Select Location
All Locations
State
Region
City / District
ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സർവകലാശാല കർണാടകയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ നടന്ന ‘ഗൂഗിൾ ഐ/ഒ കണക്റ്റ് ഇന്ത്യ സമ്മേളനം 2026 ‘ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ബെംഗളൂരു ആസ്ഥാനമാക്കി ലോകോത്തര നിലവാരത്തിലുള്ള ഏകദേശം 100 ഏക്കർ ക്യാമ്പസിൽ സർവകലാശാല സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ കലബുറഗി, ബെളഗാവി, ഹുബ്ബള്ളി-ധാർവാഡ്, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ പ്രാദേശിക ക്യാമ്പസുകളും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർവകലാശാലയുടെ ഭാഗമായി ഒരു എ.ഐ. ഹബ് കൂടി സ്ഥാപിക്കും. സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഗവേഷണവും നവീകരണവും നടത്തുന്നതിനുള്ള ഇൻക്യുബേഷൻ കേന്ദ്രമായിരിക്കും ഇത്. ലോകോത്തര എ.ഐ. വിദഗ്ധരെ വളർത്തിയെടുക്കുക, ഗവേഷണം പ്രോത്സാഹിപ്പിക്കുക, സർവകലാശാലകൾ, വ്യവസായം, സർക്കാർ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

പരിപാടിയിൽ സംസാരിച്ച മുഖ്യമന്ത്രി, ഇന്ത്യയുടെ സോഫ്റ്റ്‌വെയർ കയറ്റുമതിയുടെ ഏകദേശം 40 ശതമാനവും കർണാടകയിൽ നിന്നാണ് വരുന്നതെന്നും, 17,000-ത്തിലധികം സ്റ്റാർട്ടപ്പുകളുടെ ആസ്ഥാനമാണ് ബെംഗളൂരു എന്നും പറഞ്ഞു. ഈ ശക്തമായ സാങ്കേതിക അടിസ്ഥാനത്തെ പ്രയോജനപ്പെടുത്തി കർണാടകയെ ഉത്തരവാദിത്തമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിന്റെ ആഗോള കേന്ദ്രമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാല സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി, നിയമനടപടികൾ, അക്കാദമിക് ഘടന, പ്രവേശന മാനദണ്ഡങ്ങൾ എന്നിവ പിന്നീട് പ്രഖ്യാപിക്കുമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ ഇത് ഒരു നയപ്രഖ്യാപനമാണ്; സർവകലാശാലയുടെ സ്ഥാപനം സംബന്ധിച്ച വിശദാംശങ്ങൾ വരും മാസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.


Janmabhumi 1 hour ago
Home Flash News