Select Location
All Locations
State
Region
City / District
സൗദി അറേബ്യ പുതിയ പോര്‍മുഖം തുറന്നു; അബഹ ലക്ഷ്യമിട്ട് മിസൈല്‍, ട്രംപിനെ വിളിച്ച് ബിന്‍ സല്‍മാന്‍

സൗദി അറേബ്യ പുതിയ പോര്‍മുഖം തുറന്നു; അബഹ ലക്ഷ്യമിട്ട് മിസൈല്‍, ട്രംപിനെ വിളിച്ച് ബിന്‍ സല്‍മാന്‍

റിയാദ്: ഇറാന്‍ അമേരിക്ക യുദ്ധത്തിനിടെ സൗദി അറേബ്യ പുതിയ പോര്‍മുഖം തുറന്നു. യമനിലെ ഹൂത്തികളെ ലക്ഷ്യമിട്ട് സൗദി മിസൈലാക്രമണം നടത്തി. സൗദിയിലെ അബഹ വിമാനത്താവളത്തിലേക്ക് ഹൂത്തികളുടെ പ്രത്യാക്രമണം തൊട്ടുപിന്നാലെയുണ്ടായി. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹായം തേടി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ട്രംപ് പിന്തുണ പ്രഖ്യാപിച്ചു എന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയും യമനിലെ ഹൂത്തി വിമതരും വര്‍ഷങ്ങളോളം യുദ്ധം ചെയ്തിരുന്നു. 2022ല്‍ ഒമാന്റെയും യുഎന്നിന്റെയും മധ്യസ്ഥതയില്‍ സമാധാന കരാറുണ്ടാക്കി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എങ്കിലും ഇടയ്ക്കിടെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങിനിടെ നടന്ന വിമാന യാത്രയാണ് പുതിയ സംഭവങ്ങള്‍ക്ക് കാരണം.

അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗത്തു നിന്നും പ്രതിനിധികള്‍ എത്തിയിരുന്നു. യമനില്‍ നിന്ന് ഹൂത്തികളുടെ നേതാക്കളും വന്നു. ഇവര്‍ തിരിച്ചു യമനിലേക്ക് വന്നത് ഇറാന്റെ മഹന്‍ വിമാനത്തിലാണ്. ഇത് സൗദിയും ഹൂത്തികളും ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ് എന്ന് സൗദി ആരോപിക്കുന്നു.

2014ലാണ് യമനിലെ ഹൂത്തികള്‍ രാജ്യത്തിന്റെ വലിയൊരു ഭാഗം നിയന്ത്രണത്തിലാക്കിയത്. തലസ്ഥാനമായ സന്‍ആയും ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഇറാന്റെ പിന്തുണ ഹൂത്തികള്‍ക്കുണ്ട്. സന്‍ആ വിമാനത്താനവളത്തിനെതിരെ സൗദിയുടെ ഉപരോധം നിലനില്‍ക്കുകയാണ്. ഈ ഉപരോധം മറികടന്നാണ് ഇറാനില്‍ നിന്ന് ഹൂത്തി നേതാക്കളുമായി വിമാനം സന്‍ആ വിമാനത്താവളത്തില്‍ എത്തിയത്.

ഈ വിമാനത്തില്‍ ആയുധങ്ങളും എത്തിച്ചിട്ടുണ്ടാകുമെന്നാണ് സൗദിയുടെ ആരോപണം. ഇറാന്റെ വിമാനം യമനിലേക്ക് വരുന്ന വഴി സൗദി സേന ആക്രമിച്ചിരുന്നു. എന്നാല്‍ ഹൂത്തികള്‍ ശക്തമായ പ്രതിരോധം തീര്‍ത്തു. തിരിച്ചുപോകുന്ന വേളയിലും സൗദി സേന ആക്രമിച്ചു. ഇതോടെ വിമാനം യമനിലെ ഹുദൈദയില്‍ ഇറക്കി. സന്‍ആ വിമാനത്താവളത്തിലും സൗദി സേന ആക്രമണം നടത്തി. ഈ സംഭവത്തെ തുടര്‍ന്നാണ് ഹൂത്തികള്‍ അബഹ വിമാനത്താവളത്തിലേക്ക് മിസൈല്‍ തൊടുത്തുവിട്ടത്. സൗദിയിലൂടെ പോകുന്ന എല്ലാ വിമാനങ്ങളും ആക്രമിക്കുമെന്നാണ് ഹൂത്തികളുടെ മുന്നറിയിപ്പ്. യമനെതിരായ ഉപരോധം പിന്‍വലിക്കുംവരെ ആക്രമണം തുടരുമെന്നും അവര്‍ പറയുന്നു. ബാബുല്‍ മന്ദിബ് കടലിടുക്ക് അടയ്ക്കുമെന്നും ഹൂത്തികള്‍ ഭീഷണി മുഴക്കി. ഇതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ഇറാന്‍ ഹോര്‍മുസും ഹൂത്തികള്‍ ബാബുല്‍ മന്ദിബും അടച്ചാല്‍ ലോകത്തെ കടല്‍ ചരക്കു ഗതാഗതം പകുതിയോളം സ്തംഭിക്കും. ഇത് ക്രൂഡ് ഓയില്‍ വില കുത്തനെ വര്‍ധിക്കാന്‍ കാരണമാകും. ഈ സാഹചര്യത്തില്‍ കൂടിയാണ് സൗദി അറേബ്യ അമേരിക്കയുടെ സഹായം തേടിയതും അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതും.


One India Malayalam 1 hour ago
Home Flash News