‘മറക്കില്ല, 12 ചൈനക്കാരെ രക്ഷപ്പെടുത്തിയത്’; ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ചൈനീസ് ഉദ്യോഗസ്ഥൻ
ന്യൂഡൽഹി ∙ ഇന്ത്യൻ സൈന്യത്തിനു നന്ദി പറഞ്ഞ് ചൈനീസ് ഭരണകൂടം ഇന്ത്യയിലേക്ക് നിയമിച്ച പുതിയ ഡിഫൻസ് അറ്റാഷെ റിയർ അഡ്മിറൽ യു ജിയാൻ. കഴിഞ്ഞ വർഷം കേരള തീരത്തു വച്ച് തീപിടിച്ച ചരക്ക് കപ്പലിൽനിന്നും 12 ചൈനീസ് നാവികരെ രക്ഷപ്പെടുത്തിയത് ഓർമിപ്പിച്ചാണ് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞത്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം വാർഷികത്തോട് അനുബന്ധിച്ച് ഡൽഹിയിൽ നടത്തിയ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യു ജിയാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുരോഗമിക്കുകയാണെന്നും സൈന്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണവും ആശയവിനിമയവും വേണമെന്നും അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
"കഴിഞ്ഞ ജൂണിൽ, കേരള തീരത്ത് തീപിടിച്ച് പൊട്ടിത്തെറിച്ച ഒരു ചരക്ക് കപ്പലിൽ നിന്ന് 12 ചൈനീസ് ജീവനക്കാരെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത് ഞങ്ങൾ മറക്കില്ല. ചൈനയും ഇന്ത്യയും പ്രധാനപ്പെട്ട അയൽക്കാരാണ്, രണ്ടു രാജ്യങ്ങളും വികസനത്തിന്റെയും പുനരുജ്ജീവനത്തിന്റെയും നിർണായക ഘട്ടത്തിലാണ്. ചൈന-ഇന്ത്യ ബന്ധം പുരോഗതിയുടെയും വികസനത്തിന്റെയും പാതയിലേക്ക് തിരിച്ചെത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും"– ഡിഫൻസ് അറ്റാഷെ പറഞ്ഞു.