Select Location
All Locations
State
Region
City / District
വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ആലപ്പുഴ: സിപിഎം സ്ഥാപകനേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി. എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികദിനം ഇന്ന്. സിപിഎം നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പാര്‍ട്ടി ഓഫീസുകള്‍ അലങ്കരിച്ചും പതാകയുയര്‍ത്തിയും സമ്മേളനങ്ങള്‍ ചേര്‍ന്നും സ്മരണ പുതുക്കും. ഏരിയ കേന്ദ്രങ്ങളില്‍ റാലിയുണ്ടാകും. വിഎസ് അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടില്‍ രാവിലെ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും വൈകിട്ട് ഏരിയകളില്‍ റാലികളും നടക്കും. പിബി അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയവര്‍ ആലപ്പുഴയില്‍ പങ്കെടുക്കും. സാമൂഹിക തിന്മകള്‍ക്കെതിരെ, പരിസ്ഥിതി ചൂഷണത്തിനെതിരെ, മതവര്‍ഗീയതക്കെതിരെ, മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ക്കെതിരെ ജീവിതാവസാനം വരെ പോരാടിയ പോരാളിയായിരുന്നു വിഎസ്. അദ്ദേഹം ഉയര്‍ത്തിയ പോരാട്ടത്തിന്റെ അലയൊലികള്‍ ഇന്നും സിപിഎമ്മില്‍ ഉയരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട വന്‍ തിരിച്ചടിയെ തുടര്‍ന്ന് താഴെത്തട്ടില്‍ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നത് വിഎസിന്റെ പ്രസക്തിയാണ്. സ്വജനപക്ഷപാതവും അഴിമതിയും പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ന്നപ്പോള്‍, വിഎസ് ഉണ്ടായിരുന്നെങ്കില്‍ എന്ന ചോദ്യമാണ് ഉയര്‍ന്നത്.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പിണറായി വിജയന്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍, പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വിഎസിന്റെ പോരാട്ടവും ചര്‍ച്ചയായി. പാര്‍ട്ടിക്കകത്തും പുറത്തും വിഎസ് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട നാളുകളായിരുന്നു കഴിഞ്ഞ ഒരു വര്‍ഷക്കാലം. ഒടുവിലായി വിഎസിന്റെ ചരമവാര്‍ഷിക ദിനത്തിന് മുന്നോടിയായി വിഎസ് അനുസ്മരണമടങ്ങിയ ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പും വിവാദത്തിലായി. മുന്‍പ് പാര്‍ട്ടി മുഖപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന വിഎസിനെ ആ ചുമതലയില്‍ നിന്ന് ഔദ്യോഗികപക്ഷം വെട്ടിനിരത്തുക മാത്രമല്ല, പലപ്പോഴും കടുത്ത വിമര്‍ശനവും പാര്‍ട്ടി പത്രത്തിലൂടെ നടത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന തലക്കെട്ടിലുള്ള ഓര്‍മക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് ഇല്ലാതെയാണ് ദേശാഭിമാനി പുറത്തിറങ്ങിയത്. വാരാന്തപ്പതിപ്പ് വിതരണം ചെയ്യാത്തതിന് കാരണമായി ‘സാങ്കേതിക പിഴവ് മൂലം ഇന്ന് വാരാന്തപ്പതിപ്പ് ഉണ്ടായിരിക്കുന്നതല്ല’ എന്ന വിശദീകരണ അറിയിപ്പ് മാത്രമാണ് പത്രത്തില്‍ നല്‍കിയത്. ‘കള്ളന്‍ വിജയന്‍’ എന്ന തലക്കെട്ടില്‍ വാരാന്ത്യപ്പതിപ്പില്‍ വന്ന ഫീച്ചറാണ് വാരാന്തപ്പതിപ്പ് ഒഴിവാക്കാന്‍ കാരണമെന്നാണ് പ്രചാരണം. ഒന്നാം പേജിലെ വിഎസ് അനുസ്മരണത്തിന്റെ തലക്കെട്ടിലെ ‘കടലിരമ്പവും’, നാലാം പേജിലെ ലേഖനത്തിലെ ‘കള്ളന്‍ വിജയന്‍’ എന്ന പ്രയോഗവും ഒരുമിച്ച് വരുന്നത് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വച്ചുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് കാരണമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പ്രിന്റിങ് വരെ ഒഴിവാക്കിയതെന്നാണ് സൂചന. പുല്ലാംപാറ നാടക ഗ്രാമത്തിലെ വിജയന്‍ എന്ന ആളെ കുറിച്ചായിരുന്നു ‘കള്ളന്‍ വിജയന്‍’ ഫീച്ചര്‍

ലേഖനത്തിന് നല്‍കിയ ‘കടലിരമ്പം’ എന്ന പ്രയോഗം സിപിഎമ്മിലെ പഴയ വിഎസ്, പിണറായി വിഭാഗീയതയുടെ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. കടലും ബക്കറ്റിലെ വെള്ളവും പരാമര്‍ശം നടത്തി പിണറായി വിജയന്‍ വിഎസിനെ കടന്നാക്രമിച്ചപ്പോള്‍ ഗോര്‍ബച്ചേവിനെ പരാമര്‍ശിച്ചായിരുന്നു വിഎസിന്റെ തിരിച്ചടി. സമ്പന്ന വര്‍ഗത്തിന്റെയും, രാജ്യവിരുദ്ധ മതശക്തികളുടെയും കളിപ്പാവയാകാന്‍ തയാറാകാതിരുന്ന നേതാക്കളിലെ അവസാന കണ്ണികളിരൊളായിരുന്ന വിഎസ് അനുസ്മരിക്കപ്പെടുമ്പോള്‍ പാര്‍ട്ടിയിലെ പോരാട്ടവും, നേതൃത്വത്തിന്റെ ചങ്ങാത്തമുതലാളിത്തവും ചര്‍ച്ചയാകുന്നു.


Janmabhumi 3 hours ago
Home Flash News