എണ്ണ വിതരണം കൂട്ടാന്‍ ഒപെക് പ്ലസ്.. ഇന്ത്യയ്ക്ക് ആശ്വാസം; എന്നാലും പെട്രോള്‍ വില കുറയില്ല, കാരണം!
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്ന പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തീരുമാനിച്ചു. വരുന്ന ആഗസ്റ്റ് മുതല്‍ പ്രതിദിനം 1.88 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ അധികമായി വിപണിയിലെത്തിക്കാനാണ് സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള സഖ്യം സമ്മതിച്ചിരിക്കുന്നത്.
കൊവിഡിന് ശേഷമുള്ള പ്രതിസന്ധികളും റഷ്യ-യുക്രെയ്ന്‍ യുദ്ധവും മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി നടപ്പിലാക്കി വന്ന ഉത്പാദന നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്താക്കളും ഇറക്കുമതിക്കാരുമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ഏറെ നിര്‍ണായകമാണ്.
പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രായേലും തമ്മിലുണ്ടായ സംഘര്‍ഷം മൂലം മുന്‍പ് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമായതോടെ ആഗോള തലത്തില്‍ വില വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. വിപണിയില്‍ എണ്ണയുടെ ലഭ്യത കൂടുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് വലിയതോതില്‍ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗോള എണ്ണ വിപണിയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉണ്ടായ പ്രധാന മാറ്റങ്ങളാണ് ഒപെക് പ്ലസ് രാജ്യങ്ങളെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. അതില്‍ ഏറ്റവും പ്രധാനം പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കുറഞ്ഞതാണ്. ഇറാനും ഇസ്രായേലും തമ്മില്‍ നേരിട്ടുള്ള ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് പോയിരുന്നു
എന്നാല്‍ പിന്നീട് താല്‍ക്കാലിക വെടിനിര്‍ത്തല്‍ ചര്‍ച്ചകളും മറ്റും വഴി മേഖലയിലെ സമാധാന അന്തരീക്ഷം മെച്ചപ്പെടുകയും സുപ്രധാന കപ്പല്‍പ്പാതകളിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. മറ്റൊരു പ്രധാന കാരണം വിപണിയിലെ ആവശ്യകതയില്‍ അനുഭവപ്പെടുന്ന മന്ദഗതിയാണ്. ചൈന പോലെയുള്ള വന്‍കിട സമ്പദ്വ്യവസ്ഥകളില്‍ സാമ്പത്തിക വീണ്ടെടുപ്പ് പ്രതീക്ഷിച്ചത്ര വേഗത്തിലാകാത്തത് എണ്ണയോടുള്ള ആഗോള താല്പര്യം കുറച്ചു. ആവശ്യക്കാര്‍ കുറയുകയും എന്നാല്‍ ഉത്പാദനം തുടരുകയും ചെയ്യുന്നത് സ്വാഭാവികമായും ക്രൂഡ് ഓയില്‍ വില താഴേക്ക് കൊണ്ടുവരും. വിപണിയില്‍ വില ക്രമാതീതമായി ഇടിയാതിരിക്കാന്‍ മുന്‍പ് ഉത്പാദനം കുറച്ചിരുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ വിപണി വിഹിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ദീര്‍ഘകാലമായി തുടരുന്ന ഉത്പാദന നിയന്ത്രണം കാരണം അമേരിക്ക, ബ്രസീല്‍, ഗയാന തുടങ്ങിയ മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങളിലേക്ക് ഉപഭോക്താക്കള്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു