Select Location
All Locations
State
Region
City / District
ലുലു ഗ്രൂപ്പ് ഗുജറാത്തില്‍ ഇറക്കുന്നത് 4000 കോടി; 21 ഏക്കറില്‍ ഷോപ്പിങ് മാളും പഞ്ചനക്ഷത്ര ഹോട്ടലും

പ്രവാസി വ്യവസായി എംഎ യൂസഫലി നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വന്‍ നിക്ഷേപം നടത്തുന്നുണ്ട്. ഗുജറാത്തില്‍ നടത്തുന്ന 4000 കോടി രൂപയുടെ നിക്ഷേപം അതില്‍ പ്രധാനപ്പെട്ടതാണ്. അഹമ്മദാബാദില്‍ അടുത്തിടെ വാങ്ങിയ 21 ഏക്കറിലാണ് ഷോപ്പിങ്മാള്‍ ഉള്‍പ്പെടെ വരുന്നത്. 15000 പേര്‍ക്ക് ജോലി നല്‍കുന്ന പദ്ധതിയാണിത്.
ആന്ധ്ര പ്രദേശിലും കോടികളുടെ നിക്ഷേപം ലുലു ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായ വേളയില്‍ ഒട്ടേറെ വ്യവസായികളെ സംസ്ഥാനത്തേക്ക് ക്ഷണിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ലുലു ഗ്രൂപ്പിനെയും ക്ഷണിച്ചത്. എന്നാല്‍ തല്‍ക്കാലം പദ്ധതി മരവിപ്പിച്ചു. പക്ഷേ, ഗുജറാത്തില്‍ പദ്ധതി മുന്നോട്ട് പോകുന്നുണ്ട്.
ഇന്ത്യയും യുഎഇയും സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ലുലു ഗ്രൂപ്പും ഡിപി വേള്‍ഡുമെല്ലാം ഗുജറാത്തില്‍ നിക്ഷേപിക്കുന്നത്. അഹമ്മദാബാദിലെ 21 ഏക്കറില്‍ ഷോപ്പിങ് മാള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമുച്ചയമാണ് ലുലു ഗ്രൂപ്പ് ഒരുക്കുന്നത്. കൂടാതെ ഫുഡ്പാര്‍ക്ക്, മല്‍സ്യ സംസ്‌കരണ ശാല എന്നിവയും ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്.
വ്യവസായ സൗഹൃദത്തിന് പ്രാധാന്യം നല്‍കിയാണ് ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഈ അവസരം ഉപയോഗപ്പെടുത്തുകയാണ് ലുലു ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വ്യവസായ ലോകം. യുഎഇ-ഇന്ത്യ സാമ്പത്തിക ഇടനാഴിയില്‍ സുപ്രധാന കേന്ദ്രമായി ഗുജറാത്ത് മാറുമെന്ന് യുഎഇ മന്ത്രി അബ്ദുല്ല ബിന്‍ തൗഖുല്‍ മര്‍റി പറഞ്ഞു. തുറമുഖ-ലോജിസ്റ്റിക് മേഖലയില്‍ 11 ബില്യണ്‍ ദിര്‍ഹമാണ് ഡിപി വേള്‍ഡ് ഗുജറാത്തില്‍ നിക്ഷേപിക്കുന്നത്.
അഹമ്മദബാദില്‍ ഭൂമി വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് മുടക്കിയത് 519 കോടി രൂപയാണ്. ഇതിന് വേണ്ടി 31 കോടി രൂപയുടെ മുദ്രപത്രം വാങ്ങിയത് കഴിഞ്ഞ വര്‍ഷം വലിയ വാര്‍ത്തയായിരുന്നു. ഇടപാടിലൂടെ ഇത്രയും രൂപ ഗുജറാത്ത് സര്‍ക്കാരിന് ലഭിച്ചു. അഹമ്മദാബാദിലെ ചന്ദ്രഖേഡയിലെ കണ്ണായ സ്ഥലമാണ് ലുലു ഗ്രൂപ്പ് വാങ്ങിയത്. അഹമ്മദാബാദ് കളക്ട്രേറ്റ് വളപ്പിലുള്ള സബര്‍മതി സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു ഭൂമിയുടെ രജിസ്‌ട്രേഷന്‍.
ലുലു ഗ്രൂപ്പ് ലേലത്തില്‍ പിടിക്കുകയായിരുന്നു ഭൂമി. ചതുരശ്ര മീറ്ററിന് 76000 രൂപയായിരുന്നു അടിസ്ഥാന വില. ലുലു ഗ്രൂപ്പ് 78500 രൂപയ്ക്ക് ലേലം ഉറപ്പിച്ചു. ഈ നടപടികള്‍ നേരത്തെ നടന്നെങ്കിലും ഭൂമി പൂര്‍ണമായി ലുലു ഗ്രൂപ്പിന് കിട്ടുന്നതിന് സമയമെടുത്തു. കോര്‍പറേഷന്റെ സ്ഥലം വേഗത്തില്‍ കൈമാറാന്‍ സാധിച്ചെങ്കിലും ഒരു വിഭാഗം കര്‍ഷകരുടെ ഭൂമിയും ഇതോടൊപ്പമുണ്ടായിരുന്നു. ആറ് മാസത്തോളം കഴിഞ്ഞ ശേഷമാണ് കൈവശാവകാശം കിട്ടിയത്.


One India Malayalam 45 minutes ago
Home Flash News