Select Location
All Locations
State
Region
City / District
അർജൻറീനയുമായുള്ള ലോകകപ്പ് നോക്കൗട്ടിന് മുൻപ് കേപ് വെർദെ ടീമിനെ നടുക്കി ലൈംഗികാരോപണം;

അർജൻറീനയുമായുള്ള ലോകകപ്പ് നോക്കൗട്ടിന് മുൻപ് കേപ് വെർദെ ടീമിനെ നടുക്കി ലൈംഗികാരോപണം; നായകൻ റയാൻ മെൻഡസിനെതിരെ ഫോറൻസിക് തെളിവുകളുമായി പോലീസ്

ഓക്ക്ലാന്‍ഡ്: ലോകകപ്പ് ഫുട്ബോളില്‍ ചരിത്ര കുതിപ്പ് നടത്തുന്ന കേപ് വെര്‍ദെ ടീമിന് കനത്ത തിരിച്ചടിയായി ക്യാപ്റ്റന്‍ റയാന്‍ മെന്‍ഡസിനെതിരെയുള്ള ലൈംഗികാരോപണ പരാതി. ടീമിന്റെ ബ്രസീലിയന്‍ വിവര്‍ത്തകയായി ജോലി ചെയ്തിരുന്ന യുവതിയാണ് ക്യാപ്റ്റനെതിരെ ഗുരുതരമായ പീഡനാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡില്‍ നടന്ന സൗഹൃദ മത്സരങ്ങള്‍ക്കിടെ റയാന്‍ മെന്‍ഡസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് യുവതി ന്യൂസിലന്‍ഡ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളുടെ ആവേശത്തിനിടയില്‍ പുറത്തുവന്ന ഈ ആരോപണം കായികലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

മാര്‍ച്ചില്‍ ചിലിയുമായി നടന്ന മത്സരത്തിന് പിന്നാലെ, ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കെന്ന വ്യാജേന റയാന്‍ മെന്‍ഡസ് തീയതി ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ല തന്നെ വിളിച്ചതെന്ന് മനസ്സിലായതോടെ താന്‍ അവിടെനിന്നും ഇറങ്ങിപ്പോന്നു. എന്നാല്‍ ഇതിനുപിന്നാലെ താന്‍ താമസിക്കുന്ന മുറിയിലെത്തിയ താരം വാതിലില്‍ മുട്ടുകയും, ബലമായി അകത്തുകയറി തന്നെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. ആക്രമണത്തില്‍ തനിക്ക് ഗുരുതരമായി പരിക്കേറ്റതായും ഇതിന്റെ ചിത്രങ്ങള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ എന്നിവ സഹിതം ടീം അധികൃതര്‍ക്ക് തെളിവുകള്‍ നല്‍കിയിരുന്നതായും യുവതി വെളിപ്പെടുത്തി. എന്നാല്‍ മാനസികമായി തളര്‍ന്ന തനിക്ക് ഫുട്‌ബോള്‍ അധികൃതരില്‍ നിന്നും യാതൊരുവിധ പിന്തുണയോ നടപടിയോ ഉണ്ടായില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

യുവതിയുടെ പരാതിയില്‍ ന്യൂസിലന്‍ഡ് പോലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി കൈമാറിയ മെഡിക്കല്‍-ഫോറന്‍സിക് തെളിവുകള്‍ക്ക് പുറമെ സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. നിലവില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ആര്‍ക്കെതിരെയും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും പോലീസ് വക്താക്കള്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയും ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും, നിലവില്‍ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താനാകില്ലെന്ന് ഫിഫ അധികൃതര്‍ അറിയിച്ചു.

ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത അവിശ്വസനീയ മുന്നേറ്റമാണ് കേപ് വെര്‍ദെ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ ശക്തരായ സൗദി അറേബ്യയെ ഗോളില്ലാ സമനിലയില്‍ തളച്ച്, ഗ്രൂപ്പ് എച്ചില്‍ രണ്ടാം സ്ഥാനക്കാരായാണ് അവര്‍ റൗണ്ട് ഓഫ് 32 (നോക്കൗട്ട്) യോഗ്യത നേടിയത്. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന സുവര്‍ണ്ണ റെക്കോര്‍ഡും ഇതോടെ കേപ് വെര്‍ദെ സ്വന്തമാക്കിയിരുന്നു. നോക്കൗട്ടില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയാണ് കേപ് വെര്‍ദെയുടെ എതിരാളികള്‍. ടര്‍ക്കിഷ് ക്ലബ്ബ് ഫുട്‌ബോളിലെ പ്രമുഖ താരവും ടീമിന്റെ നട്ടെല്ലുമായ ക്യാപ്റ്റന്‍ റയാന്‍ മെന്‍ഡസിനെതിരെയുള്ള ഈ കേസ് കേപ് വെര്‍ദെയുടെ ലോകകപ്പ് സ്വപ്നങ്ങളെയും നോക്കൗട്ട് മത്സരങ്ങളിലെ പ്രകടനത്തെയും ബാധിക്കുമോയെന്ന ആശങ്കയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. നിലവില്‍ ടീമിനൊപ്പം തുടരുന്ന താരം ഈ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.


Smacy News 1 hour ago
Home Flash News