ഇനി പാചകവാതകത്തിന് പകരം എഥനോൾ? പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ, എപ്പോൾ മുതൽ നടപ്പിലാവും
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിൽ എഥനോൾ കലർത്തിയുള്ള പരിഷ്‌കാരത്തിന് പിന്നാലെ, ഭാവിയിൽ പാചകവാതകത്തിനും കൂടി എഥനോൾ ഉപയോഗിക്കാനുള്ള സാധ്യത പരിശോധിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ എഥനോൾ ഉൽപ്പാദനം വർധിച്ചതോടെ, ഗതാഗത മേഖലയ്ക്ക് പുറമെ മറ്റ് മേഖലകളിലും ഇതിന്റെ ഉപയോഗം വ്യാപിപ്പിക്കാനാണ് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം പുതിയ നയരൂപീകരണത്തിന് തയ്യാറെടുക്കുന്നത്.
എങ്കിലും നിർദ്ദേശം നടപ്പായാൽ തന്നെ എൽപിജിക്ക് പകരം ഉടൻ എഥനോൾ വരില്ല. പകരം വീടുകൾ, ഹോട്ടലുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ എന്നിവിടങ്ങളിൽ എൽപിജിക്ക് ഒരു ബദൽ ഇന്ധനമായി എഥനോൾ ഉപയോഗിക്കാൻ കഴിയുന്ന സംവിധാനം ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്ത് പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന (ഇ20) പദ്ധതി വിജയകരമായി നടപ്പാക്കിയതോടെ എഥനോൾ ഉൽപ്പാദനം ഗണ്യമായി വർധിച്ചു
കരിമ്പ്, ചോളം തുടങ്ങിയ കാർഷിക വിളകളിൽ നിന്ന് എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിനാൽ, നിലവിൽ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ എഥനോളും ഗതാഗത മേഖലയിൽ മാത്രം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനാൽ പുതിയ ഉപയോഗ മേഖലകൾ കൂടി കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
നിലവിലുള്ള എൽപിജി സിലിണ്ടറുകളിൽ എഥനോൾ നിറയ്ക്കാനല്ല പദ്ധതി. എഥനോളിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത സ്‌റ്റൗകളും ഇന്ധന കണ്ടെയ്‌നറുകളും ഉപയോഗിക്കുന്ന സംവിധാനമാണ് പരിഗണിക്കുന്നത്. നേരത്തെ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി, എൽപിജിയെപ്പോലെ പ്രവർത്തിക്കുന്ന തദ്ദേശീയമായി വികസിപ്പിച്ച എത്തനോൾ സ്‌റ്റൗവ് അവതരിപ്പിച്ചിരുന്നു
ഇത്തരം സ്‌റ്റൗവുകൾ വിപണിയിലെത്തിക്കുന്നതിന് മുമ്പ് സുരക്ഷാ മാനദണ്ഡങ്ങൾ, സംഭരണ രീതി, വിതരണം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ സർക്കാർ പരിശോധിച്ചുവരികയാണ്. എൽപിജിക്കൊപ്പം എഥനോൾ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ ഒട്ടേറെ നേട്ടങ്ങളുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. പാചകവാതക ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയുമെന്നതിനൊപ്പം, കരിമ്പ്, ചോളം തുടങ്ങിയ കാർഷിക വിളകൾക്ക് കൂടുതൽ വിപണി ലഭിക്കുന്നതിനാൽ കർഷകർക്കും പ്രയോജനം ലഭിക്കും
എന്നാൽ എഥനോൾ പാചക ഇന്ധനമായി വ്യാപകമായി ഉപയോഗിക്കണമെങ്കിൽ, പുതിയ സാങ്കേതികവിദ്യകൾ നടപ്പാക്കുമ്പോൾ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ആദ്യം ഒരുക്കേണ്ടിവരും. രാജ്യത്തുടനീളം എഥനോൾ പാചക ഇന്ധനം വിതരണം ചെയ്യുന്നതിനുള്ള ശൃംഖലയും വികസിപ്പിക്കേണ്ടതുണ്ട്. അതിനുള്ള നടപടികൾ ഉൾപ്പെടെ സ്വീകരിച്ച ശേഷം മാത്രമേ എൽപിജിക്ക് മേലെ എഥനോൾ അവതരിപ്പിക്കൂ എന്നുറപ്പാണ്.