കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിന് പോകാൻ പ്രത്യേക ട്രെയിൻ വാടകയ്ക്കെടുത്ത് സിപിഐ; 9 ലക്ഷം രൂപ അഡ്വാൻസ് നൽകി
കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ മാർച്ചിനായി പ്രത്യേക ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ സംസ്ഥാന നേതൃത്വം. 18 കോച്ചുകളുള്ള ഒരു ട്രെയിൻ പൂർണമായും വാടകയ്ക്കെടുക്കാനാണ് പാർട്ടി സംസ്ഥാന നേതൃയോഗങ്ങളിൽ തീരുമാനമായത്. ഇതിനായുള്ള പ്രാഥമിക ബുക്കിങ് തുകയായ 9 ലക്ഷം രൂപ പാർട്ടി റെയിൽവേയ്ക്ക് അഡ്വാൻസായി കൈമാറിക്കഴിഞ്ഞു.
കേരളത്തിൽ നിന്ന് ഒരു രാഷ്ട്രീയ പാർട്ടി തങ്ങളുടെ പ്രവർത്തകർക്ക് മാത്രമായി ഒരു ട്രെയിൻ ബുക്ക് ചെയ്ത് ഡൽഹിക്ക് യാത്ര തിരിക്കുന്നത് ഇതാദ്യമായാണ്. സെപ്റ്റംബർ 1നാണ് സിപിഐയുടെ ദേശീയതല പ്രതിഷേധ പരിപാടി ഡൽഹിയിൽ നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് ആയിരത്തഞ്ഞൂറോളം പാർട്ടി പ്രവർത്തകരാണ് ഈ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുക. ഇത്രയും പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാനുള്ള സൗകര്യം മുൻനിർത്തിയാണ് പ്രത്യേക ട്രെയിൻ എന്ന തീരുമാനത്തിലേക്ക് പാർട്ടി എത്തിയത്.
ഓഗസ്റ്റ് 29ന് തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ഈ പ്രത്യേക ട്രെയിൻ ഓഗസ്റ്റ് 31ഓടെ ഡൽഹിയിലെത്തും. സെപ്റ്റംബർ 1-ലെ പ്രതിഷേധത്തിന് ശേഷം, സെപ്റ്റംബർ 2-ന് ഡൽഹിയിൽ നിന്ന് തിരിച്ച് പുറപ്പെട്ട് സെപ്റ്റംബർ 4ന് ട്രെയിൻ തിരുവനന്തപുരത്ത് മടങ്ങിയെത്തും.
റെയിൽവേയുടെ അധിക വരുമാന മാർഗങ്ങളിലൊന്നായ 'സ്പെഷ്യൽ ട്രെയിൻ' വ്യവസ്ഥയിലാണ് ഈ ബുക്കിങ്. യാത്രക്കാരുടെ എണ്ണം, റൂട്ട്, അനുവദിക്കേണ്ട സ്റ്റോപ്പുകൾ, യാത്രാ സമയം എന്നിവ കണക്കാക്കിയാണ് റെയിൽവേ ഇതിന്റെ അന്തിമ വാടക നിശ്ചയിക്കുക. ആകെ ചെലവ് എത്രയാകുമെന്ന കാര്യത്തിൽ റെയിൽവേയിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണ് പാർട്ടി.