Select Location
All Locations
State
Region
City / District
ദുബായ് വിമാനത്താവളം ലക്ഷ്യമിടാന്‍ ഇറാന്‍; കുവൈത്ത്, സൗദി അറേബ്യ വിമാനങ്ങള്‍ റദ്ദാക്കി യുഎഇ

ദുബായ് വിമാനത്താവളം ലക്ഷ്യമിടാന്‍ ഇറാന്‍; കുവൈത്ത്, സൗദി അറേബ്യ വിമാനങ്ങള്‍ റദ്ദാക്കി യുഎഇ

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കുമുള്ള സര്‍വീസ് റദ്ദാക്കി യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍. എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നീ വിമാനങ്ങള്‍ കുവൈത്തിലേക്കും സൗദിയിലേക്കുമുള്ള സര്‍വീസ് താല്‍ക്കാലികമായി റദ്ദാക്കിയതായി അറിയിച്ചു. ദുബായ്-കുവൈത്ത് സെക്ടറില്‍ എട്ട് സര്‍വീസുകളാണ് ഇന്ന് എമിറേറ്റ്‌സ് റദ്ദാക്കിയത്.

അബുദാബിയില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനം ഇന്നും നാളെയും റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു. കുവൈത്തിലേക്കുള്ള സര്‍വീസ് റദ്ദാക്കിയതായി എയര്‍ അറേബ്യയും പ്രസ്താവന ഇറക്കി. ഇറാനില്‍ നിന്നുള്ള ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുവെന്ന് കുവൈത്ത് എയര്‍വേയ്‌സ് അറിയിച്ചു.

ഷാര്‍ജയില്‍ നിന്ന് കുവൈത്തിലേക്കുള്ള ചില വിമാനങ്ങള്‍ റദ്ദാക്കി. തിരിച്ചുള്ള സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. എയര്‍ അറേബ്യയുടെ അബുദാബി-കുവൈത്ത് വിമാനവും റദ്ദാക്കി. ഇന്ന് മാത്രമല്ല, ചില വിമാനങ്ങള്‍ നാളെയും റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തിയ ശേഷമേ വിമാനത്താവളത്തില്‍ എത്താവൂ

സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിലേക്കുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ദുബായ്-അബഹ ഫ്‌ളൈ ദുബായ് വിമാനം യാത്ര തടസപ്പെട്ടു. ഷാര്‍ജ-അബഹ എയര്‍ അറേബ്യ വിമാനവും യാത്ര റദ്ദാക്കി. എന്നാല്‍, അബഹയുമായി ബന്ധിപ്പിച്ചുള്ള റിയാദ്, ജിദ്ദ, ദമ്മാം, മദീന, തബൂക്ക് തുടങ്ങിയ ആഭ്യന്തര സര്‍വീസുകള്‍ക്ക് തടസം നേരിട്ടിട്ടില്ല.

ദുബായ് വിമാനത്താവളത്തിന് ഇറാന്റെ ഭീഷണി

അമേരിക്കന്‍ സൈന്യം ഇറാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിച്ചാല്‍ സമാനമായ രീതിയില്‍ യുഎഇയില്‍ ആക്രമണം നടത്തുമെന്ന് ഇറാന്‍ സേന. യുഎഇയിലെ പ്രധാന വിമാനത്താവളങ്ങളും തുറമുഖങ്ങളും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് ഭീഷണി. ദുബായ് വിമാനത്താവളം, അബുദാബി വിമാനത്താവളം, ഫുജൈറ തുറമുഖം, ജബല്‍ അലി തുറമുഖം എന്നിവയ്ക്കാണ് ഇറാന്റെ ഭീഷണി.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തമായിട്ടുണ്ട്. ഈ മാസം ഇറാനില്‍ 50ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ സൈനികരില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ചിലരെ കാണാനില്ലെന്നും വാര്‍ത്തകളുണ്ട്. അമേരിക്കന്‍ സൈനികര്‍ ഒടുവില്‍ കൊല്ലപ്പെട്ടത് ജോര്‍ദാനിലാണ്. കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ യുഎസ് താവളങ്ങളും ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇറാനിലെ പല ജനവാസ മേഖലയിലും അമേരിക്കന്‍ സൈന്യം ആക്രമണം ശക്തമാക്കി. ഈ വേളയിലാണ് ജിസിസി രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ മേഖലയും ആക്രമിക്കപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍.


Hindu Tamil 12 hours ago
Home Flash News