ഇനി ആ കളിക്കില്ല, എങ്ങനെ കളിക്കണമെന്ന് ഞാൻ തീരുമാനിക്കും, ഉപദേശവുമായി ആരും വരേണ്ട-സഞ്ജു
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് പതിവായതോടെ ഒടുവിൽ പ്രതികരണവുമായി സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ സ്ഥാനത്തിനായി ഇനി ആരുമായും മത്സരത്തിനില്ലെന്ന് താരം തുറന്നു പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിലെ സെലക്ഷനുമായി ബന്ധപ്പെട്ട 'എലിപ്പന്തയത്തിൽ' നിന്ന് വിട്ടുനിൽക്കാൻ താൻ തീരുമാനിച്ചതായി സഞ്ജു വ്യക്തമാക്കി. എൻഡിടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സഞ്ജു മനസ് തുറന്നത്.
ഇനി മുതൽ തന്റെ കരിയർ സ്വന്തം നിബന്ധനകളിൽ മാത്രമേ മുന്നോട്ട് കൊണ്ടുപോകൂ എന്നും, എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ മറ്റാരും പറഞ്ഞുതരേണ്ടതില്ലെന്നും സഞ്ജു വ്യക്തമാക്കി. 'സഞ്ജുവിന് വേണ്ടി സഞ്ജു തീരുമാനമെടുക്കും' എന്നാണ് അദ്ദേഹം ഇതിനെക്കുറിച്ച് പറഞ്ഞത്.
ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലെത്തിക്കുന്നതിൽ നിർണായകമായത് സഞ്ജുവിന്റെ ഇന്നിങ്‌സുകളായിരുന്നു. സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിനെതിരേ പുറത്താകാതെ നേടിയ 97 റൺസും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും ന്യൂസീലൻഡിനെതിരായ ഫൈനലിലും നേടിയ അർധ സെഞ്ചുറികളും സഞ്ജുവിനെ ടൂർണമെന്റിലെ താരമാക്കിയിരുന്നു. എന്നാൽ ലോകകപ്പ് വിജയത്തിനുശേഷം അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ നാല് മത്സരങ്ങളിൽ നിന്ന് 35 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇതിനെത്തുടർന്ന് അദ്ദേഹത്തെ ഇന്ത്യൻ ടീമിൽ നിന്ന് വീണ്ടും ഒഴിവാക്കി. സിംബാബ്വെ പര്യടനത്തിനുള്ള ടീമിൽ സഞ്ജുവിന് പകരം അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവരെയാണ് ഉൾപ്പെടുത്തിയത്. തന്റെ കരിയറിന്റെ ശേഷിക്കുന്ന കാലം കളി ആസ്വദിക്കാനും നല്ലൊരു ടീം അംഗമായി തുടരാനുമാണ് ആഗ്രഹിക്കുന്നതെന്ന് താരം വ്യക്തമാക്കി. 2028-ലെ ലോകകപ്പിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും, ടീമിന് ആവശ്യമുണ്ടെങ്കിൽ കാര്യങ്ങൾ താനേ വന്നുചേരുമെന്നുമാണ് 31-കാരനായ സഞ്ജുവിന്റെ നിലപാട്.
ഇന്ത്യയിലെ ക്രിക്കറ്റ് ലോകത്തെ കടുത്ത മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ താൻ തീരുമാനിച്ചു. ഇനി സ്വന്തം താത്പര്യപ്രകാരം മാത്രമേ കളിക്കുകയുള്ളൂ. 31 വയസ്സുകാരനായ തനിക്ക് ഇനിയുള്ള ഏതാനും വർഷങ്ങൾ കളി ആസ്വദിക്കാൻ ആഗ്രഹമുണ്ടെന്നും 'സഞ്ജുവിന് വേണ്ടി സഞ്ജു തന്നെ തീരുമാനങ്ങൾ എടുക്കുമെന്നും' അദ്ദേഹം പറഞ്ഞു. അതേസമയം ഏഷ്യൻ ഗെയിംസിനുള്ള ടീമിനെ തിരഞ്ഞെടുക്കാനിരിക്കെ സഞ്ജുവിന്റെ ഭാവി എന്താകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ ബിസിസിഐ പരിഗണിക്കുന്ന പ്രധാന പേരുകളിലൊന്നാണ് സഞ്ജുവിന്റേത്.