Select Location
All Locations
State
Region
City / District
പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ കൈകെട്ടി കോണ്‍ഗ്രസ് പ്രതിഷേധം;കൊടിക്കുന്നിലും പിസി വിഷ്ണുനാഥും അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ കൈകെട്ടി കോണ്‍ഗ്രസ് പ്രതിഷേധം;കൊടിക്കുന്നിലും പിസി വിഷ്ണുനാഥും അറസ്റ്റിൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടി സമരത്തിന് പിന്തുണയുമായി പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. കൈകൾ കൂട്ടിയിട്ടാണ് നേതാക്കൾ പ്രതിഷേധിച്ചത്. ഇതിനിടെ കേരളത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷ്, പിസി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഉച്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്. ഡൽഹിയിലെ മല്ലികാർജുൻ ഖർഗെയുടെ വസതിക്ക് മുൻപിൽ നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. ഇവിടെ നിന്ന് ഒരു കിലോമീറ്ററോളം നടന്നാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ എത്തിയത്. വയനാട് എംപി പ്രിയങ്ക ഗാന്ധി , കോണ്‍ഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, മുഖ്യമന്ത്രി വിഡി സതീശൻ അടക്കമുള്ള നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാരും പ്രതിഷേധത്തിൻ്റെ ഭാഗമായി.

കോണ്‍ഗ്രസ് നേതാക്കൾ കൂട്ടമായി എത്തിയതോടെ ബലപ്രയോഗത്തിലൂടെയാണ് ഇവരെ പോലീസ് നീക്കിയത്. ഇത് നേതാക്കൾ ചോദ്യം ചെയ്തത് ചെറിയ തോതിൽ സംഘർഷത്തിനും കാരണമായി.തുടർന്ന് ഡീൻ കുര്യാക്കോസ് എം.പിയെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. പോലീസ് വാഹനത്തിനുള്ളിൽ വെച്ച് എം.പിയും പോലീസും തമ്മിലുള്ള പിടിവലി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിദ്യാർത്ഥികൾക്കെതിരായ ആക്രമണത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. 'വിദ്യാർത്ഥികൾക്കെതിരായ ആക്രമണത്തിൽ സർക്കാരിനെ കൊണ്ട് മറുപടി പറയിക്കാനാണ് ഞങ്ങളുടെ പ്രതിഷേധം. ഇതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാവില്ല. ഇത് സംബന്ധിച്ച് പാർലമെൻ്റിൽ ഒരു ചർച്ച നടത്താൻ പോലും അവർ ഒരുക്കമല്ല. രാജ്യത്തെ യുവാക്കളുടെ ഭാവി തകർത്ത പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജിവെച്ച് ഒഴിയണം', രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം പോലീസ് നടപടിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് നിയമസഹായം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. നിയമസഹായം ആവശ്യമുള്ളവർക്ക് വിവരങ്ങൾ പങ്കുവെയ്ക്കാൻ ഒരു ഗൂഗിൾ ഫോം ലിങ്ക് കോണ്‍ഗ്രസ് പങ്കുവെച്ചിട്ടുണ്ട്. പ്രതിഷേധിക്കുന്നവർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് പറഞ്ഞു


One India Malayalam 3 hours ago
Home Flash News