തുടർച്ചയായി അഞ്ച് മെയ്ഡൻ ഓവറുകൾ, അഞ്ചിലും വിക്കറ്റ്; ചരിത്ര നേട്ടവുമായി വിൻഡീസ് പേസർ
ട്രിനിഡാഡ്: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ചരിത്ര നേട്ടവുമായി വെസ്റ്റിൻഡീസ് പേസർ ജസ്റ്റിൻ ഗ്രീവ്‌സ്. തുടർച്ചയായി അഞ്ച് വിക്കറ്റ് മെയ്ഡനുകൾ എറിഞ്ഞ ടെസ്റ്റ് ചരിത്രത്തിലെ ആദ്യ ബൗളറെന്ന നേട്ടമാണ് ഗ്രീവ്‌സിനെ തേടിയെത്തിയത്. ഗ്രീവ്‌സിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൂടിയാണിത്. തന്റെ 17-ാം ടെസ്റ്റിലാണ് താരത്തിന്റെ ഈ നേട്ടം.
തുടർച്ചയായി നാല് മെയ്ഡൻ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തിയ മുൻ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിന്റെ റെക്കോഡാണ് ഗ്രീവ്‌സ് പഴങ്കഥയാക്കിയത്. 2016-ൽ ജോഹാനസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ബ്രോഡ് തുടർച്ചയായി നാല് വിക്കറ്റ് മെയ്ഡനുകൾ എറിഞ്ഞത്.
പാകിസ്താനെതിരായ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലായിരുന്നു ഗ്രീവ്‌സിന്റെ ഈ അദ്ഭുത പ്രകടനം. 11 ഓവറിൽ വെറും 27 റൺസ് വഴങ്ങിയാണ് ഗ്രീവ്‌സ് അഞ്ചു വിക്കറ്റെടുത്തത്. 64-ാം ഓവറിൽ അവസാന പന്തിൽ ഷാൻ മസൂദ്, 66-ാം ഓവറിലെ രണ്ടാം പന്തിൽ ആമെർ ജമാൽ, 68-ാം ഓവറിലെ മൂന്നാം പന്തിൽ അലി ഉസ്മാൻ, 70-ാം ഓവറിലെ നാലാം പന്തിൽ മുഹമ്മദ് റിസ്വാൻ, 72-ാം ഓവറിലെ ആറാം പന്തിൽ മുഹമ്മദ് അബ്ബാസ് എന്നിവരാണ് ഗ്രീവ്‌സിനു മുന്നിൽ വീണത്. വിൻഡീസ് ക്യാപ്റ്റൻ റോസ്റ്റൺ ചേസിന്റെ നിർദേശപ്രകാരം അച്ചടക്കത്തോടെ പന്തെറിഞ്ഞതാണ് ഈ നേട്ടത്തിന് കാരണമായതെന്ന് ഗ്രീവ്‌സ് പ്രതികരിച്ചു.