Select Location
All Locations
State
Region
City / District
പൊതുപരിപാടിയിൽ മുജ്തബ ഖമനയി നാളെ പങ്കെടുക്കും?; സമയവും സ്ഥലവും പുറത്തുവിട്ടു

പൊതുപരിപാടിയിൽ മുജ്തബ ഖമനയി നാളെ പങ്കെടുക്കും?; സമയവും സ്ഥലവും പുറത്തുവിട്ടു

ടെഹ്റാൻ∙ അമേരിക്ക–ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ പരുക്കേറ്റതിനെ തുടർന്ന് പരസ്യമായി പ്രത്യക്ഷപ്പെടാത്ത ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി നാളെ ടെഹ്റാനിൽ നടക്കുന്ന പിതാവ് ആയത്തുല്ല അലി ഖമനയിയുടെ അനുസ്മരണച്ചടങ്ങിൽ ആദ്യമായി പൊതുജനങ്ങൾക്കു മുന്നിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇറാനിയൻ സർക്കാർ വാർത്താ ഏജൻസിയായ ഐആർഎൻഎയാണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 28-ന് അമേരിക്ക–ഇസ്രയേൽ ആക്രമണത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ അനുസ്മരണച്ചടങ്ങ് ജൂലൈ 14ന് ടെഹ്റാനിലെ മൊസല്ലയിൽ നടക്കും. നിലവിലെ പരമോന്നത നേതാവ് ‘ആയത്തുല്ല സയ്യിദ് മുജ്തബ ഖമനയി’യുടെ പേരിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ഐആർഎൻഎ അറിയിച്ചു.

മുജ്തബ ഖമനയി പിതാവിന്റെ സംസ്കാരച്ചടങ്ങുകളിലും പൊതുദർശനത്തിലും പങ്കെടുത്തിരുന്നില്ല. കഴിഞ്ഞയാഴ്ച നടന്ന സംസ്കാരത്തിനും പൊതുദർശനത്തിനും മുജ്തബയുടെ സഹോദരങ്ങളായ മൊസ്തഫ, മെയ്‌സം, മസൂദ് ഖമനയിമാരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. അതോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെയും സുരക്ഷയെയും കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

അനുസ്മരണച്ചടങ്ങിൽ മുജ്തബ ഖമനയി നേരിട്ടെത്തുകയാണെങ്കിൽ, പരമോന്നത നേതാവായി ചുമതലയേറ്റശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പൊതുപരിപാടിയായിരിക്കും അത്. അദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ചടങ്ങുമായി ബന്ധപ്പെട്ട ഐആർഎൻഎയുടെ അറിയിപ്പ് രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.


Manorama News 1 hour ago
Home Flash News