Select Location
All Locations
State
Region
City / District
ഹിരോഷിമ ആക്രമണം മറച്ചുവെക്കാൻ ആർഎസ്എസും വലതുപക്ഷ മാധ്യമങ്ങളും വ്യാജപ്രചാരണങ്ങൾ നടത്തുന്നു: കെടി കുഞ്ഞിക്കണ്ണൻ

ഹിരോഷിമയിലെയും നാഗസാക്കിയിലെയും നിരപരാധികളായ മനുഷ്യർക്കെതിരെ അമേരിക്ക നടത്തിയ അണുബോംബർഷത്തെയും കൂട്ടക്കൊലകളെയും ലഘൂകരിക്കാനും ന്യായീകരിക്കാനും സംഘപരിവാറും വലതുപക്ഷ രാഷ്ട്രീയക്കാരും ശ്രമിക്കുകയാണെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ. ഹിരോഷിമ ദിനത്തിൽ താനിട്ട ഫേസ്ബുക്ക് കുറിപ്പിന് താഴെ സംഘപരിവാർ പ്രൊഫൈലുകൾ നടത്തുന്ന കമന്റുകളെയും വ്യാജ പ്രചാരണങ്ങളെയും വിചാരണ ചെയ്തുകൊണ്ട് പങ്കുവെച്ച പുതിയ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മനുഷ്യരാശിക്കെതിരായ മാപ്പർഹിക്കാത്ത മഹാപാതകമാണ് ഹിരോഷിമ-നാഗസാക്കി ദുരന്തമെന്ന വസ്തുത വലതുപക്ഷത്തെ പ്രകോപിപ്പിക്കുന്നുവെന്ന് പോസ്റ്റിൽ പറയുന്നു. സ്റ്റാലിനെയും മാവോയെയും പോൾപോട്ടിനെയും മുൻനിർത്തി അർദ്ധസത്യങ്ങളും നുണകളും പ്രചരിപ്പിച്ച് സാമ്രാജ്യത്വ ക്രൂരതകളെ ലഘൂകരിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. പോൾപോട്ടിനെ ജീവിച്ചിരുന്ന കാലത്തുതന്നെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനവും സോവിയറ്റ് യൂണിയനും തള്ളിക്കളഞ്ഞതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അമേരിക്കൻ പ്രചാരണങ്ങളും ശീതയുദ്ധകാല ചരിത്രവും സോഷ്യലിസത്തിനും കമ്യൂണിസത്തിനുമെതിരെ ശീതയുദ്ധകാലത്ത് അമേരിക്കൻ ഏജൻസിയായ സി.ഐ.എയുടെ നേതൃത്വത്തിൽ വലിയ അപവാദപ്രചാരണങ്ങൾ നടന്നിട്ടുണ്ട്. 1956 മുതൽ 1991 വരെയുള്ള കാലയളവിൽ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാൻ പത്തു ദശലക്ഷത്തിലേറെ പുസ്തകങ്ങളാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം വിതരണം ചെയ്തതെന്നും എറിക് ബെന്നറ്റിന്റെ ‘ദി വർക്ക് ഓഫ് എംപയർ’ എന്ന പുസ്തകം ഇത് വിശദമായി പ്രതിപാദിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
ഫാസിസത്തെ തോൽപ്പിക്കുകയും മുതലാളിത്ത പ്രതിസന്ധിയിൽ നിന്ന് ലോകത്തെ രക്ഷിക്കുകയും ചെയ്ത സോവിയറ്റ് യൂണിയന്റെയും സ്റ്റാലിന്റെയും ലോകാംഗീകാരം ഇടിച്ചുനിരത്താനാണ് ‘ഹിറ്റ്‌ലർക്ക് സമം സ്റ്റാലിൻ’ എന്ന രീതിയിലുള്ള ആഖ്യാനങ്ങൾ സൃഷ്ടിച്ചെടുത്തത്. കാത്തീൻ കൂട്ടക്കൊലയും നവഫാസിസ്റ്റ് അജണ്ടയും
ഉക്രൈനിലെ ഒഡേസയിൽ കണ്ടെത്തിയ അസ്ഥിക്കൂടങ്ങൾ സ്റ്റാലിൻ കൊന്നൊടുക്കിയവരുടേതാണെന്ന നവഫാസിസ്റ്റ് പ്രചാരണം വസ്തുതാവിരുദ്ധമാണ്. നാസികളുമായി ചേർന്ന് ഉക്രൈൻ വംശീയവാദികൾ നടപ്പിലാക്കിയ ജൂത വംശഹത്യ മറച്ചുവെക്കാനാണ് ഇത്തരം നുണകൾ ഉക്രൈൻ നാഷണൽ മെമ്മറി ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ചെടുക്കുന്നത്. 1943-ലെ കാത്തീൻ കൂട്ടക്കൊല നടത്തിയത് നാസികളാണെന്ന് സോവിയറ്റ് യൂണിയൻ അന്നുതന്നെ നിയോഗിച്ച ബർഡംഗോ കമ്മീഷൻ വ്യക്തമാക്കിയതാണെന്നും യൂറി മുകിന്റെ ‘കാത്തീൻ മർഡർ മിസ്റ്ററി’ എന്ന പുസ്തകം ഇത് അടിവരയിടുന്നുണ്ടെന്നും അദ്ദേഹം കുറിപ്പിൽ വിശദീകരിക്കുന്നു.
ആർ.എസ്.എസ് എന്നും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ദാസ്യവേലക്കാരാണെന്ന് കുഞ്ഞിക്കണ്ണൻ വിമർശിച്ചു. വിയറ്റ്നാം ജനതയെ അമേരിക്കൻ പട്ടാളം കൂട്ടക്കൊല ചെയ്ത കാലത്ത് അന്നത്തെ ആർ.എസ്.എസ് മേധാവി എം.എസ്. ഗോൾവാൾക്കർ, വാജ്പേയി മുഖേന അമേരിക്കൻ പ്രസിഡന്റ് ലിൻഡൻ ജോൺസന് കത്തയച്ച് അമേരിക്കയുടെ യുദ്ധങ്ങൾക്ക് പിന്തുണ അറിയിച്ചിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സമത്വ ആശയങ്ങളോടും ജനാധിപത്യത്തോടും ശത്രുത പുലർത്തുന്നവരാണ് ആർ.എസ്.എസ് എന്നും കെ.ടി. കുഞ്ഞിക്കണ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു


Kairali News 57 minutes ago
Home Flash News