നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍
ന്യൂദല്‍ഹി: നിതി ആയോഗിന്റെ നിക്ഷേപ സൗഹൃദ സൂചികയില്‍ കേരളം പിന്നില്‍. 28 സംസ്ഥാനങ്ങളെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി തയാറാക്കിയ പട്ടികയില്‍ കേരളം 17-ാമത്. വലിയ 17 സംസ്ഥാനങ്ങളുടെ സൂചികയില്‍ കേരളം 12-ാമത്. തൊഴില്‍ സമരങ്ങള്‍ വ്യവസായങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെയും പ്രതിച്ഛായയെയും ബാധിച്ചുവെന്നും വിലയിരുത്തല്‍. കേരളത്തിലേക്ക് എത്തിയത് രാജ്യത്തെ ആകെ വിദേശ നിക്ഷേപത്തിന്റെ 0.4 ശതമാനം മാത്രം. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്‌മയും നിക്ഷേപങ്ങള്‍ക്ക് തിരിച്ചടിയായി.
നിക്ഷേപങ്ങളെ ആകര്‍ഷിക്കാനുള്ള അടിസ്ഥാന സൗകര്യം, വ്യവസായ അന്തരീക്ഷം, സര്‍ക്കാര്‍ നയങ്ങള്‍, തുടങ്ങി എട്ട് മേഖലകള്‍ തിരിച്ചാണ് നിതി ആയോഗ് നിക്ഷേപ സൗഹൃദ പഠനം നടത്തിയത്. ഇതിലാണ് കേരളം 17-ാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 46.6 മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ച സ്‌കോര്‍. നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള സര്‍ക്കാര്‍ നയങ്ങള്‍ക്ക് 26 ശതമാനവും ബിസിനസ് അന്തരീക്ഷം ഒരുക്കുന്നതില്‍ 31 ശതമാവും സ്‌കോര്‍ മാത്രമാണ് കേരളത്തിനുള്ളത്. കൃഷി, ഭക്ഷ്യസംസ്‌കരണ മേഖലയില്‍ കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങളില്ലാത്തത് നിക്ഷേപ മേഖലയില്‍ വന്‍ നഷ്ടമുണ്ടാക്കുന്നുണ്ട്. ശരിയായ സംഭരണ സംവിധാനമില്ലാത്തതിനാല്‍ സംസ്ഥാനത്തെ ഉത്പാദനത്തിന്റെ 40 ശതമാനത്തോളവും നശിച്ചുപോകുന്നു. കോള്‍ഡ് സ്റ്റോറേജ്, വെയര്‍ഹൗസുകള്‍ അടിയന്തരമായി നിര്‍മിക്കണമെന്നും ഇതിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിലുള്ള ഉപയോഗിക്കാത്ത കെട്ടിടങ്ങള്‍ മാറ്റിയെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
തൊഴിലാളി പങ്കാളിത്തനിരക്ക് ദേശീയ ശരാശരി 47 ശതമാനം ഉള്ളപ്പോള്‍ കേരളത്തിലേത് 41 ശതമാനത്തിലൊതുങ്ങി. അനുയോജ്യമായ തൊഴിലവസരങ്ങള്‍ ഇല്ലാത്തതിനാല്‍ വിദഗ്ധരായ യുവാക്കളായ തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറേണ്ടി വരുന്നു. 196 മില്യണ്‍ ഡോളര്‍ (ദേശീയ കണക്കിന്റെ 0.4ശമാനം) വിദേശ നിക്ഷേപം മാത്രമാണ് കേരളത്തിന് ആകര്‍ഷിക്കാനായത്. വ്യവസായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ മൂലധനച്ചെലവ് ജിഎസ്ഡിപിയുടെ ആറ് ശതമാനത്തില്‍ ഒതുങ്ങി. പുതിയ പേറ്റന്റ് അപേക്ഷകള്‍ ഒരു ശതമാനം മാത്രമാണ്. ഇത് മറ്റ് വലിയ സംസ്ഥാനങ്ങളില്‍ 3.6 ശതമാനം വരെയുണ്ട്. ഐടി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാണെങ്കിലും ഐടി ഇതര, പരമ്പരാഗത വ്യവസായങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യ വികസനം വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.