ഇറാൻ യുദ്ധത്തിൽ ചെലവായത് 37.5 ബില്യൺ ഡോളർ, ഇനിയും വേണം; US ജനത പിന്തുണയ്ക്കാത്ത യുദ്ധമെന്ന് സെനറ്റർ
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ പേരിൽ അമേരിക്കയ്ക്ക് ഇതുവരെ 37.5 ബില്യൺ ഡോളർ (ഏകദേശം 3.1 ലക്ഷം കോടി രൂപ) ചെലവായതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. മെയ് മാസത്തിന്റെ മധ്യത്തിൽ ഏകദേശം 29 ബില്യൺ ഡോളർ ചെലവായി എന്നായിരുന്നു കണക്കുകൾ.
'ഇന്നത്തെ കണക്കനുസരിച്ച് ഏകദേശം 37.5 ബില്യൺ ഡോളറാണ് ചെലവ്' പ്രതിരോധ വകുപ്പിന് 67 ബില്യൺ ഡോളർ അധിക ധനസഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റി യോഗത്തിൽ ഹെഗ്സെത്ത് പറഞ്ഞു.
സെപ്റ്റംബർ അവസാനം വരെയുള്ള ഇറാൻ യുദ്ധത്തിനുള്ള പ്രതിരോധ വകുപ്പിന്റെ ചെലവുകൾക്കായി ഈ ധനസഹായം ‘അടിയന്തിരവും അനിവാര്യവുമാണെന്ന്’ ഹെഗ്സെത്തും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നും കോൺഗ്രസിനെ അറിയിച്ചു. ഡെമോക്രാറ്റിക് സെനറ്റർ ജീൻ ഷഹീൻ ഇതിനെ എതിർത്തു. പെന്റഗണിന്റെ പക്കൽ 75 ബില്യൺ ഡോളർ ചെലവഴിക്കാത്ത ഫണ്ടുണ്ടെന്നും അത് ഉപയോഗിക്കാതെ അമേരിക്കൻ ജനത പിന്തുണയ്ക്കാത്ത ഒരു യുദ്ധത്തിന് അവരുടെ മേൽ ചെലവ് എന്തിന് അടിച്ചേൽപ്പിക്കണമെന്നും സെനറ്റർ ചോദിച്ചു. എന്നാൽ ചെലവഴിക്കാത്ത പണം പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മറ്റ് മുൻഗണനകളായ 'ഗോൾഡൻ ഡോം ഫോർ അമേരിക്ക', ഹൈപ്പർസോണിക്‌സ്, മറ്റ് ആയുധങ്ങൾ എന്നിവയ്ക്കായി നീക്കിവെച്ചിരുന്നുവെന്ന് ഹെഗ്സെത്ത് മറുപടി നൽകി.
മധ്യേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾ പുനർനിർമ്മിക്കാനുള്ള ചെലവ് സംബന്ധിച്ചൊന്നും ഹെഗ്‌സെത്തിന്റെ ഭാഗത്ത് നിന്ന് പരാമർശമുണ്ടായില്ല. മധ്യേഷ്യയിലെ യുദ്ധം ജയിക്കാൻ ട്രംപ് ഭരണകൂടത്തിന്റെ തന്ത്രങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാക്കണമെന്നും സെനറ്റർമാർ ആവശ്യപ്പെട്ടെങ്കിലും കൃത്യമായ ഉത്തരം യുഎസ് പ്രതിരോധ സെക്രട്ടറി നൽകിയില്ല. കാര്യങ്ങളിൽ സുതാര്യത വേണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കെന്നഡിയും ആവശ്യപ്പെട്ടു. അമേരിക്കൻ സൈന്യം ഹോർമുസ് കടലിടുക്കിൽ നിന്ന് പിന്മാറിയാൽ എന്ത് സംഭവിക്കുമെന്നതിന് കൃത്യമായ മറുപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഇതിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ നികുതിയോ ഫീസോ ഈടാക്കുമോ എന്ന കാര്യത്തിൽ ഹെഗ്സെതോ ജനറൽ കെയ്നോ കൃത്യമായ മറുപടി നൽകിയില്ല.
ഇറാൻ സംഘർഷത്തിലെ വർദ്ധിച്ചുവരുന്ന ചെലവുകളും 17 സൈനികരുടെ മരണവും ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് പ്രതിനിധികൾ രൂക്ഷ വിമർശനം നടത്തി. ഇതൊരു 'അവസാനമില്ലാത്ത യുദ്ധമായി' മാറുന്നതായി അവർ ആശങ്ക പ്രകടിപ്പിച്ചു. ഇതിനിടെ ഇറാൻ ചർച്ചകളെ ഗൗരവമായി കാണുന്നില്ലെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. 'അമേരിക്ക എപ്പോഴും നയതന്ത്ര ചർച്ചകൾക്ക് പ്രതിജ്ഞാബദ്ധരാണ്, ഞങ്ങൾ തുറന്ന മനസ്സുള്ളവരാണ്, അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനും എപ്പോഴും തയ്യാറാണ്. ഇറാനുമായി ഞങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നം അവർ ചർച്ചകളെ ഗൗരവമായി കാണുന്നില്ല എന്നതാണ്.’ റൂബിയോ പറഞ്ഞു. ‘അവർ ഗൗരവമുള്ളവരാണെങ്കിൽ, ഞങ്ങളും അങ്ങനെയായിരിക്കും. അവർ തയ്യാറല്ലെങ്കിൽ, ഞങ്ങളുടെയും ഞങ്ങളുടെ സഖ്യകക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായത് ചെയ്യും.' റൂബിയോ വ്യക്തമാക്കി. ഹോർമുസിലെ നിയന്ത്രണം ഏറ്റെടുക്കാൻ ഇറാനെ അനുവദിക്കുന്നത് 'അപകടകരമായ ഒരു കീഴ്വഴക്കം' സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.