എക്‌സൈസുകാർ ബാറുകളിൽ ചെന്ന് കെയ്‌സ് കണക്കിന് മദ്യം ചോദിക്കുന്നു; അത് ഇനി നടപ്പില്ല-മന്ത്രി ലിജു
തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് അഴിമതി രഹിതമാക്കുമെന്ന് ആവർത്തിച്ച് മന്ത്രി എം.ലിജു. എക്‌സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ ചെന്ന് മദ്യം ആവശ്യപ്പെടാറുണ്ടെന്ന പരാതികൾ ലഭിക്കുന്നുണ്ടെന്നും അത്തരം ഏർപ്പാടുകൾ ഇനി നടക്കില്ലെന്നും എക്‌സൈസ് മന്ത്രി മുന്നറിയിപ്പ് നൽകി.
'അഴിമതിരഹിതമാകണം പ്രവർത്തനങ്ങൾ എന്ന് വീണ്ടും വീണ്ടും പറയുകയാണ്. നിരവധി ജില്ലകളിൽ നിന്ന് പരാതി ലഭിക്കുന്നുണ്ട്. വെളുപ്പിന് 5 മണിക്ക് ബാറുകൾ ഈ സംസ്ഥാനത്ത് തുറന്നു പ്രവർത്തിക്കുന്നു. നിങ്ങൾ അറിയാതെ അത് ഈ നാട്ടിൽ പ്രവർത്തിക്കുമോ. അങ്ങനെ പരാതികൾ ഇവിടെയുണ്ട്' മന്ത്രി ലിജു പറഞ്ഞു. എക്‌സൈസ് ഉദ്യോഗസ്ഥരെ മുന്നിലിരുത്തിയാണ് മന്ത്രിയുടെ വിമർശനം.
ഓരോ ഉദ്യോഗസ്ഥരോടും താൻ നേരിട്ട് സംസാരിക്കും. പലരെയും കുറിച്ചുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ട് തന്റെ കയ്യിലുണ്ട്. സിസ്റ്റം നന്നായി പോകണം എന്ന തരത്തിൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. അതേസമയം സിസ്റ്റം അഴിമതി നിറഞ്ഞതാണ് എന്ന അഭിപ്രായം തനിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 'ബാർ ഉടമകൾ തന്നോട് പരാതി പറയുന്നു. എക്‌സൈസ് ഉദ്യോഗസ്ഥർ കേസ് കണക്കിന് മദ്യം ആവശ്യപ്പെടുന്നു എന്നാണ് പരാതി. മേൽ തട്ടിലുള്ള ഉദ്യോഗസ്ഥരും താഴെത്തട്ടിൽ ഉള്ളവരും മദ്യം ആവശ്യപ്പെടുന്നു. അനധികൃതമായ ഒരു സമ്മാനങ്ങളും നമുക്കാവശ്യമില്ല. നിയമപരമായ കാര്യങ്ങൾ നടത്തിക്കൊണ്ടു പോവുക എന്നതാണ് ആവശ്യം. ഇത്ര കേസ് അങ്ങ് എത്തിച്ചേക്ക് എന്ന് പറയുന്ന ഇടപാട് ഈ സർക്കാരിന്റെ കാലത്ത് നടക്കില്ല' മന്ത്രി പറഞ്ഞു. ബട്ടൻ ക്യാമറ വെച്ച് ദൃശ്യങ്ങൾ ഷൂട്ട് ചെയ്‌തോളാൻ താൻ ബാർ ഉടമകളോട് പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ എക്‌സൈസ് വകുപ്പ് തന്നെ ക്യാമറയും നൽകും. ചെത്തുന്ന കള്ളിനെക്കാൾ കൂടുതൽ വിൽക്കുന്ന സാഹചര്യമുണ്ട്. പൊടി കലക്കുന്നത് അനുവദിക്കാനാവില്ല. മനുഷ്യരുടെ ആരോഗ്യം വച്ച് കളിക്കാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.