Select Location
All Locations
State
Region
City / District
മഴക്കാലമാണ്, കരുതിയിരിക്കണം ഡെങ്കിപ്പനിയേയും എലിപ്പനിയേയും; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യം അപകടത്തിലാവും

സംസ്ഥാനത്ത് മഴ ശക്തമായതോടെ മഴക്കാലജന്യ രോഗങ്ങളും സജീവമാവുകയാണ്. സാധാരണ വരുന്ന വൈറൽ പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്) എന്നിവയുടെ വ്യാപന സാധ്യത ഉയർന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തുടക്കത്തിൽ ഈ രോഗങ്ങളുടെ ലക്ഷണങ്ങൾ സമാനമായി തോന്നാമെങ്കിലും, കൃത്യമായ സമയത്ത് രോഗനിർണ്ണയം നടത്തി ചികിത്സ ലഭ്യമാക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ജീവഹാനിയും ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
രോ​ഗ​വും ലക്ഷണങ്ങളും സാധാരണ വൈറൽ പനി കുറച്ചുദിവസത്തെ വിശ്രമം കൊണ്ട് ശമിക്കുമെങ്കിലും ഡെങ്കിപ്പനിയും എലിപ്പനിയും പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് വഴിമാറാം. വായുവിലൂടെയാണ് വൈറസ് ബാധയുണ്ടാവുന്നത്. ചെറിയ പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, നേരിയ ശരീരവേദന, ക്ഷീണം എന്നിവയാണ് ഈ പനിയുടെ ലക്ഷണങ്ങൾ. ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്താൽ 3 മുതൽ 5 ദിവസത്തിനുള്ളിൽ രോ​ഗശമനമുണ്ടാവാം.
കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ പ്രജനനം നടത്തുന്ന ‘ഈഡിസ് ഈജിപ്തി’ കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപനി. പെട്ടെന്നുണ്ടാകുന്ന കടുത്ത പനിയും കണ്ണിനു പിന്നിലെ ശക്തമായ വേദനയും, കഠിനമായ തലവേദന, പേശികളിലും സന്ധികളിലും ഉണ്ടാകുന്ന അതിശക്തമായ വേദന എന്നിവയാണ് ഡെങ്കിപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. പനി തുടങ്ങി 2-5 ദിവസത്തിനുള്ളിൽ ചർമ്മത്തിൽ കാണപ്പെടുന്ന ചുവന്ന തിണർപ്പുകൾ, ഛർദ്ദി, വയറുവേദന, കടുത്ത ക്ഷീണം എന്നിവയും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടെന്ന് കുറയുകയോ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടാകുകയോ, തുടർച്ചയായ ഛർദ്ദിയും ശക്തമായ വയറുവേദനയോ അനുഭവപ്പെട്ടാൽ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കണം.
എലി, പശു, നായ തുടങ്ങിയ മൃഗങ്ങളുടെ മൂത്രം കലർന്ന വെള്ളത്തിലോ മണ്ണിലോ ഉള്ള ‘ലെപ്റ്റോസ്പൈറ’ ബാക്ടീരിയ വഴി ശരീരത്തിലെ മുറിവുകളിലൂടെ പടരുന്ന രോഗമാണ് എലിപ്പനി. പെട്ടെന്നുണ്ടാകുന്ന കടുത്ത പനിയും വിറയലുമാണ് എലിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. കാൽമുട്ടിന് താഴെയുള്ള പേശികളിലും നടുഭാഗത്തും കഠിനമായ് വേദന അനുഭവപ്പെടുന്നതും എലിപ്പനിയുടെ മറ്റു ലക്ഷണങ്ങളാണ്. രോഗം മൂർച്ഛിക്കുമ്പോൾ കണ്ണിലും ചർമ്മത്തിലും മഞ്ഞനിറമുണ്ടാവും, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തിന് കറുപ്പ് നിറമാവുകയും ചെയ്യും. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാൽ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ച് മരണം വരെ സംഭവിച്ചേക്കാം.
പ്രതിരോധ മാർഗ്ഗങ്ങൾ രോഗവ്യാപനം തടയാൻ വ്യക്തിഗത ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കണമെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കുന്നു. കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം. വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ചെടിച്ചട്ടികൾ, ടയറുകൾ, ചിരട്ടകൾ, ഫ്രിഡ്ജിന്റെ പിൻഭാഗത്തെ ട്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കി “ഡ്രൈ ഡേ” ആചരിക്കുക. കൊതുക് വലകൾ, കൊതുക് നിവാരണ ഉപാധികൾ എന്നിവ ഉപയോഗിക്കുക. പുറത്തിറങ്ങുമ്പോൾ ശരീരം പരമാവധി മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.
രോ​ഗബാധ തടയാനുള്ള മുൻകരുതലുകൾ മലിനജലത്തിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, ശുചീകരണ തൊഴിലാളികൾ, വെള്ളക്കെട്ടിൽ ജോലി ചെയ്യുന്നവർ എന്നിവർ നിർബന്ധമായും ഗംബൂട്ടുകളും കട്ടിയുള്ള കൈയുറകളും ധരിക്കണം. രോഗസാധ്യതയുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആഴ്ചയിലൊരിക്കൽ കഴിക്കേണ്ടതാണ്.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ആഹാരസാധനങ്ങൾ എപ്പോഴും അടച്ചുവെക്കുക. എലി, ഈച്ച എന്നിവ രോഗം പടർത്താതിരിക്കാൻ ശ്രദ്ധിക്കുക. പനി ബാധിച്ചാൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ കടകളിൽ നിന്ന് വാങ്ങി മരുന്നുകൾ കഴിക്കുന്നത് ഡെങ്കിപ്പനിയുള്ളവരിൽ ആന്തരിക രക്തസ്രാവത്തിനും പ്ലേറ്റ്‌ലെറ്റ് കുറയുന്നതിനും കാരണമാകും. പനി 24 മുതൽ 48 മണിക്കൂറിനുള്ളിൽ ശമിക്കുന്നില്ലെങ്കിലോ കഠിനമായ പേശീവേദന, കണ്ണ് ചുവക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാലോ ഉടൻ തന്നെ അടുത്തുള്ള കുടുംബ ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ എത്തി രക്തപരിശോധന നടത്തി കൃത്യമായ ചികിത്സ തേടേണ്ടതാണ്


Kairali News 1 hour ago
Home Flash News