ഇറാനിൽ രഹസ്യ സൈനിക പരിശീലനം, ഡ്രോൺ പ്രവർത്തനം; കുവൈത്തിൽ ചാരക്കേസിൽ വിധി കടുപ്പിച്ച് കോടതി
കുവൈത്ത് സിറ്റി∙ ഇറാനും ലെബനീസ് സംഘടനയായ ഹിസ്ബുല്ലയ്ക്കും വേണ്ടി ചാരപ്രവർത്തനം നടത്തിയ കേസിൽ കുവൈത്ത് സ്വദേശിക്ക് ജീവപര്യന്തം വിധിച്ച് അപ്പീൽ കോടതി.
പ്രതിക്ക് നേരത്തെ നൽകിയിരുന്ന 10 വർഷത്തെ തടവുശിക്ഷ റദ്ദാക്കിയാണ് സ്റ്റേറ്റ് സെക്യൂരിറ്റി കോർട്ട് ഓഫ് അപ്പീൽ ശിക്ഷ ജീവപര്യന്തമായി ഉയർത്തിയത്. കുവൈത്തിന്റെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന രീതിയിൽ വിദേശ ശക്തികളുമായി സഹകരിക്കാൻ ശ്രമിച്ചുവെന്ന് കോടതി കണ്ടെത്തി.
ഇറാനിലെ കോം നഗരത്തിൽ നിരന്തരം സന്ദർശനം നടത്തിയ പ്രതി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെയും ഹിസ്ബുല്ലയുടെയും നേതൃത്വത്തിൽ സൈനിക പരിശീലനം നേടിയതായി കോടതി രേഖകളിൽ പറയുന്നു. തോക്കുകൾ ഉപയോഗിക്കുന്നതിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിലും ഇയാൾ പരിശീലനം നേടിയിരുന്നു. അതേസമയം, വാട്സ്ആപ്പ്, സ്നാപ്ചാറ്റ് എന്നിവ വഴി സംഘർഷത്തിന് പ്രകോപനം സൃഷ്ടിക്കുകയും ഹിസ്ബുല്ലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയായ കുവൈത്തി വനിതയുടെ മൂന്നു വർഷത്തെ തടവുശിക്ഷ കോടതി റദ്ദാക്കി ഇവരെ കുറ്റവിമുക്തയാക്കി. വർഗീയ വിദ്വേഷം പ്രചരിപ്പിച്ച മറ്റൊരു കുവൈത്ത് സ്വദേശിയുടെ മൂന്നു വർഷത്തെ തടവുശിക്ഷ കോടതി ശരിവയ്ക്കുകയും ചെയ്തു.