Select Location
All Locations
State
Region
City / District
യുഎഇയില്‍ ഇന്ധനവില കുറച്ചു... പെട്രോളിനും ഡീസലിനും ജൂലൈ മുതല്‍ വില കുറയും

യുഎഇയില്‍ ഇന്ധനവില കുറച്ചു... പെട്രോളിനും ഡീസലിനും ജൂലൈ മുതല്‍ വില കുറയും

ദുബായ്: ജൂലൈ മാസത്തേക്കുള്ള പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില പ്രഖ്യാപിച്ച് യുഎഇ ഇന്ധന വില കമ്മിറ്റി. പുതിയ നിരക്കുകള്‍ പ്രകാരം, സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.40 ദിര്‍ഹത്തിന് ലഭിക്കും. ജൂണില്‍ ലിറ്ററിന് 3.95 ദിര്‍ഹമായിരുന്നു സൂപ്പര്‍ 98 പെട്രോളിന്റെ വില. 0.55 ദിര്‍ഹമാണ് ലിറ്ററിന് കുറഞ്ഞിരിക്കുന്നത്. സ്പെഷ്യല്‍ 95 പെട്രോളിന് ജൂണിലെ 3.85 ദിര്‍ഹത്തില്‍ നിന്ന് 3.29 ദിര്‍ഹമായും വില കുറച്ചു.

ഇ-പ്ലസ് പെട്രോള്‍ വില 3.21 ദിര്‍ഹമാണ്. ജൂണില്‍ ഇ-പ്ലസ് പെട്രോളിന് ലിറ്ററിന് 3.76 ദിര്‍ഹമായിരുന്നു വില. 4.33 ദിര്‍ഹമായിരുന്ന ഡീസലിന്റെ വില 3.60 ലിറ്റര്‍ ആയും കുറച്ചിട്ടുണ്ട്. ലിറ്ററിന് 73 ഫില്‍സിന്റെ കനത്ത കുറവാണ് ഡീസല്‍ വിലയില്‍ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പൊതുഗതാഗത മേഖലയ്ക്കും വിവിധ ലൊജിസ്റ്റിക് കമ്പനികള്‍ക്കും വ്യവസായശാലകള്‍ക്കും നല്‍കുന്ന ആശ്വാസം വളരെ വലുതാണ്.

പുതുക്കിയ വിലകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ആഗോള ഊര്‍ജ്ജ വിപണികളിലെ വില നിലവാരത്തിന് അനുസൃതമായി, യുഎഇ ഇന്ധന വില സമിതി എല്ലാ മാസത്തിന്റെയും അവസാനം ചില്ലറ ഇന്ധന വിലകള്‍ അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യാറുണ്ട്.

ഫെബ്രുവരി 28 ന് മിഡില്‍ ഈസ്റ്റ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, യുഎഇയിലെ ചില്ലറ ഇന്ധന വിലകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം 60 ശതമാനത്തിലധികമാണ് രാജ്യത്ത് ഇന്ധന വില കുതിച്ചുയര്‍ന്നത്. ജൂണ്‍ മാസത്തില്‍ ആഗോള എണ്ണവില കുറയുന്ന പ്രവണതയുള്ളതിനാല്‍, ജൂലൈയില്‍ ചില്ലറ ഇന്ധന വില കുറയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മിക്ക കുടുംബങ്ങള്‍ക്കും ഇന്ധനം അത്യാവശ്യവും ആവര്‍ത്തിച്ചുള്ളതുമായ ചെലവായതിനാല്‍, യുഎഇ പെട്രോള്‍ വിലയിലെ പ്രതിമാസ മാറ്റങ്ങള്‍ ഗാര്‍ഹിക ബജറ്റുകളെ നേരിട്ട് ബാധിക്കുന്നു. ചെറിയ വില വര്‍ധനവ് പോലും ഗാര്‍ഹിക ബജറ്റുകളെ ബാധിക്കും. കാരണം വാഹനമോടിക്കുന്നവര്‍ അവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ഇന്ധനത്തിനായി നീക്കിവയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നു.

യുഎഇയിലെ ജനങ്ങള്‍ കഠിനമായ വേനല്‍ചൂട് നേരിടുന്ന സമയത്താണ് ഇന്ധനവിലയില്‍ ഇത്രയും വലിയ ഇളവ് വരുന്നത് എന്നത് ശ്രദ്ധേയമാണ്. ചൂടുകാലമായതിനാല്‍ എയര്‍കണ്ടീഷണറുകളുടെ നിരന്തര ഉപയോഗം കാരണം വാഹനങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ഇന്ധനം വേഗത്തില്‍ ചെലവാകുന്ന സമയമാണിത്. പുതിയ ഇളവുകള്‍ പ്രതിമാസ യാത്രാച്ചെലവും വീട്ടുബജറ്റും കൃത്യമായി നിയന്ത്രിക്കാന്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറെ സഹായകരമാകും. ചരക്കുനീക്കത്തിനുള്ള വലിയ ഇന്ധനച്ചെലവുകള്‍ക്ക് കാര്യമായ കുറവുണ്ടാകുന്നത് വഴി പൊതുവിപണിയിലെ വിലക്കയറ്റം ഒരു പരിധി വരെ പ്രതിരോധിക്കാന്‍ ഇതിലൂടെ സാധിച്ചേക്കും. പ്രത്യേകിച്ചും അയല്‍ രാജ്യങ്ങളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും എത്തുന്ന ഭക്ഷണസാധനങ്ങളുടെയും പുതിയ പച്ചക്കറികളുടെയും വിതരണത്തില്‍ ചെലവുകള്‍ കുറയുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിപണി ഇളവുകള്‍ നല്‍കും.

 യുഎഇയില്‍ ഓരോ മാസത്തെയും അവസാന തീയതികളിലാണ് തൊട്ടടുത്ത മാസത്തേക്ക് നിലവില്‍ വരുന്ന കൃത്യമായ ഇന്ധന വിലവിവരങ്ങള്‍ പ്രഖ്യാപിക്കുന്നത്. 2015 ഓഗസ്റ്റ് മാസത്തിലാണ് യുഎഇ സര്‍ക്കാര്‍ രാജ്യത്തെ ഇന്ധനവില നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ തീരുമാനമെടുത്തത്. അതോടെ ആഭ്യന്തര വിപണിയിലെ ഇന്ധനവില ആഗോള വിപണിയിലെ പ്രവണതകള്‍ക്ക് അനുസൃതമായി നിശ്ചയിക്കുന്ന നയമാണ് രാജ്യം തുടര്‍ന്നുവരുന്നത്. യുഎഇയിലെ എനര്‍ജി മന്ത്രാലയത്തിന്റെയും ധനകാര്യ മന്ത്രാലയത്തിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതിയാണ് യോഗം ചേര്‍ന്നുകൊണ്ട് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് എണ്ണവിലയുടെ നിലവാരം സൂക്ഷ്മമായി വിലയിരുത്തുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആഗോള എണ്ണവിപണിയില്‍ ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഗണ്യമായ മാറ്റങ്ങളും കുറവുമാണ് ജൂലൈ മാസത്തിലേക്ക് വലിയ നിരക്കിളവ് പ്രഖ്യാപിക്കാന്‍ കാരണമായത്.


One India Malayalam 2 hours ago
Home Flash News