിൽ വെടിനിർത്തലിനുശേഷവും ഇസ്രയേൽ ഇന്നലെ നടത്തിയ ഡ്രോണാക്രമണത്തിൽ 2 പേർ മരിച്ചു.