ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാര്‍, വിട്ടുതരില്ലെന്ന് കര്‍ഷകര്‍
ബെംഗളൂരുവില്‍ നിര്‍ദ്ദിഷ്ട രണ്ടാമത്തെ വിമാനത്താവളത്തിനായി ഭൂമി കണ്ടെത്തുന്ന നടപടികള്‍ ആരംഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍. കനകപുര റോഡിനും മൈസൂരു റോഡിനും ഇടയിലായിട്ടായിരിക്കും വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുക. അതേസമയം വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിച്ചതോടെ ആശങ്കയിലാണ് ഗ്രാമവാസികള്‍. നിര്‍ദിഷ്ട പദ്ധതിക്ക് ആയിരക്കണക്കിന് ഏക്കര്‍ ഫലഭൂയിഷ്ഠമായ കൃഷിഭൂമി നഷ്ടപ്പെടും എന്നാണ് ഗ്രാമവാസികളുടെ ഭയം.
തങ്ങളുടെ ആശങ്ക പരിഗണിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് കര്‍ഷകര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ചൂഡഹള്ളി, നാഗനായകനഹള്ളി, കഗ്ഗലിപുര, ചിന്നകുര്‍ച്ചി, നെലഗുലി, കൊടിയാല, കാരേനഹള്ളി തുടങ്ങിയ ഗ്രാമങ്ങളിലെയും സമീപപ്രദേശങ്ങളിലെയും നിവാസികള്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി.
ഞായറാഴ്ച നടന്ന യോഗത്തില്‍, വിമാനത്താവള പദ്ധതിക്കായി തങ്ങളുടെ ഭൂമി വിട്ടുനല്‍കില്ലെന്ന് പത്തിലധികം ഗ്രാമങ്ങളിലെ കര്‍ഷകര്‍ തീരുമാനമെടുത്തിട്ടുണ്ട്. പ്രതിഷേധം ശക്തമാക്കുന്നതിന് മുന്‍പായി ഗ്രാമതലത്തില്‍ കൂടിയാലോചനകള്‍ നടത്താനും അവര്‍ തീരുമാനിച്ചു. ചൂഡഹള്ളിയിലെയും സമീപ ഗ്രാമങ്ങളിലെയും ചില ഭാഗങ്ങളില്‍ സര്‍വേ സംഘങ്ങള്‍ പരിശോധനകള്‍ നടത്തുന്നതായി കര്‍ഷകര്‍ പറഞ്ഞു.