ഇന്ത്യയ്ക്ക് ആദ്യ വനിതാ 'ടോപ് ഗൺ'; ചരിത്രം കുറിച്ച് ഭാവന കാന്ത്
ആധുനിക പോരാട്ട തന്ത്രങ്ങളിൽ പരിശീലനം നൽകുന്ന 20 ആഴ്ച നീളുന്ന ഈ കഠിനമായ പ്രോഗ്രാമിലേക്ക് വളരെ കുറച്ച് ഐഎഎഫ് പൈലറ്റുമാരെ മാത്രമാണ് തിരഞ്ഞെടുക്കാറുള്ളത് എന്നതിനാൽ തന്നെ ഈ നേട്ടം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്
രാജ്യത്ത് ഏറ്റവും മികച്ചവരിൽ മികച്ച യുദ്ധവിമാന പൈലറ്റുമാർക്ക് മാത്രം നൽകുന്ന 'ടോപ് ഗൺ' പരിശീലനം പൂർത്തിയാക്കിയ ആദ്യ വനിതയായി വ്യോമസേനയലെ സ്ക്വാഡ്രൻ ലീഡർ ഭാവന കാന്ത്. ഇതുവരെ ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത് വ്യോമസേന പൈലറ്റുമാരില്‍ ഒരു ശതമാനംപേർ മാത്രമാണ് അറിയുമ്പോഴാണ്, ബിഹാറിലെ ദർഭംഗയിൽ നിന്നുള്ള ഈ 33 കാരിയുടെ നേട്ടത്തിന് തിളക്കം കൂടുന്നത്.
ഗ്വാളിയറിലെ ടാക്റ്റിക്സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിൽ (TACDE) നടക്കുന്ന പ്രശസ്തമായ ഫൈറ്റർ കോംബാറ്റ് ലീഡർ കോഴ്‌സ് പൂർത്തിയാക്കുന്ന ആദ്യ വനിതാ പൈലറ്റായാണ് ഭാവന കാന്ത് ചരിത്രം കുറിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യൻ വ്യോമസേനയിൽ മറ്റൊരു അപൂർവ്വ നേട്ടം കൂടി ഭാവന സ്വന്തം പേരില്‍ കുറിച്ചു. 2016 ജൂണിൽ അവനി ചതുർവേദി, മോഹന സിംഗ് എന്നിവർക്കൊപ്പം ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ മൂന്ന് വനിതാ ഫൈറ്റർ പൈലറ്റുമാരിൽ ഒരാളായി കമ്മീഷൻ ചെയ്തപ്പോഴാണ് സ്ക്വാഡ്രൻ ലീഡർ ഭാവന കാന്ത് ആദ്യം ചരിത്രം കുറിച്ചത്.
ആധുനിക പോരാട്ട തന്ത്രങ്ങളിൽ പരിശീലനം നൽകുന്ന 20 ആഴ്ച നീളുന്ന ഈ കഠിനമായ പ്രോഗ്രാമിലേക്ക് വളരെ കുറച്ച് ഐഎഎഫ് പൈലറ്റുമാരെ മാത്രമാണ് തിരഞ്ഞെടുക്കാറുള്ളത് എന്നതിനാൽ തന്നെ ഈ നേട്ടം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഏറ്റവും ആധുനിക സംവിധാനങ്ങളിലും യുദ്ധതന്ത്രങ്ങളിലും സാഹസിക ദൗത്യങ്ങളിലുമുള്ള പരിശീലനമാണിത്. പകൽ ആക്രമണ ദൗത്യങ്ങൾ നടത്താൻ യോഗ്യത നേടുന്ന ആദ്യ വനിതാ പൈലറ്റ് എന്ന പെരുമ 2019ല്‍ ഭാവന സ്വന്തമാക്കിയിരുന്നു.