മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി
ബെംഗളൂരു: മതം പറയുന്നവര്‍ മന്ത്രിമാരാവുകയും മതേതരത്വം പറയുന്നവര്‍ വര്‍ഗീയവാദികളാവുകയും ചെയ്യുന്ന സാമൂഹ്യസാഹചര്യമാണ് കേരളത്തിലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യോഗം നേതൃയോഗം ബെംഗളൂരുവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലര്‍ മതം പറഞ്ഞാല്‍ മതേതരത്വവും എസ്എന്‍ഡിപി യോഗം അത് പറഞ്ഞാല്‍ വര്‍ഗീയവുമാകുന്ന സാമൂഹ്യസാഹചര്യമാണ് കേരളത്തില്‍. ഈ ഇരട്ടത്താപ്പ് അംഗീകരിക്കില്ല. ഭരണഘടനയും നിയമവും ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ചോദിക്കുന്നത് വര്‍ഗീയതയാണെങ്കില്‍ അത് ഇനിയും തുടരും. എസ്എന്‍ഡിപി യോഗവും താനും രാവും പകലും വിമര്‍ശിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നത് യോഗം അവഗണിക്കാനാകാത്ത ശക്തിയായി മാറിയതിനാലാണ്. യോഗം ഒരു വ്യക്തിയുടെ പ്രസ്ഥാനം അല്ല. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആത്മാഭിമാനത്തിന്റെ പോരാട്ട പ്രസ്ഥാനമാണ്. 4.5 കോടിയുടെ ആസ്തിയില്‍ നിന്ന് 339 കോടിയുടെ ആസ്തിയിലേക്ക് യോഗം വളര്‍ന്നത് മുപ്പത് വര്‍ഷത്തെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ്. പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ വിലയാണിത്. ഈ വളര്‍ച്ച കണ്ടാണ് ചിലര്‍ അസ്വസ്ഥരാകുന്നത്.
എസ്എന്‍ഡിപി യോഗം നേതൃക്യാമ്പിന് ബംഗളൂരുവില്‍ തുടക്കമായി, യോഗം കൗണ്‍സില്‍ അംഗങ്ങള്‍, ബോര്‍ഡ് അംഗങ്ങള്‍, വിവിധ യൂണിയനുകളുടെ പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പോഷകസംഘടനകളുടെ സംസ്ഥാന ഭാരവാഹികള്‍ തുടങ്ങി 700 പേരാണ് പങ്കെടുക്കുന്നത്. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ കൊല്ലം ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എസ്എന്‍ഡിപി യോഗം ചാത്തന്നൂര്‍ യൂണിയന്‍ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ എംഎല്‍എയെ നേതൃയോഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആദരിച്ചു. നേതൃയോഗത്തിലെ പ്രതിനിധി കൂടിയാണ് ഗോപകുമാര്‍.