’തയ്യാറായിക്കോളൂ...’; പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ ആക്രമിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ
ടെഹ്റാൻ: കുവൈത്തിലെയും ബഹ്റൈനിലെയും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) അറിയിച്ചു. ഇറാനിലുടനീളമുള്ള വിവിധ ഇടങ്ങളിൽ യുഎസ് സേന തുടർച്ചയായി 10 രാത്രികളിൽ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് ഈ നീക്കം.
ബഹ്റൈനിലെ രണ്ട് വ്യത്യസ്ത ഔട്ട്പോസ്റ്റുകളിലെ രണ്ട് വ്യോമ പ്രതിരോധ സംവിധാനങ്ങളും ഒരു റഡാർ നിലയവും കുവൈത്തിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങളും റഡാറുകളും സാറ്റലൈറ്റ് റിസപ്ഷൻ സിസ്റ്റങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്റെ വാർത്താ ഏജൻസിയായ IRNA റിപ്പോർട്ട് ചെയ്തു.
'ഇതിലും നിർണായകവും ശക്തവുമായ ഡ്രോൺ, മിസൈൽ ആക്രമണ തരംഗങ്ങൾക്കായി തയ്യാറെടുത്തുകൊള്ളൂ എന്നാണ് ഈ ആക്രമണത്തിലൂടെ ഞങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.' IRGC പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, ഇറാനെതിരെ തുടർച്ചയായ പത്താം രാത്രിയും ആക്രമണം നടത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെൻട്രൽ കമാൻഡ് (CENTCOM) പ്രഖ്യാപിച്ചു. കുവൈത്ത്, ജോർദാൻ, ബഹ്റൈൻ എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളിൽ അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് യുഎസ് ബോംബാക്രമണം പുനരാരംഭിച്ചത്. ഇതോടെ, മരിച്ച സൈനികരുടെ എണ്ണം 17 ആയി. പിന്നാലെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിരുന്നു.
'ഓരോ തവണയും ഇറാൻ ഒരു അമേരിക്കൻ സൈനികനെ കൊല്ലുമ്പോൾ, ആ കൊലപാതകത്തിന് അവർ പലമടങ്ങ് വില നൽകേണ്ടിവരും!' എന്നാണ് ട്രംപ് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന വാണിജ്യ കപ്പലുകളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി തകർക്കുന്നതിനായി ഇറാനിയൻ സൈനിക കമാൻഡ് സെന്ററുകൾ, മിസൈൽ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മധ്യസ്ഥർ പലവഴിക്കും ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇറാന്റെ ആഭ്യന്തര മന്ത്രി എസ്‌കന്ദർ മൊമേനി പാകിസ്താൻ സന്ദർശിച്ചിരുന്നു. പാകിസ്താൻ ആർമി ചീഫ് ഫീൽഡ് മാർഷൽ ആസിം മുനീറുമായും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും മൊമേനി കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം യുഎസും ഇറാനും ഒപ്പിട്ട കരാർ, ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെത്തുടർന്നും യുഎസ് സൈന്യത്തിന്റെ തിരിച്ചടിയെത്തുടർന്നുമാണ് തകർന്നത്.