Select Location
All Locations
State
Region
City / District
ട്രംപ് ചതിച്ചോ? 20 യുഎസ് യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയില്‍, ഇറാനെ ഞെരുക്കത്തിലാക്കാന്‍ നീക്കം

ടെഹ്‌റാന്‍: ഇറാനുമായി കടുത്ത സ്വരം ഒഴിവാക്കി ട്രംപ് വിട്ടുവീഴ്ച ചെയ്തു എന്നാണ് ഞായറാഴ്ച രാത്രി വന്ന വാര്‍ത്ത. എന്നാല്‍ അമേരിക്കന്‍ സൈന്യം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത് മറ്റൊരു വിവരമാണ്. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ 20ല്‍ അധികം യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു എന്ന് യുഎസ് സെന്‍ട്രല്‍ കമാന്റ് എക്‌സില്‍ കുറിച്ചു. കപ്പലിലുള്ള സൈനികരുടെ ചിത്രവും പങ്കുവച്ചു
ഇറാനെതിരെ അമേരിക്ക നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ തുറമുഖങ്ങളിലേക്ക് വരുന്ന കപ്പല്‍ തടയുകയും തുറമുഖത്ത് നിന്ന് പുറപ്പെടാന്‍ കപ്പലുകളെ അനുവദിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഉപരോധം. ഇതിന് വേണ്ടിയാണ് പുതിയ യുഎസ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചത് എന്നാണ് യുഎസ് സൈന്യം എക്‌സില്‍ പറയുന്നത്. യുഎസ്എസ് റോസ് എന്ന കപ്പലിലെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
പശ്ചിമേഷ്യയില്‍ അമേരിക്ക വിന്യസിച്ച 20ല്‍ അധികം യുദ്ധ കപ്പലുകളില്‍ ഒന്നാണ് യുഎസ്എസ് റോസ്. മേഖലയിലെ സൈനിക ദൗത്യത്തെ സഹായിക്കുക, ഇറാനെതിരായ ഉപരോധം ശക്തിപ്പെടുത്തുക എന്നവയാണ് ലക്ഷ്യം- എക്‌സില്‍ യുഎസ് സൈന്യം കുറിച്ചത് ഇങ്ങനെയാണ്. ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാനിലേക്കുള്ള 55 കപ്പലുകള്‍ വഴി തിരിച്ചുവിട്ടു, രണ്ടെണ്ണം നശിപ്പിച്ചു എന്നും യുഎസ് സൈന്യം അറിയിച്ചു.
അതേസമയം, ഞായറാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് മറ്റൊന്നാണ്. ഹോര്‍മുസ് പാത തുറന്നാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ആണവ കരാര്‍ വിവാദം ഉള്‍പ്പെടെ മാറ്റിവെക്കാമെന്ന സൂചനയും ട്രംപ് നല്‍കി. അതായത്, വിട്ടുവീഴ്ചയുടെ സ്വരമായിരുന്നു ട്രംപിന്. തൊട്ടുപിന്നാലെയാണ് യുഎസ് സൈനികര്‍ കപ്പലുകള്‍ വിന്യസിച്ച കണക്ക് പുറത്തുവിട്ടിരിക്കുന്നത്
ഇറാനെതിരെ അമേരിക്ക സൈനിക നടപടി ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം സാമ്പത്തികമായി ഞെരുക്കാന്‍ ഉപരോധം ശക്തമാക്കുകയാണ് ലക്ഷ്യം. തുറമുഖങ്ങള്‍ ഉപരോധിക്കുന്നതിലൂടെ ഇറാനില്‍ സാമ്പത്തിക ഞെരുക്കം ശക്തമാകും. യുദ്ധത്തില്‍ നിന്ന് അവര്‍ പിന്മാറുമെന്നും അമേരിക്ക കരുതുന്നു. എന്നാല്‍ ഉപരോധം പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയുള്ളൂ എന്നാണ് ഇറാന്റെ നിലപാട്.
ഹോര്‍മുസ് തുറക്കാന്‍ നിലവില്‍ ഇറാന് പദ്ധതിയില്ല. ഹോര്‍മുസിലെ രാജ്യങ്ങളായ ഇറാനും ഒമാനും തമ്മില്‍ ചര്‍ച്ച നടത്തി ചില കാര്യങ്ങളില്‍ ധാരണയിലെത്തിയിട്ടുണ്ട്. കൂടുതല്‍ അധികാരം ഇറാന് നല്‍കുന്ന വിധത്തിലാണ് ധാരണ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുസംബന്ധിച്ച സമ്പൂര്‍ണ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതിനിടെയാണ് ട്രംപ് രമ്യതയുടെ സ്വരത്തില്‍ പ്രതികരിച്ചത്. മുമ്പ് ഉന്നയിച്ച ആവശ്യങ്ങളില്‍ നിന്ന് അദ്ദേഹം പിന്നാക്കം പോയി. തൊട്ടുപിന്നാലെയാണ് യുഎസ് സൈന്യം യുദ്ധക്കപ്പല്‍ വിന്യസിച്ച കാര്യം പരസ്യമാക്കിയത്. പരസ്പര വിരുദ്ധമായ നിലപാടാണ് ട്രംപും യുഎസ് സൈന്യവും സ്വീകരിക്കുന്നത് എന്ന് ചുരുക്കം.


One India Malayalam 1 hour ago
Home Flash News