ശമ്പളവർധനവും അധിക തസ്തികകളും; സർക്കാരുമായുള്ള കരാർ അംഗീകരിച്ച് യുകെയിലെ ഡോക്ടർമാർ
ലണ്ടൻ∙ ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടർമാർ സർക്കാരിന്റെ പുതിയ ശമ്പള - സേവന വ്യവസ്ഥാ കരാർ അംഗീകരിച്ചതോടെ മൂന്ന് വർഷത്തോളമായി തുടരുന്ന സമരങ്ങൾക്ക് അവസാനമാകുന്നു. ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (BMA) നടത്തിയ അംഗത്വ വോട്ടെടുപ്പിൽ 53 ശതമാനം പേർ കരാറിനെ അനുകൂലിച്ചതോടെയാണ് തീരുമാനം.
57 ശതമാനമായിരുന്നു പോളിങ്. ആകെ 32,932 ഡോക്ടർമാർ വോട്ട് രേഖപ്പെടുത്തി. കരാർ പ്രകാരം ഈ വർഷം 3.5 ശതമാനം ശമ്പളവർധന ലഭിക്കും. 2026 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളവർധന നടപ്പാക്കും. ഇതോടെ ശരാശരി 4.9 ശതമാനം വേതനവർധന ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. 2027 ഏപ്രിലോടെ ഇത് ശരാശരി 6.6 ശതമാനമായി ഉയരുമെന്നും തുടർന്ന് സ്വതന്ത്ര ശമ്പള അവലോകന സമിതിയുടെ ശുപാർശപ്രകാരമുള്ള വർധനയും ലഭിക്കുമെന്നും ബിഎംഎ വ്യക്തമാക്കി.
പുതിയ ശമ്പളക്രമത്തിൽ പരിശീലനം ആരംഭിക്കുന്ന റസിഡന്റ് ഡോക്ടർമാരുടെ അടിസ്ഥാന വാർഷിക ശമ്പളം 40,000 പൗണ്ടിന് മുകളിലാകും. ഏറ്റവും മുതിർന്ന റസിഡന്റ് ഡോക്ടർമാർക്ക് 76,500 പൗണ്ട് വരെ അടിസ്ഥാന ശമ്പളം ലഭിക്കും. രാത്രികാല ഡ്യൂട്ടി, അധിക ജോലി സമയം, അവധി ദിവസങ്ങളിലെ സേവനം എന്നിവയ്ക്കുള്ള അലവൻസുകൾ ഇതിന് പുറമെയായിരിക്കും. ശമ്പളവർധനയ്ക്ക് പുറമേ പുതുതായി യോഗ്യത നേടുന്ന ഡോക്ടർമാർക്കായി 4,500 അധിക പരിശീലന തസ്തികകൾ സൃഷ്ടിക്കുമെന്നും റോയൽ കോളജ് പരീക്ഷാ ഫീസ് ഉൾപ്പെടെയുള്ള നിർബന്ധിത ചെലവുകൾ സർക്കാർ വഹിക്കുമെന്നും കരാറിലുണ്ട്. കരിയർ പുരോഗതിയും വേഗത്തിലാക്കാനുള്ള നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമരങ്ങൾ നേരത്തെ തന്നെ ഒഴിവാക്കുവാൻ കഴിയുമായിരുന്നുവെന്നും ഡോക്ടർമാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങളും മെച്ചപ്പെട്ട ശമ്പളവും ലഭിക്കുന്നതോടൊപ്പം എൻഎച്ച്എസിനും രോഗികൾക്കും ഗുണകരമായ ധാരണയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ബിഎംഎ റസിഡന്റ് ഡോക്ടേഴ്സ് കമ്മിറ്റിയുടെ ചെയർമാൻ ഡോ. ജാക്ക് ഫ്ലെച്ചർ പറഞ്ഞു. സമരത്തിന് അവസാനമായത് ഡോക്ടർമാർക്കും രോഗികൾക്കും എൻഎച്ച്എസിനും ഒരുപോലെ ആശ്വാസകരമാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെയിംസ് മുറെ പറഞ്ഞു.
2023 മുതൽ നടന്ന സമരങ്ങൾ കാരണം ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ ലക്ഷക്കണക്കിന് ആശുപത്രി ചികിത്സകളും ശസ്ത്രക്രിയകളും മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. പുതിയ കരാറോടെ ആരോഗ്യസേവനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.