Select Location
All Locations
State
Region
City / District
കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ഇക്കുറി മഴയുടെ അളവിലുണ്ടായ ഗണ്യമായ കുറവ് കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് പുതിയ ചര്‍ച്ചകള്‍ക്ക് കാരണമാകും. ഇതോടെ ഇതുമായി ബന്ധപ്പെട്ട വയനാട്ടിലെ പദ്ധതികളും വീണ്ടും ശ്രദ്ധിക്കപ്പെടും. പൊതുവേ പല കാരണങ്ങളാല്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന വയനാടിന്റെ കാര്യത്തില്‍ ജനപ്രതിനിധികള്‍ വേണ്ടവിധം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നില്ല എന്നതാണ് വലിയ പ്രശ്‌നം. യുഡിഎഫും എല്‍ ഡിഎഫും ഇത്രകാലം ഭരിച്ചിട്ടും കാര്യമായ പുരോഗതി ഇവിടെ ഉണ്ടാകാത്തത് ഈ കഴിവുകേടുകൊണ്ടാണ്. പ്രതിപക്ഷത്തുള്ള പ്രധാന നേതാവാണ് ഇപ്പോള്‍ ലോക്‌സഭാ എംപി. കോണ്‍ഗ്രസ് നേതാവായ പ്രിയങ്ക ഗാന്ധിക്ക് ഇക്കാര്യങ്ങളൊക്കെ അറിയാമോ എന്നൊരു ചോദ്യമുണ്ട്. വയനാടിന്റെ രക്ഷയ്‌ക്കോ വയനാട്ടുകാരുടെ ക്ഷേമത്തിനോ അല്ലല്ലോ പ്രിയങ്ക വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയത്. സുരക്ഷിതമായ ഒരു സീറ്റ്, അതിനപ്പുറം ഉണ്ടാവാന്‍ ഇടയില്ല. അങ്ങനെയാണ്, അടുത്തിടെ വയനാട്ടില്‍ ഉണ്ടായ ദുരന്തത്തോടെ സ്ഥലം എം പി എന്ന നിലയില്‍ പ്രിയങ്ക പ്രതികരിച്ചത്. വയനാടിന്റെ ഗതിയും പദ്ധതിയും സംബന്ധിച്ച് ചിലത് അറിയേണ്ടതുണ്ട്. പറയാം.

ദക്ഷിണ ഭാരതത്തിലെ മറ്റ് നദികളായ ഗോദാവരി, മഹാനദി, കൃഷ്ണ എന്നിവയെ അപേക്ഷിച്ച് ചെറിയ നദിയാണ് കാവേരി. അതിനാല്‍ ഇതില്‍ ജലസമൃദ്ധിയും കുറവാണ്. കാവേരി നദീജല തര്‍ക്കത്തിന് കാരണവും ഇതുതന്നെ. സമുദ്രതീരത്തുനിന്ന് 1341 മീറ്റര്‍ ഉയരത്തില്‍ ബ്രഹ്‌മഗിരിയുടെ ഭാഗമായ കര്‍ണ്ണാടകയിലെ കുടകിലെ തലക്കാവേരിയാണ് ഇതിന്റെ ഉത്ഭവസ്ഥാനം. കര്‍ണ്ണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ കൃഷിയിടങ്ങളെ ധന്യമാക്കി തമിഴകത്തെ മൈലാടുംതുറയിലെ പുരാതന തുറമുഖ നഗരമായ കാവേരിപൂം പട്ടണത്തുവെച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ ലയിക്കുന്ന നദിയാണ് കാവേരി. ഭാരതത്തിലെ ഏഴ് പുണ്യനദികളിലൊന്നാണിത്. 800 കിലോമീറ്ററാണ് ഇതിന്റെ ദൈര്‍ഘ്യം. ഇതില്‍ 320 കി.മീറ്റര്‍ കര്‍ണ്ണാടകത്തിലൂടെയും 416 കി.മീറ്റര്‍ തമിഴകത്തുകൂടിയും, ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലൂടെ 64 കി.മീറ്ററുമാണ് ദൂരം. കാവേരിയുടെ 21 കൈവഴികളിലൊന്നാണ് കിഴക്കോട്ടൊഴുകുന്ന കബനി. പശ്ചിമഘട്ടത്തില്‍ താമരശ്ശേരി ചുരം മലകളില്‍ തുടങ്ങുന്ന ലക്കിടിപ്പുഴ പനമരം പുഴയായി മാറുന്നു. ബാണാസുര മലനിരകളില്‍ പിറക്കുന്ന മാനന്തവാടി പുഴയുമായി ഇത് കൂടല്‍കടവില്‍ വെച്ച് സംഗമിക്കുന്നതോടെയാണ് കബനി ജനിക്കുന്നത്. 150 മുതല്‍ 200 മീറ്ററാണ് ഈ പുഴയുടെ വീതി.

ഈ നദിയുടെ ആകെ നീളം 240 കിലോമീറ്ററാണ്. കേരളം-കര്‍ണ്ണാടക അതിര്‍ത്തിയിലൂടെ കബനിയുടെ നീളം 12 കി.മീറ്ററാണ്. കര്‍ണ്ണാടകയിലെ ടി. നരസിപുരയില്‍ വെച്ചാണ് ഇത് കാവേരിയില്‍ പതിക്കുന്നത്. ഇതിന് ‘ത്രിവേണി സംഗമം’ എന്നും പേരുണ്ട്. പ്രധാന ഹൈന്ദവ സ്നാനകേന്ദ്രങ്ങളിലൊന്നാണ് ഈ കാവേരി സംഗമം. കാവേരിയിലെ ആകെ കണക്കാക്കപ്പെട്ട നീരൊഴുക്ക് 740 ടി.എം.സി. ആണ്. ഇതില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് നദികളുടെ സംഭാവന 147 ടി.എം.സി.യാണ്; അതായത് ഇരുപത് ശതമാനത്തോളം. ഇതില്‍ 15 ടി.എം.സി. പാമ്പാറും 36 ടി.എം.സി. ഭവാനിപ്പുഴയും 96 ടി.എം.സി. കബനിയുടെയുമാണ് സംഭാവന. രാജഭരണകാലത്തും കന്നഡ, തമിഴ് രാജാക്കന്മാര്‍ തമ്മില്‍ കാവേരിക്കായി തര്‍ക്കങ്ങള്‍ നടന്നിട്ടുണ്ട്. 1924-ലാണ് ഇന്നത്തെ രൂപത്തിലുള്ള തര്‍ക്കപരിഹാര സംവിധാനത്തിന് തുടക്കമായത്. 1970 ഏപ്രിലില്‍ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനാണ് കേരളത്തിന് വേണ്ടി കാവേരി ജലതര്‍ക്ക പരിഹാര യോഗത്തില്‍ ആദ്യമായി പങ്കെടുത്തത്. 1978-ലാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി ഈ സമിതിയില്‍ അംഗമായത്.


Janmabhumi 3 hours ago
Home Flash News