നജാദ് മൊസാദ് ചാരന്‍? ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, ഇറാനില്‍ വന്‍ അട്ടിമറിക്ക് ഇസ്രായേല്‍, ഒടുവില്‍ കുരുക്ക്
അമേരിക്കന്‍ വിരുദ്ധ പ്രസ്താവനകള്‍ കൊണ്ട് ഒരു കാലത്ത് മാധ്യമങ്ങളില്‍ നിറസാന്നിധ്യമായിരുന്നു ഇറാന്‍ മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നജാദ്. ഇസ്രായേലിനും അമേരിക്കക്കും എതിരെ അദ്ദേഹം നടത്തുന്ന പ്രതികരണങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയാകാറുണ്ട്. ഇറാനിലെ ധീരനായ നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ നജാദിനെ വാഴ്ത്തിയിരുന്നത്.
എന്നാല്‍ ഇതേ നജാദിനെ തങ്ങളുടെ ഭാഗത്തേക്ക് മാറ്റാന്‍ ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് ശ്രമം നടത്തി എന്നാണ് പുതിയ റിപ്പോര്‍ട്ട്. അമേരിക്കയിലെയും ഇറാനിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. നജാദിനെ കൂടെ നിര്‍ത്തി ഇറാനില്‍ അട്ടിമറി നടത്തി പുതിയ ഭരണം കൊണ്ടുവരികയായിരുന്നുവത്രെ ഇസ്രായേലിന്റെ ലക്ഷ്യം.
ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഒരു സര്‍വകലാശാലയുടെ പരിപാടിക്ക് നജാദിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇതൊരു മറയായിരുന്നു എന്നും ഇസ്രായേല്‍ ചാരന്മാര്‍ക്കും നജാദിനും തമ്മില്‍ കാണാന്‍ അവസരം ഒരുക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ലും 2025ലും നജാദ് ബുഡാപെസ്റ്റില്‍ വച്ച് ഇസ്രായേല്‍ ചാരന്മാരുമായി ചര്‍ച്ച നടത്തി. നജാദിന്റെ യാത്രാ, താമസ ചെലവ് ഇസ്രായേല്‍ ആയിരുന്നു വഹിച്ചിരുന്നതത്രെ.
നജാദുമായി ചര്‍ച്ച നടത്തുന്നതിന് മൊസാദ് മേധാവി ഡേവിഡ് ബെര്‍ണിയ ബുഡാപെസ്റ്റില്‍ എത്തിയിരുന്നു. നജാദുമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചു എന്ന് മൊസാദ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ അറിയിക്കുകയും ചെയ്തു. ഈ ബന്ധം മാസങ്ങളോളം നിലനിന്നു. ഇതോടൊപ്പം ഇറാനിലെ കുര്‍ദ് വിഭാഗത്തില്‍പ്പെട്ടവരുടെ പിന്തുണ നേടിയെടുക്കാനും മൊസാദ് ശ്രമിച്ചു.
നജാദ് ഇപ്പോള്‍ എവിടെയാണുള്ളത്?
രണ്ടു പദ്ധതിയും വിജയിച്ചാല്‍ ഇറാന്‍ ഭരണകൂടത്തെ അട്ടിമറിച്ച് നജാദിന്റെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ആക്രമണം നടത്തി പരമോന്നത നേതാവ് അലി ഖാംനഇയെയും കുടുംബത്തെയും കൊലപ്പെടുത്തിയത്. ഈ വേളയില്‍ നജാദ് താമസിക്കുന്ന സ്ഥലത്തും ഇസ്രായേല്‍ ആക്രമണം നടത്തി. നജാദ് കൊല്ലപ്പെട്ടു എന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തു. എന്നാല്‍ ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പാണ് നജാദിനെ രഹസ്യകേന്ദ്രത്തിലേക്ക് ഇസ്രായേല്‍ മാറ്റിയത്.
ഇസ്രായേലിന്റെ പദ്ധതിയില്‍ അസംതൃപ്തനായ നജാദ് ഈ കേന്ദ്രത്തില്‍ നിന്ന് ആരും അറിയാതെ പുറത്തുപോയി. പിന്നീട് അദ്ദേഹത്തെ കണ്ടത് കഴിഞ്ഞാഴ്ച നടന്ന അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങിലാണ്. നജാദ് ഇപ്പോള്‍ ഇറാനില്‍ വീട്ടുതടങ്കലിലാണ് എന്നും റിപ്പോര്‍ട്ടിലുണ്ട്. ഇറാന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം ഇദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.