Select Location
All Locations
State
Region
City / District
തിരിച്ചടികളിൽ തളരാതെ പോരാടിയ സഞ്ജയ് ദത്ത്

തുടർച്ചയായി 13 ഫ്ലോപ്പ് ചിത്രങ്ങൾ.. 5 വർഷത്തെ ജയിൽവാസം; ഫോർത്ത് സ്റ്റേജ് ക്യാൻസർ; തളരാതെ പോരാടി ജയിച്ച പ്രമുഖ നടൻ !

സിനിമ എന്നത് വെറും താരപ്പകിട്ടിന്റെയോ ബോക്‌സ് ഓഫീസ് വിജയങ്ങളുടെയോ കോടികളുടെയോ മാത്രം കഥയല്ല. അത് പരാജയപ്പെട്ട് തരിപ്പണമായ ഒരു മനുഷ്യൻ വീണ്ടും അതിശക്തമായി തിരികെ എത്തുന്നതിന്റെ കൂടെ കഥയാണ്. വെള്ളിത്തിരയിൽ നായകന്മാർ എത്രയൊക്കെ പ്രതിസന്ധികൾ നേരിട്ടാലും ഒടുവിൽ വിജയിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇത്തരം കഠിനമായ പോരാട്ടങ്ങൾ നടത്തി വിജയം വരിച്ചവർ വളരെ ചുരുക്കമാണ്.
ബോളിവുഡിന്റെ ആക്ഷൻ താരം സഞ്ജയ് ദത്തിന്റെ (Sanjay Dutt) ജീവിതം ഒരു സിനിമയെക്കാൾ ഒട്ടും കുറവല്ല. തുടർച്ചയായ 13 ബോക്‌സ് ഓഫീസ് പരാജയങ്ങൾ, ജയിൽവാസം, വ്യക്തിജീവിതത്തിലെ വലിയ കൊടുങ്കാറ്റുകൾ, ഒടുവിൽ ഫോർത്ത് സ്റ്റേജ് ക്യാൻസറിനോടുള്ള പോരാട്ടം ഇത്രയധികം ആഘാതങ്ങൾ ഏറ്റിട്ടും അദ്ദേഹം ഉറച്ചുനിന്നു.
1981-ൽ 'റോക്കി' എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ദത്ത് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 1986-ൽ പുറത്തിറങ്ങിയ 'നാം' എന്ന സിനിമ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. എന്നാൽ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് തിരിച്ചടികൾ തുടങ്ങിയത്. തുടർച്ചയായി 13 ചിത്രങ്ങളാണ് ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടത്. സഞ്ജയ് ദത്തിന്റെ സിനിമാ കരിയർ അവസാനിച്ചു എന്ന് സിനിമാ ലോകം ഉറപ്പിച്ചു.
എന്നാൽ, 1993-ൽ പുറത്തിറങ്ങിയ 'ഖൽനായക്' എന്ന ചിത്രം അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി. മാധുരി ദീക്ഷിത്, ജാക്കി ഷ്രോഫ് എന്നിവർക്കൊപ്പം സഞ്ജയ് ദത്ത് അഭിനയിച്ച ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. സഞ്ജയ് ദത്ത് ബോളിവുഡിന്റെ സൂപ്പർതാര പദവിയിലേക്ക് വീണ്ടും തിരിച്ചെത്തി.
വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് വിധി വീണ്ടും വില്ലനായത്. 1993-ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി എ.കെ-56 റൈഫിൾ കൈവശം വെച്ചു എന്ന ആരോപണത്തിൽ സഞ്ജയ് ദത്ത് അറസ്റ്റിലായി. കോടതി കയറിറങ്ങലുകളും ജയിൽവാസവും അദ്ദേഹത്തിന്റെ കരിയറിനെ വീണ്ടും അനിശ്ചിതത്വത്തിലാക്കി. ദശലക്ഷക്കണക്കിന് ആരാധകരുടെ കയ്യടി ഏറ്റുവാങ്ങിയ ആ നടന് ഒടുവിൽ ജയിൽ മുറിയിൽ തടവുകാരനായി ദിവസങ്ങൾ എണ്ണേണ്ടി വന്നു. എന്നാൽ, തടവറയിലെ ആ കഠിന ദിനങ്ങളെ തന്റെ ജീവിതത്തിന്റെ അവസാനമായി കാണാതെ പുതിയൊരു തുടക്കത്തിനുള്ള ഊർജ്ജമാക്കുകയാണ് അദ്ദേഹം ചെയ്തത്.
കഠിനമായ പോരാട്ടങ്ങൾക്കൊടുവിൽ ജീവിതം സാധാരണ നിലയിലായെന്ന് തോന്നിച്ച സമയത്താണ് 2020-ൽ മറ്റൊരു ആഘാതം എത്തുന്നത്. സഞ്ജയ് ദത്തിന് നാലാം ഘട്ട ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു. ഏതൊരു സാധാരണക്കാരനെയും തളർത്തിക്കളയുന്ന വാർത്തയായിരുന്നു അത്. എന്നാൽ ചികിത്സയിൽ കഴിയുമ്പോൾത്തന്നെ കന്നഡ ചിത്രമായ 'കെ.ജി.എഫ്: ചാപ്റ്റർ 2'-ലെ അധീര എന്ന വില്ലൻ കഥാപാത്രത്തിൽ അഭിനയിക്കാൻ അദ്ദേഹം തയാറായി.യഷിന്റെ നായകകഥാപാത്രത്തോട് ഏറ്റുമുട്ടുന്ന 'അധീര'യായി സഞ്ജയ് ദത്ത് സ്ക്രീനിലെത്തിയപ്പോൾ പ്രേക്ഷകർക്ക് അത് വിസ്മയമായി. ആഗോളതലത്തിൽ 1,200 കോടി രൂപയിലധികം കളക്ഷൻ നേടിയ ചിത്രം സഞ്ജയ് ദത്തിന്റെ മാസ് തിരിച്ചു വരവിന് സാക്ഷ്യം വഹിച്ചു. 'കെ.ജി.എഫ് 2'-ന്റെ വമ്പൻ വിജയത്തിന് ശേഷം ദക്ഷിണേന്ത്യൻ സിനിമകളിൽ സഞ്ജയ് ദത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. വിജയ് നായകനായ തമിഴ് ചിത്രം 'ലിയോ'യിൽ ക്രൂരനായ ആന്റണി ദാസ് എന്ന വില്ലനായി അദ്ദേഹം തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. തുടർന്ന് പുരി ജഗന്നാഥ് - റാം പോതിനേനി കൂട്ടുകെട്ടിലിറങ്ങിയ 'ഡബിൾ ഇസ്മാർട്ട്' എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. പ്രഭാസ് നായകനാകുന്ന 300 കോടി ബജറ്റ് ചിത്രമായ 'ദി രാജാസാബ്' എന്ന പാൻ-ഇന്ത്യൻ സിനിമയിലും വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ അദ്ദേഹം എത്തുന്നുണ്ട്. തിരിച്ചടികളിൽ തളരാതെ പോരാടുന്ന സഞ്ജയ് ദത്തിന്റെ ജീവിതം ഏതൊരു കലാകാരനും വലിയൊരു പ്രചോദനമാണ്.


News18Kerala 50 minutes ago
Home Flash News