Select Location
All Locations
State
Region
City / District
രാമക്ഷേത്ര ഭണ്ഡാര തട്ടിപ്പ്; ഒരു മുസ്ലീമാണ് പ്രതിയെങ്കില്‍ അവര്‍ വെടിവെച്ച് കൊന്നേനെ; പരിഹസിച്ച് ഒവൈസി

രാമക്ഷേത്ര ഭണ്ഡാര തട്ടിപ്പ്; ഒരു മുസ്ലീമാണ് പ്രതിയെങ്കില്‍ അവര്‍ വെടിവെച്ച് കൊന്നേനെ; പരിഹസിച്ച് ഒവൈസി

രാമക്ഷേത്ര സംഭാവനാ തട്ടിപ്പില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. കേസിലെ അന്വേഷണം അത്യന്തം മന്ദഗതിയിലാണ് നടക്കുന്നതെന്നും ഉന്നതരായ പ്രതികളെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലും പൊലീസ് മടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജ്നോറില്‍ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ഒവൈസിയുടെ വിമര്‍ശനം.

സംഭാവന തട്ടിപ്പ് കേസില്‍ പ്രതിസ്ഥാനത്ത് ഉള്ളത് ഒരു മുസ്ലിം വ്യക്തിയായിരുന്നെങ്കില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നിലപാട് എന്താകുമായിരുന്നു എന്ന് ഒവൈസി ചോദിച്ചു. പ്രതി ഒരു മുസ്ലിം ആയിരുന്നെങ്കില്‍ ഇതിനോടകം തന്നെ അയാളെ വ്യാജ ഏറ്റുമുട്ടലില്‍ വെടിവച്ചു കൊല്ലുകയോ അയാളുടെ വീട് ബുള്‍ഡോസര്‍ ഉരുട്ടി നിരത്തുകയോ ചെയ്യുമായിരുന്നുവെന്ന് ഒവൈസി പറഞ്ഞു.

'അവര്‍ ഈ ക്ഷേത്ര ട്രസ്റ്റില്‍ ഏതെങ്കിലും ഒരു മുസ്ലിമിനെ ഉള്‍പ്പെടുത്തണമായിരുന്നു. എങ്കില്‍ ആ വ്യക്തിയെ ഒരൊറ്റ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തിയും അയാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയും ഈ കേസ് അവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍ നിലവിലെ അവസ്ഥ അതല്ല, ഇതിലെ യഥാര്‍ത്ഥ പ്രതികള്‍ പുറത്ത് സസുഖം ജീവിതം ആസ്വദിക്കുകയാണ്,' ഒവൈസി പറഞ്ഞു. അടുത്തിടെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും രാജിവെച്ച മുതിര്‍ന്ന വിഎച്ച്പി നേതാവ് ചമ്പത് റായിക്കെതിരെയും ഒവൈസി രൂക്ഷമായ പരിഹാസം ഉയര്‍ത്തി. ട്രസ്റ്റില്‍ നിന്നും രാജി വെച്ചതിലൂടെ തട്ടിപ്പില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുന്ന ചമ്പത് റായ് ഇപ്പോള്‍ എല്ലാവിധ സുഖസൗകര്യങ്ങളോടെയുമാണ് കഴിയുന്നതെന്ന് ഒവൈസി കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തില്‍ കേസന്വേഷണം വെറുമൊരു പ്രഹസനമായി മാറുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടന്നതിന് ശേഷമുള്ള മാസങ്ങളിലാണ് ഭക്തര്‍ സമര്‍പ്പിച്ച കാണിക്കപ്പണത്തില്‍ വലിയ തോതിലുള്ള അട്ടിമറിയും ചോര്‍ച്ചയും ഉണ്ടായതായി കണ്ടെത്തിയത്. വിവിധ ഭണ്ഡാരങ്ങളില്‍ നിന്നും വന്‍തോതില്‍ പണം തട്ടിയെടുക്കാന്‍ സംഘടിതമായ ചില നീക്കങ്ങള്‍ നടന്നതായാണ് അന്വേഷണസംഘം പറയുന്നത്. പണം എണ്ണുന്നതിലും അത് സുരക്ഷിതമായി ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിലും ബോധപൂര്‍വമായ കൃത്രിമം നടന്നിട്ടുണ്ട്. പല ഘട്ടങ്ങളിലായി ഏതാണ്ട് ഏഴ് കോടിയോളം രൂപ ഇങ്ങനെ വകമാറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സംഭവം വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നതോടെ അയോധ്യ പൊലീസ് എസ്‌ഐടി രൂപീകരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയുകയും അന്വേഷണവുമായി മുന്നോട്ട് പോവുകയുമായിരുന്നു.

പണം എണ്ണുന്നതിനും മറ്റ് ബാങ്ക് ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനുമായി നിയമിക്കപ്പെട്ട എട്ടുപേരെയാണ് ഇതുവരെ പൊലീസിന് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുള്ളത്. കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കര്‍ യാദവ് എന്നിവരാണ് പിടിയിലായ എട്ട് പ്രതികള്‍. ഇവരെ പ്രത്യേക അഴിമതി വിരുദ്ധ കോടതിക്ക് മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാക്കിയ ശേഷമാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. റെയ്ഡുകളില്‍ നിന്നും ചോദ്യം ചെയ്യലില്‍ നിന്നുമായി ഇവരുടെ പക്കല്‍ നിന്നും ഇതുവരെ ഏകദേശം 80 ലക്ഷം രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ വിവാദങ്ങള്‍ക്കിടയിലാണ് മുന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിലേക്ക് അന്വേഷണം നീണ്ടത്. കഴിഞ്ഞ ദിവസം എസ്‌ഐടി ചമ്പത് റായിയെ തുടര്‍ച്ചയായി രണ്ട് മണിക്കൂറോളം സമയമാണ് ചോദ്യം ചെയ്തത്. സംഭാവനപ്പെട്ടിയില്‍ വീഴുന്ന പണം ശേഖരിക്കുന്നത് മുതല്‍ അത് ട്രസ്റ്റിന്റെ ഒദ്യോഗിക അക്കൗണ്ടുകളില്‍ സൂക്ഷിക്കുന്നതുവരെയുള്ള എല്ലാ തലങ്ങളിലെയും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വിവരം ശേഖരിക്കാനായിരുന്നു ഈ ചോദ്യം ചെയ്യല്‍.


One India Malayalam 1 hour ago
Home Flash News