Select Location
All Locations
State
Region
City / District
2030 ലോകകപ്പ് ഫൈനൽ വേദി ഇൻഫന്റിനോ മൊറോക്കോയ്ക്ക് നൽകിയോ? പ്രതികരണവുമായി ഫിഫ

റബാത്ത് (മൊറോക്കോ): 2030-ലെ ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും രാജ്യത്തിന് പ്രത്യേക വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ഫിഫ. പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ മൊറോക്കോയ്ക്ക് ഫിഫ ലോകകപ്പ് 2030 ഫൈനൽ നടത്താനുള്ള അവസരം വാഗ്ദാനം ചെയ്തതായി ദി ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. സംഭവം വിവാദമാകുകയും ചെയ്തു. ഇതോടെയാണ് ഇക്കാര്യങ്ങൾ നിഷേധിച്ച് ഫിഫ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ലോകകപ്പ് കലാശപ്പോരാട്ടത്തിന്റെ വേദിയെക്കുറിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ മുൻകൂട്ടി ഉറപ്പ് നൽകിയെന്ന വാർത്തകൾ വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഫിഫ വക്താവ് വ്യക്തമാക്കി. വേദിയുടെ കാര്യത്തിൽ കൃത്യമായ സമയത്ത് മാത്രമേ അന്തിമ തീരുമാനംഉണ്ടാവുകയുള്ളൂ എന്നും ഫിഫ അറിയിച്ചു. 
ലോകകപ്പിന്റെ ഓഹരികൾ വിൽക്കാനുള്ള ഇൻഫന്റിനോയുടെ പദ്ധതി പരാജയപ്പെട്ടതിനെത്തുടർന്നുണ്ടായ ആഭ്യന്തര പ്രതിസന്ധികൾക്കിടയിലാണ് ഈ വിശദീകരണം പുറത്തുവരുന്നത്. മൊറോക്കോയിലെ റബാത്തിൽ നടന്ന നിർണായക യോഗത്തിൽ ഫിഫ സെക്രട്ടറി ജനറൽ മത്തിയാസ് ഗ്രാഫ്‌സ്‌ട്രോമും മാനേജ്മെന്റ് ബോർഡ് അംഗങ്ങളും ഇൻഫന്റിനോയുടെ നേതൃത്വത്തിന് തങ്ങളുടെ പൂർണ പിന്തുണ അറിയിച്ചു. ഇൻഫന്റിനോ രാജിവെക്കണമെന്ന ആവശ്യങ്ങൾ ഉയരുന്നതിനിടെയാണ് ഫിഫ നേതൃത്വം ഒത്തൊരുമയോടെ നിലകൊള്ളാൻ തീരുമാനിച്ചത്.
ലോകകപ്പിൽ നിന്നുള്ള ലാഭം വിറ്റഴിക്കുന്നതിനായി 'ഫിഫ ഫോർവേഡ് എന്റർപ്രൈസ്' എന്ന പേരിൽ ഒരു വാണിജ്യ കമ്പനി രൂപീകരിക്കാനുള്ള നീക്കത്തിലുണ്ടായ പാകപ്പിഴകളിൽ ഫിഫ ക്ഷമാപണം നടത്തി. ഈ പദ്ധതി കൈകാര്യം ചെയ്ത രീതിയിൽ തെറ്റുകൾ സംഭവിച്ചതായി ഫിഫ സമ്മതിച്ചു. ഇതേത്തുടർന്ന് ഫിഫ കൗൺസിലിനും അംഗരാജ്യങ്ങൾക്കും മാപ്പപേക്ഷിച്ചുകൊണ്ട് കത്തയച്ചിട്ടുണ്ട്. വിവാദമായ എഫ്.എഫ്.ഇ നിർദേശം ഇപ്പോൾ പൂർണമായും ഉപേക്ഷിച്ചതായും ഫിഫ അറിയിച്ചു.
നേരത്തെ ഈ സംഭവവികാസങ്ങളെ 'ഖേദകരവും അപലപനീയവും' എന്ന് വിശേഷിപ്പിച്ചിരുന്ന സെക്രട്ടറി ജനറൽ മത്തിയാസ് ഗ്രാഫ്‌സ്‌ട്രോം ഇപ്പോൾ പ്രസിഡന്റിന് പിന്തുണയുമായി രംഗത്തെത്തിയത് ശ്രദ്ധേയമാണ്. ഇൻഫന്റിനോ തിരിച്ചും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഫിഫയുടെ പ്രവർത്തന രീതികൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് സംഘടന വ്യക്തമാക്കി. 


Mathrubhumi News 1 hour ago
Home Flash News