UPSC ചരിത്രത്തിലാദ്യമായി സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ട പരിശോധനയിൽ 569 പേർ പുറത്ത്
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിലേക്കുള്ള അപേക്ഷകരുടെ പരിശോധനയിൽ 569 പേരെ പുറത്താക്കി. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആദ്യഘട്ട പരിശോധനയിലാണ് അപേക്ഷകരെ അയോഗ്യരാക്കികൊണ്ട് അപേക്ഷകൾ തള്ളിയത്. ഒരേ വ്യക്തി നൽകിയ ഒന്നിലധികം അപേക്ഷകളും അനുവദിച്ചിരിക്കുന്ന ശ്രമങ്ങൾ പൂർത്തിയാക്കിയവരുടെ അപേക്ഷകളുമാണ് കമ്മീഷൻ തള്ളിയത്.
ഇതുവരെ പ്രിലിംസും മെയിൻ പരീക്ഷയും വിജയിച്ച് അഭിമുഖഘട്ടത്തിലെത്തിയ ശേഷമാണ് ഇത്തരത്തിലുള്ള പരിശോധനകൾ നടത്തിയിരുന്നത്. എന്നാൽ ഇത്തവണ അപേക്ഷാ ഘട്ടത്തിൽ തന്നെ പരിശോധന പൂർത്തിയാക്കി അയോഗ്യരെ ഒഴിവാക്കുകയായിരുന്നു. 2024-ൽ ഐഎഎസ് ട്രെയിനിയായിരുന്ന പൂജ ഖേദ്കറെ സർവീസിൽ നിന്ന് പുറത്താക്കിയ സംഭവത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് യുപിഎസ്‌സിയുടെ നടപടി. അനുവദിച്ചിരിക്കുന്ന പരമാവധി ശ്രമങ്ങൾ പൂർത്തിയായ ശേഷവും പേരും മാതാപിതാക്കളുടെ പേരും മാറ്റി സിവിൽ സർവീസ് പരീക്ഷ എഴുതിയെന്ന കണ്ടെത്തലിനെ തുടർന്ന് പൂജ ഖേദ്കറുടെ സ്ഥാനാർത്ഥിത്വം യു.പി.എസ്.സി റദ്ദാക്കിയിരുന്നു.
ഈ വർഷം മെയ് 24-ന് നടന്ന പ്രിലിമിനറി പരീക്ഷയ്ക്കായി 8.18 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ 5.49 ലക്ഷം പേർ പരീക്ഷയെഴുതി. കഴിഞ്ഞ വർഷത്തെ അപേക്ഷകരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ അപേക്ഷകരുടെ എണ്ണത്തിൽ കുറവാണുള്ളത്. ആധാർ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ പരിശോധനയും എഐ ഉപയോഗിച്ചുള്ള ഡ്യൂപ്ലിക്കേറ്റ് പരിശോധനയും ഉൾപ്പെടെ നടന്നു. 2026 പരീക്ഷയ്ക്കായി അവതരിപ്പിച്ച പുതിയ ഓൺലൈൻ പോർട്ടലിൽ അപേക്ഷകർക്ക് ആധാർ ഉപയോഗിച്ച് തിരിച്ചറിയൽ സ്ഥിരീകരിക്കാനുള്ള സൗകര്യം നൽകിയിരുന്നു. ഏകദേശം 94 ശതമാനം അപേക്ഷകരും ഈ സംവിധാനം ഉപയോഗിച്ചു. ബാക്കിയുള്ള ഏകദേശം 49,000 അപേക്ഷകളിൽ പേര്, മാതാപിതാക്കളുടെ പേര്, ജനനത്തീയതി, ഫോട്ടോ എന്നിവ താരതമ്യം ചെയ്ത് എഐയുടെ സഹായത്തോടെ ഡ്യൂപ്ലിക്കേറ്റ് അപേക്ഷകൾ കണ്ടെത്തി.
കഴിഞ്ഞ 15 വർഷത്തെ അപേക്ഷകരുടെ വിവരശേഖരവുമായി താരതമ്യം ചെയ്താണ് എഐയുടെ സഹായത്തോടെ അപേക്ഷകരുടെ പ്രായപരിധിയും എത്ര തവണ പരീക്ഷ എഴുതിയെന്നതിനെ കുറിച്ചും പരിശോധിച്ചത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിലും സമാന രീതിയിൽ 69 അയോഗ്യരായവരെ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
അയോഗ്യരായവരോട് യു.പി.എസ്.സി ഇമെയിൽ വഴി വിശദീകരണം തേടിയിട്ടുണ്ട്. ആവശ്യമായ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ മുൻപ് ജനറൽ വിഭാഗത്തിൽ അപേക്ഷിച്ചിരുന്നവരാണ് പലരുമെന്ന് പരിശോധനയിൽ വ്യക്തമായി. അതേസമയം, അപേക്ഷകരുടെ വ്യക്തി വിവരങ്ങളുടെ സുരക്ഷ പൂർണമായി ഉറപ്പാക്കിയിട്ടുണ്ടെന്ന് യു.പി.എസ്.സി ചെയർമാൻ അജയ് കുമാർ വ്യക്തമാക്കി.