ക്യൂബയിലേക്ക് ജീവൻരക്ഷാ മരുന്നുകളുമായി സിപിഎം പ്രതിനിധി സംഘം
പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി എന്നവരുൾപ്പെട്ട സിപിഎം പ്രതിനിധിസംഘം ജീവൻരക്ഷാ മരുന്നുകളുമായി ക്യൂബയിലേക്ക് തിരിച്ചു.ഫിദൽ കാസ്‌ട്രോയുടെ ജന്മശതാബ്ദി സമാപന ചടങ്ങുകളുടെ ഭാഗമായുള്ള കൊളോക്യത്തിൽ പങ്കെടുക്കാനും കൂടി വേണ്ടിയാണ് സംഘം ക്യൂബയിലേക്ക് യാത്ര തിരിച്ചതെന്ന് സിപിഎം പ്രസ്താവനയിൽ അറിയിച്ചു.
കർണാടക സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മീനാക്ഷി സുന്ദരം, ഛത്തീസ്ഗഢ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ധരംരാജ് മഹാപാത്ര, കേരള സംസ്ഥാന കമ്മിറ്റി അംഗം എൻ. ചന്ദ്രൻ, കാർഷിക ഉപസമിതി അംഗം ബി. വെങ്കട്ട്, കേന്ദ്ര ട്രേഡ് യൂണിയൻ ഫ്രാക്ഷൻ അംഗം അനിൽ എസ്.എസ്. എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
കാൻസർ, ഹൃദ്രോഗങ്ങൾ, ജീവൻ അപായപ്പെടുത്തുന്ന മറ്റ് ഗുരുതര രോഗങ്ങൾ എന്നിവയ്ക്കുള്ള നിരവധി കാർട്ടൺ മരുന്നുകളുമായാണ് നേതാക്കൾ യാത്ര തിരിച്ചിരിക്കുന്നത്. ക്യൂബയിലെ ഹൃദ്രോഗാശുപത്രിയും പീഡിയാട്രിക് ഒങ്കോളജി ആശുപത്രിയും ഈ സംഘം സന്ദർശിക്കുമെന്ന് സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി