Select Location
All Locations
State
Region
City / District
സൗദി അറേബ്യ കുതിച്ചുകയറി; പരമാവധി ലാഭം കൊയ്യുന്നു, ഇറാഖ് വഴി അടുത്ത പണി വരുന്നുണ്ട്

സൗദി അറേബ്യ കുതിച്ചുകയറി; പരമാവധി ലാഭം കൊയ്യുന്നു, ഇറാഖ് വഴി അടുത്ത പണി വരുന്നുണ്ട്

റിയാദ്: ഹോര്‍മുസ് പാത തുറന്ന പിന്നാലെ സൗദി അറേബ്യ ക്രൂഡ് ഓയില്‍ കയറ്റുമതി ഇരട്ടിയാക്കി. അമേരിക്കയും ഇറാനും തമ്മില്‍ കരാര്‍ ഒപ്പുവച്ച ജൂണ്‍ 17ന് ശേഷം 34 മില്യണ്‍ ബാരല്‍ എണ്ണയാണ് ഹോര്‍മുസ് വഴി സൗദി കയറ്റുമതി ചെയ്തത്. മാര്‍ച്ച് മുതല്‍ ജൂണ്‍ 17 വരെ കയറ്റുമതി ചെയ്തതിന്റെ ഇരട്ടിയില്‍ അധികമാണിത് എന്ന് കെപ്ലര്‍ ഡാറ്റ വ്യക്തമാക്കുന്നു.

യുദ്ധം തുടങ്ങിയ വേളയില്‍ ഹോര്‍മുസ് വഴിയുള്ള സൗദിയുടെ എണ്ണ കയറ്റുമതി അസാധ്യമായിരുന്നു. തുടര്‍ന്ന് യാമ്പു തുറമുഖത്തേക്ക് പൈപ്പ് ലൈന്‍ വഴി എണ്ണ എത്തിച്ച് ചെങ്കടലിലൂടെയാണ് കയറ്റുമതി ചെയ്തിരുന്നത്. മാത്രമല്ല, പ്രധാന എണ്ണ ശുദ്ധീകരണ കേന്ദ്രം സൗദി അറേബ്യ ഇടക്കാലത്ത് അടച്ചിടുകയും ചെയ്തിരുന്നു. എല്ലാ പ്രതിസന്ധികളും പരിഹരിക്കപ്പെട്ടതോടെ അതിവേഗം തിരിച്ചെത്തുകയാണ് സൗദി. അതേസമയം, മറ്റൊരു തിരിച്ചടി സൗദിയെ കാത്തിരിക്കുന്നുണ്ട്.

സൗദി അറേബ്യ മാത്രമല്ല, കുവൈത്തും ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിപ്പിച്ചു. ജൂണില്‍ ഓരോ ദിവസവും 1.65 മില്യണ്‍ ബാരല്‍ ആണ് കുവൈത്തിന്റെ ഉല്‍പ്പാദനം. മെയ് മാസത്തിലെ ഉല്‍പ്പാദനം 5.8 ലക്ഷം മാത്രമായിരുന്നു. അമേരിക്കയും ഇറാനും സമാധാന കരാറിലേക്ക് കടന്നതോടെയാണ് കുവൈത്ത് ഉല്‍പ്പാദനം കൂട്ടിയതും ഹോര്‍മുസ് വഴി കൂടുതല്‍ കയറ്റുമതി ചെയ്യുന്നതും.

സൗദി അറേബ്യയും കുവൈത്തും ഒപെക് അംഗ രാജ്യങ്ങളാണ്. യുഎഇ മെയ് ഒന്നിന് ഒപെകില്‍ നിന്ന് രാജിവച്ചിരുന്നു. സമാനമായ നീക്കത്തിന് ഇറാഖ് ഒരുങ്ങുന്നു എന്നാണ് പുതിയ വിവരം. ഈ മാസം സുപ്രധാന തീരുമാനം ഇറാഖ് പ്രഖ്യാപിക്കും. അമേരിക്കയുടെ പിന്തുണയോടെയാണ് ഇറാഖിന്റെ നീക്കം എന്നാണ് വിവരം. ഇറാഖ് ഒപെകില്‍ നിന്ന് രാജിവെച്ചാല്‍ സൗദി അറേബ്യയ്ക്ക് വന്‍ തിരിച്ചടിയാകും.

ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത യുഎഇ ഒപെക് വിട്ട പിന്നാലെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി കുത്തനെ കൂട്ടിയിരിക്കുകയാണ് യുഎഇ. ഒപെക് കൂട്ടായ്മയുടെ ഭാഗമായിരുന്ന വേളയില്‍ ഓരോ രാജ്യത്തിനും ഉല്‍പ്പാദനത്തിനും കയറ്റുമതിക്കും ക്വാട്ട നിശ്ചയിച്ചിരുന്നു. യുഎഇക്ക് ഇപ്പോള്‍ ഈ നിയന്ത്രണമില്ല. ഇറാഖും സമാനമായ നീക്കത്തിന് ഒരുങ്ങുകയാണ്. അങ്ങനെ സംഭവിച്ചാല്‍ ഒപെക് കൂട്ടായ്മയില്‍ പ്രധാന രാജ്യം സൗദി അറേബ്യ മാത്രമായി ചുരുങ്ങും. 

അതോടെ ഒപെകിന്റെ പ്രസക്തി നഷ്ടപ്പെടും. ഇറാഖ് വന്‍ തോതില്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ആരംഭിച്ചാല്‍ വിപണിയില്‍ ലഭ്യത വര്‍ധിക്കുകയും ക്രൂഡ് ഓയില്‍ വില കുറയുകയും ചെയ്യും. ഇതാണ് അമേരിക്കയും ഇന്ത്യയും ആവശ്യപ്പെടുന്നത്. ഇറാഖിന്റെ നീക്കം ഇന്ത്യയ്ക്ക് നേട്ടമാകും. യുദ്ധ വേളയില്‍ ബാരലിന് 120 ഡോളര്‍ വരെ ഉയര്‍ന്ന ക്രൂഡ് വില ഇപ്പോള്‍ 70 ഡോളറിലാണുള്ളത്. ഇറാഖിന്റെയും ഇറാന്റെയും ക്രൂഡ് ഓയില്‍ വിപണിയില്‍ എത്തുന്നതോടെ വില വീണ്ടും കുറയും. ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് ഇത് വലിയ നേട്ടമാകും. ഇന്ത്യയുടെ വ്യാപാര കമ്മി കുറയാന്‍ സഹായിക്കുന്ന നീക്കമാണിത്.


One India Malayalam 1 hour ago
Home Flash News