‘പ്രധാന്റെ രാജിയില്ലെങ്കിൽ പിന്നെന്ത് ചർച്ച’; പാറ്റകളുടെ നിലപാട് ഫലംകണ്ടു, മുട്ടുമടക്കി കേന്ദ്രം
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്രവുമായുള്ള മൂന്നാം ഘട്ട ചർച്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എടുത്ത കടുത്ത നിലപാട് ഒടുവിൽ ഫലംകണ്ടു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു. പ്രധാനെ പുറത്താക്കാൻ സർക്കാർ തയ്യാറല്ലെങ്കിൽ കൂടുതൽ ചർച്ചകൾ നടത്തിയിട്ട് കാര്യമില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ.
തങ്ങളുടെ മറ്റ് പ്രധാന ആവശ്യങ്ങളായ നഷ്ടപരിഹാരവും നിയമനടപടികൾ ഒഴിവാക്കലും സർക്കാർ അംഗീകരിച്ചെങ്കിലും മന്ത്രിയുടെ രാജി എന്ന ഉപാധിയിൽ വിട്ടുവീഴ്ചയില്ലെന്ന് സംഘടന അറിയിച്ചു. 'ധർമ്മേന്ദ്ര പ്രധാനിന്റെ രാജിയിൽ വിട്ടുവീഴ്ചയില്ല. സർക്കാരിൽ നിന്ന് 'ഇല്ല' എന്നാണ് മറുപടിയെങ്കിൽ, തുടർ ചർച്ചകളിൽ കാര്യമില്ല,' എന്നാണ് സിജെപി വക്താവ് അശുതോഷ് രങ്ക ശനിയാഴ്ച എക്‌സിൽ കുറിച്ചത്.
കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും വെള്ളിയാഴ്ച ഉച്ചയ്ക്ക് കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ സിജെപി പ്രതിനിധികളുമായി രണ്ടാം ഘട്ട ചർച്ച നടത്തിയിരുന്നു. വിദ്യാർഥികളുടെ ആവശ്യങ്ങളിൽ മറുപടി നൽകാമെന്ന് മന്ത്രിമാർ അറിയിച്ചതിനെത്തുടർന്നാണ് ശനിയാഴ്ച ഉച്ചയ്ക്ക് 3.30-ന് മൂന്നാം ഘട്ട ചർച്ച നടത്താൻ തീരുമാനമായത്.
പ്രധാനിന്റെ രാജി, പ്രതിഷേധക്കാർക്കെതിരെ നിയമനടപടി ഉണ്ടാവില്ലെന്ന ഉറപ്പ്, നീറ്റ് പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം എന്നിവയാണ് സിജെപി മുന്നോട്ടുവെച്ചിരുന്ന പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങൾ. വെള്ളിയാഴ്ച നടന്ന ചർച്ചയിൽ പ്രതിഷേധക്കാർക്കെതിരെ നിയമനടപടി എടുക്കില്ലെന്നതും നഷ്ടപരിഹാരവും എന്നീ രണ്ട് പ്രധാന ആവശ്യങ്ങളിൽ കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. 'യോഗം ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്നു. അവർക്ക് മൂന്ന് പ്രധാന ആവശ്യങ്ങളും പരീക്ഷകളെക്കുറിച്ച് അഞ്ച് പരിഷ്‌കരണ നിർദ്ദേശങ്ങളും ഉണ്ടായിരുന്നു. നാളെ ഉച്ചയ്ക്ക് (ശനിയാഴ്ച) അവരെ വീണ്ടും കാണുമെന്നും സർക്കാരിനുള്ളിൽ നടന്ന ചർച്ചകളെക്കുറിച്ച് അവരോട് പറയുമെന്നും ഞങ്ങൾ അവരെ അറിയിച്ചിട്ടുണ്ട്.' എന്നാണ് വെള്ളിയാഴ്ചത്തെ ചർച്ചയ്ക്ക് ശേഷം നദ്ദ പറഞ്ഞത്.
കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാൻ പുതിയ നിയമഭേദഗതികളും പ്രത്യേക കോടതികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ രാജി തർക്കവിഷയമായി തുടരുകയായിരുന്നു. ഈ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ മൂന്നാം ഘട്ട ചർച്ചകൾ അനിശ്ചിതത്വത്തിലാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പിന്നാലെയാണ് ശനിയാഴ്ച ഉച്ചയോടെ, ചർച്ചയ്ക്ക് ഒരു മണിക്കൂർ മുമ്പ് പ്രധാൻ രാജിവെച്ചത്. പേപ്പർ ചോർച്ച തടയാൻ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കേന്ദ്രം നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. പേപ്പർ ചോർച്ച കേസുകൾ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രഖ്യാപിച്ചിരുന്നു. പേപ്പർ ചോർച്ചയ്‌ക്കെതിരെയുള്ള നിയമത്തിൽ കർശനമായ ശിക്ഷയും പിഴയും ഉൾപ്പെടുത്തി ഭേദഗതി വരുത്താനും സർക്കാർ പദ്ധതിയിടുന്നുണ്ട്. വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റിയ കേന്ദ്രം, എൻ.ടി.എയിലെ 47 ഉദ്യോഗസ്ഥരെ പുറത്താക്കുകയും ഉടൻ തന്നെ സമഗ്രമായ പുനഃസംഘടന ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതുമാത്രം പോരാ എന്നായിരുന്നു സിജെപി ദേശീയ വക്താവ് അശുതോഷ് രങ്ക പറഞ്ഞത്.
'നമുക്ക് പല വിശദാംശങ്ങളും പരിശോധിക്കേണ്ടതുണ്ട്, പക്ഷേ നമ്മൾ വീണ്ടും ഒരേ കാര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അന്തിമ ഉത്തരവാദിത്വംവിദ്യാഭ്യാസ മന്ത്രിക്കാണ്, കാരണം നീറ്റ് പേപ്പർ ചോർച്ചയ്ക്കും അതിനുശേഷം വിദ്യാർഥികൾ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തിനും അദ്ദേഹം നേരിട്ട് ഉത്തരവാദിയാണ്. അതിന്റെയെല്ലാം ധാർമിക ഉത്തരവാദിത്വംഏറ്റെടുത്ത് അദ്ദേഹം രാജിവെക്കുക തന്നെയാണ് വേണ്ടത്.' രങ്ക പറഞ്ഞു.