Select Location
All Locations
State
Region
City / District
വന്ദേഭാരതിൽ കയറുന്നതിന് മുൻപേ വാതിൽ അടഞ്ഞാൽ എന്ത് ചെയ്യും? വിശദമായി അറിയാം

വന്ദേഭാരതിൽ കയറുന്നതിന് മുൻപേ വാതിൽ അടഞ്ഞാൽ എന്ത് ചെയ്യും? വിശദമായി അറിയാം

നമ്മുടെ സാധാരണ ട്രെയിനുകളിലെ വാതിലുകൾ പോലെയല്ല വന്ദേഭാരതിലേക്ക് വരുമ്പോൾ. മെട്രോയിലേതുപോലെ കൃത്യമായ ഓട്ടോമാറ്റിക് സ്ലൈഡിങ് വാതിലുകളാണ് ഇതിലുള്ളത്. അതുകൊണ്ട് തന്നെ വണ്ടി എടുക്കാൻ നേരം ഓടിവന്ന് ചാടിക്കയറുന്ന പരിപാടിയൊന്നും വന്ദേഭാരതിൽ നടക്കില്ല. ഇനി നിങ്ങൾ ഓടിയെത്തുമ്പോഴേക്കും വാതിലുകൾ അടഞ്ഞുപോയാൽ, അല്ലെങ്കിൽ ട്രെയിൻ പ്ലാറ്റ്‌ഫോമിൽ ഉണ്ടായിട്ടും വാതിൽ തുറന്നില്ലെങ്കിൽ എന്തുചെയ്യും? വിശദമായി നോക്കാം

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് വന്ദേഭാരതിൽ ഈ ക്രമീകരണം കൊണ്ടുവന്നിരിക്കുന്നത്. വണ്ടി എടുക്കാറാകുമ്പോൾ ആരും അപകടകരമായ രീതിയിൽ ഓടിക്കയറുകയോ ഇറങ്ങുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. സാധാരണ ട്രെയിനുകൾ പോലെ അല്ല, സമയത്തിൻ്റെ കാര്യത്തിൽ വന്ദേഭാരത് സർവ്വീസുകൾ വലിയ കൃത്യത പുലർത്താറുണ്ട്. പല സ്റ്റേഷനുകളിലും ഈ ട്രെയിനുകൾ വെറും രണ്ടോ മൂന്നോ മിനിറ്റ് മാത്രമാണ് സ്റ്റോപ് ചെയ്യുക. അതുകൊണ്ട് തന്നെ വൈകിയെത്തി ഓടി ട്രെയിനിലേക്ക് ചാടിക്കയറിയാൻ നോക്കിയാൽ ജീവൻ തന്നെ അപകടത്തിലാകും.

വാതിൽ അടഞ്ഞാൽ പിന്നെ കയറാനാകുമോ? ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രെയിൻ എടുക്കുന്നതിന് മുൻപ് തന്നെ വാതിൽ തുറന്നില്ലെന്നത് ശ്രദ്ധയിൽ പെട്ടാൽ തൊട്ടടുത്തുള്ള ടിടിഇയോ കോച്ച് അറ്റൻഡൻ്റിനേയോ അല്ലെങ്കിൽ മറ്റ് റെയിൽവേ ജീവനക്കാരെയോ സമീപിച്ച് കൺഫേംഡ് ടിക്കറ്റ് ഉണ്ടെന്ന കാര്യം വ്യക്തമാക്കുക. സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെങ്കിൽ അധികൃതർക്ക് വാതിലുകൾ വീണ്ടും തുറന്ന് തരും. എന്നാൽ ഒരു കാരണവശാലും വാതിലുകൾ ബലപ്രയോഗത്തിലൂടെ തുറക്കാൻ ശ്രമിക്കരുത്. ഇത് നിയമവിരുദ്ധമാണ്. മാത്രമല്ല പിഴയും ഈടാക്കിയേക്കും. ട്രെയിൻ നീങ്ങിത്തുടങ്ങിയാൽ എന്തുചെയ്യും? വന്ദേഭാരത് നീങ്ങിത്തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് പിന്നാലെ ഓടിക്കയറാനൊന്നും ശ്രമിക്കരുത്. വേഗത കുറവാണെന്ന് തോന്നിയാൽ പോലും ഓടിന്ന ട്രെയിനിൽ കയറുന്നത് റെയിൽവേ കർശനമായി വിലക്കുന്നുണ്ട്. ട്രെയിൻ മിസ്സായിക്കഴിഞ്ഞാൽ തൊട്ടടുത്തുള്ള റെയിൽവേ ജീവനക്കാരെ കണ്ട് ടിക്കറ്റ് റദ്ദാക്കുകയോ ബദൽ മാർഗങ്ങൾ തേടുകയോ ചെയ്യാം.

ബോർഡിങ് സ്റ്റേഷൻ മാറ്റാനുള്ള സൗകര്യം യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ നിശ്ചയിച്ച സ്റ്റേഷനിൽ എത്താൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടാൽ ബോർഡിങ് സ്റ്റേഷൻ മാറ്റാൻ റെയിൽവേ ഇപ്പോൾ സൗകര്യമൊരുക്കുന്നുണ്ട്. കൺഫേംഡ് അല്ലെങ്കിൽ ആർഎസി ടിക്കറ്റുള്ളവർക്ക് ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ഐആർസിടിസി ആപ്പ് വഴിയോ പിആർഎസ് കൗണ്ടറുകൾ വഴിയോ ബോർഡിങ് സ്റ്റേഷൻ മാറ്റാൻ അപേക്ഷിക്കാം. എന്തായാലും ഫ്ലൈറ്റിൽ കയറാൻ പോകുന്നതുപോലെ കൃത്യമായ പ്ലാനിങ്ങോടെ വന്ദേഭാരതിൽ യാത്ര ചെയ്യുന്നത് തന്നെയാണ് ഏറ്റവും സുരക്ഷിതം. ട്രെയിൻ പുറപ്പെടുന്നതിന് കുറഞ്ഞത് 20 മുതൽ 30 മിനിറ്റ് മുൻപെങ്കിലും സ്റ്റേഷനിൽ എത്താണ ശ്രദ്ധിക്കുക. പ്ലാറ്റ്‌ഫോമുകൾ അവസാന നിമിഷം മാറിയേക്കാമെന്നതിനാൽ അനൗൺസ്‌മെന്റുകൾ കൃത്യമായി ശ്രദ്ധിക്കണം. നിങ്ങളുടെ കോച്ച് ഏത് ഭാഗത്താണ് വരുന്നതെന്ന് മുൻകൂട്ടി മനസ്സിലാക്കി അവിടെത്തന്നെ കാത്തുനിൽക്കുന്നതും അവസാന നിമിഷത്തെ ഓട്ടവും സമ്മർദ്ദവും ഒഴിവാക്കാൻ സഹായിക്കും.


One India Malayalam 1 hour ago
Home Flash News