അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ആറ് ദിവസം നീളും; മകൻ മൊജ്തബ വിട്ടുനിന്നേക്കും
മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലുള്ള കടുത്ത സുരക്ഷാ ആശങ്കകൾ കാരണം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഔദ്യോഗിക സംസ്കാര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനയി പരസ്യമായി പ്രത്യക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഇന്ത്യയിലെ പരമോന്നത നേതാവിന്റെ പ്രതിനിധിയായ ആയത്തുള്ള ഹക്കീം ഇലാഹി വ്യക്തമാക്കി.
മൊജ്തബ ഖമനയിക്ക് വ്യക്തിപരമായി ചടങ്ങിൽ പങ്കെടുക്കാനും അനുശോചനം അറിയിക്കാൻ എത്തുന്നവരെ നേരിൽ കാണാനും ആഗ്രഹമുണ്ടെങ്കിലും, സുരക്ഷാ കാരണങ്ങളാൽ അതിനുള്ള സാധ്യത വളരെ കുറവാണെന്ന് ഇലാഹി പറഞ്ഞു. ആറ് ദിവസം നീണ്ടുനിൽക്കുന്ന സംസ്കാര ചടങ്ങുകളിൽ, ജൂലൈ 7ന് തെഹ്‌റാനിന് തെക്കുള്ള വിശുദ്ധ നഗരമായ കോമിൽ നടക്കുന്ന ചടങ്ങുകളും രാജ്യത്തുടനീളമുള്ള മറ്റ് മതപരമായ ചടങ്ങുകളും ഉൾപ്പെടുന്നു.
മൊജ്തബ ഖമനയി എന്തുകൊണ്ടാണ് പരസ്യമായി പ്രത്യക്ഷപ്പെടാത്തത്? അനുയായികളെ നേരിട്ട് കാണാൻ മൊജ്തബ ഖമനയി അതീവ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ ഏജൻസികൾ അതിനെതിരെ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഇലാഹി പറഞ്ഞു.
"അത് വളരെ അപകടം നിറഞ്ഞതാണെന്നും അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നുമാണ് അവർ പറഞ്ഞത്. അദ്ദേഹം പുറത്തുവരുമെന്ന് ഞാൻ കരുതുന്നില്ല," ഇന്ത്യ ടുഡേയോട് സംസാരിക്കവേ ഇലാഹി പറഞ്ഞു. സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ശക്തമായി തുടരുന്ന സാഹചര്യത്തിലെ ഭീഷണികളാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ എന്തൊക്കെയാണ്? അപകടസാധ്യത വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ഇറാന്റെ നേതൃനിരയിലുള്ള പ്രമുഖ വ്യക്തികൾക്ക് കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഇലാഹി പറഞ്ഞു. മേഖലയിലെ കടുത്ത ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ഇറാന്റെ നേതൃത്വം ഇപ്പോൾ ഉയർന്ന തോതിലുള്ള സുരക്ഷാ ഭീഷണിയിലാണ് പ്രവർത്തിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. സുരക്ഷ ഉറപ്പാക്കാൻ സാധിക്കാത്തതാണ് പ്രമുഖ വ്യക്തികളുടെ പരസ്യമായ ഇടപെടലുകൾ പരിമിതപ്പെടുത്താൻ കാരണമായ നിർണായക ഘടകമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പരമോന്നത നേതാവിന്റെ മരണശേഷം ഇറാനിലെ അവസ്ഥ എന്താണ്? ആയത്തുള്ള അലി ഖമനയിയുടെ വേർപാടിനെത്തുടർന്ന് രാജ്യം കടുത്ത ദുഃഖത്തിലാണെന്ന് ഇലാഹി വിവരിച്ചു. ഈ നഷ്ടം വൈകാരികമായും ആത്മീയമായും ജനങ്ങളെ ആകെ ഉലച്ചിരിക്കുകയാണെന്ന് അനുയായികൾ കരുതുന്നു. "അവർക്ക് ഇത് വളരെ വലിയൊരു നഷ്ടമാണ്. തങ്ങളുടെ ആത്മാവാണ് നഷ്ടപ്പെട്ടതെന്നാണ് അവർ കരുതുന്നത്. അദ്ദേഹത്തിന് പകരം വെയ്ക്കാൻ മറ്റൊന്നിനും കഴിയില്ലെന്ന് അവർ വിശ്വസിക്കുന്നു," ഇറാനിൽ നിന്നും വിദേശത്തു നിന്നുമുള്ള ജനങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കാൻ തെഹ്‌റാനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്കാര ചടങ്ങിൽ ആരൊക്കെയാണ് പങ്കെടുക്കുന്നത്? ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ തെഹ്‌റാനിൽ നടക്കുന്ന ഔദ്യോഗിക സംസ്കാര ചടങ്ങുകളിൽ പതിനായിരക്കണക്കിന് ദുഃഖിതരും അന്താരാഷ്ട്ര പ്രമുഖരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പ്രാദേശിക അസ്ഥിരതകൾക്കിടയിൽ നടക്കുന്നതിനാൽ ലോകമെമ്പാടും ഈ ചടങ്ങിനെ അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഇസ്രായേലുമായി ഉണ്ടായേക്കാവുന്ന കൂടുതൽ സംഘർഷങ്ങളെക്കുറിച്ചുള്ള ആശങ്കകളെ പരാമർശിച്ച ഇലാഹി, സമീപകാലത്തുണ്ടായ പ്രതിസന്ധികൾക്കിടയിലും ഇറാൻ ശക്തമായിത്തന്നെ നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കി.
"ഇറാൻ ഇപ്പോഴും വളരെ ശക്തമാണ്, നേരിടാൻ സന്നദ്ധവുമാണ്," ചില രാജ്യങ്ങൾ ഇറാന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.