നമ്മുടെ കൈയിലെ ഫോൺ പതുക്കെ നമ്മുടെ കഴുത്തിനെ തകർക്കുകയാണോ? എന്താണ് ഈ ‘ടെക്സ്റ്റ് നെക്ക് സിൻഡ്രോം’ (Text Neck Syndrome) എന്നറിയാമോ? ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ എഴുതുന്നു.
ഒരു ദിവസം നിങ്ങൾ എത്ര മണിക്കൂർ തല കുനിച്ച് ഫോൺ നോക്കുന്നു? രാവിലെ കണ്ണുതുറന്ന ഉടൻ ഫോൺ. പ്രഭാതഭക്ഷണത്തിനിടെ ഫോൺ. യാത്രയിൽ ഫോൺ. ജോലിക്കിടയിൽ ഫോൺ. കിടക്കയിൽ കിടന്നും ഫോൺ. നമ്മുടെ കൈകളിൽ ഫോൺ വളർന്നു. പക്ഷേ അതിനൊപ്പം നമ്മുടെ കഴുത്തിന്റെ വേദനയും വളരുകയാണോ?
ഇന്ന് കുട്ടികളിലും യുവാക്കളിലും തെറ്റായ ശരീരനിലയും (Posture) ഉദാസീനമായ ജീവിതശൈലിയും വർധിച്ചുവരികയാണ്. ദീർഘനേരം തല കുനിച്ച് ഇരുന്ന് മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ, ടാബ്‌ലെറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കഴുത്തിലെ പേശികൾക്കും സന്ധികൾക്കും അമിതമായ സമ്മർദ്ദം ഉണ്ടാക്കാം. കാലക്രമേണ ഇത് കഴുത്തുവേദന, കഴുത്തിലെ മരവിപ്പ്, പേശികളുടെ വലിവ്, തോളിലും മുകൾഭാഗത്തെ പുറകിലും വേദന തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കാം.
ഈ പ്രശ്നങ്ങളെ പൊതുവെ വിളിക്കുന്ന പേരാണ് ‘ടെക്സ്റ്റ് നെക്ക് സിൻഡ്രോം’ (Text Neck Syndrome). കുട്ടികളിലും യുവാക്കളിലും മാത്രമല്ല, മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ ജോലി ചെയ്യുന്ന ഓഫീസ് ജീവനക്കാരിലും ഈ പ്രശ്നം വ്യാപകമായി കണ്ടുവരുന്നു.
നമ്മുടെ തലച്ചോറിന് ഫോൺ ഇഷ്ടമാണ്… പക്ഷേ കഴുത്തിന് അത്ര ഇഷ്ടമല്ല!
നമ്മുടെ തലയുടെ ഭാരം താങ്ങാൻ കഴുത്ത് സ്വാഭാവികമായി രൂപകൽപ്പന ചെയ്തതാണ്. എന്നാൽ തല മുന്നോട്ടും താഴേക്കും കുനിച്ച് ദീർഘനേരം ഫോൺ നോക്കുമ്പോൾ, കഴുത്തിലെ പേശികൾക്കും സന്ധികൾക്കും അധിക സമ്മർദ്ദം ഉണ്ടാകുന്നു.
പ്രശ്നം ഫോൺ നോക്കുന്നതല്ല, ഫോൺ നോക്കുന്ന രീതിയാണ്
ഒരേ തെറ്റായ ശരീരനിലയിൽ (Abnormal posture) ദീർഘനേരം തുടരുന്നതാണ് കഴുത്തിന് യഥാർഥ പ്രശ്നമാകുന്നത്.
കഴുത്തിന്റെ സ്വാഭാവിക വളവ് നഷ്ടപ്പെടുമ്പോൾ
നമ്മുടെ കഴുത്തിന് സ്വാഭാവികമായി മുന്നോട്ട് വളഞ്ഞിരിക്കുന്ന ‘C’ ആകൃതിയിലുള്ള വളവ് ( Cervical Lordosis) ഉണ്ട്. ഇത് തലയുടെ ഭാരം ശരിയായി താങ്ങാനും കഴുത്തിന്റെ സ്വാഭാവിക ചലനവും സന്തുലിതാവസ്ഥയും നിലനിർത്താനും സഹായിക്കുന്നു. തെറ്റായ ശരീരനില ദീർഘകാലം തുടരുമ്പോൾ ചിലരിൽ കഴുത്തിന്റെ സ്വാഭാവിക വളവ് നേരെയാകുകയും (Cervical Straightening) മറ്റു തേയ്മാന മാറ്റങ്ങളോടൊപ്പം വളവ് പിന്നോട്ടായി മാറുകയും ചെയ്യാം (Cervical Kyphosis). തല കൂടുതൽ മുന്നോട്ട് വരുന്നതോടെ കഴുത്തിലെ സമ്മർദ്ദം വർധിച്ച് തീവ്രമായ വേദന, കൈകളിലേക്ക് പടരുന്ന വേദന, മരവിപ്പ്, ബലക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
കഴുത്ത് നൽകുന്ന മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്
കഴുത്തിൽ തുടർച്ചയായ വേദനയോ മുറുക്കമോ
തോളിലും മുകൾഭാഗത്തെ പുറകിലും വേദന
കഴുത്ത് തിരിക്കാനോ ചലിപ്പിക്കാനോ ബുദ്ധിമുട്ട്
ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന
കഴുത്തിലെ പേശികളിൽ വലിവോ മുറുക്കമോ
കഴുത്തിൽ നിന്ന് കൈകളിലേക്ക് പടരുന്ന വേദന
കൈകളിൽ മരവിപ്പ്, തരിപ്പ്, സൂചികുത്തുന്നതുപോലുള്ള അനുഭവം
മൂർച്ചയുള്ളതോ കുത്തിപ്പിടിക്കുന്നതോ ആയ വേദന
ദീർഘനേരം ഫോൺ ഉപയോഗിച്ചതിനുശേഷം വേദന വർധിക്കുക
മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതും കഴുത്തുവേദനയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ തെറ്റായ ശരീരനില മാത്രമല്ല കാരണം. ശാരീരിക പ്രവർത്തനക്കുറവ്, ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം തുടങ്ങിയ ഘടകങ്ങളും കഴുത്തുവേദനയ്ക്ക് കാരണമാകാം.
ഫോൺ ഉപേക്ഷിക്കേണ്ട
കഴുത്തുവേദന ഒഴിവാക്കാൻ ഫോൺ ഉപേക്ഷിക്കേണ്ടതില്ല, ഫോൺ ഉപയോഗിക്കുന്ന രീതി മാറ്റിയാൽ മതി.
ഫോൺ കണ്ണിന്റെ ഉയരത്തിൽ പിടിക്കുക. തല കുനിക്കുന്നതിന് പകരം ഫോൺ ഉയർത്തുക.
ഒരേ ശരീരനിലയിൽ ദീർഘനേരം ഇരിക്കരുത്. ഇടയ്ക്കിടെ എഴുന്നേൽക്കുക. നടക്കുക. കഴുത്തും തോളുകളും ചലിപ്പിക്കുക.
“കൃത്യമായ ഇടവേളകൾ” ശീലമാക്കുക. തുടർച്ചയായി ദീർഘനേരം ഫോൺ നോക്കാതെ ഇടയ്ക്കിടെ കണ്ണിനും ശരീരത്തിനും വിശ്രമം നൽകുക.
പുറത്തിന് മതിയായ താങ്ങ് ( Support) ലഭിക്കുന്ന വിധത്തിൽ ഇരിക്കുക. തോളുകൾ സ്വാഭാവികമായി അയഞ്ഞ നിലയിൽ വയ്ക്കുക. മുന്നോട്ട് തള്ളിയുള്ള ഇരിപ്പ് ഒഴിവാക്കുക. കഴുത്തും നട്ടെല്ലും സ്വാഭാവികമായ നേരായ നിലയിൽ (Erect) നിലനിർത്താൻ ശ്രദ്ധിക്കുക.
കിടന്നുകൊണ്ട് ഫോൺ ഉപയോഗിക്കരുത്. പ്രത്യേകിച്ച് വലിയ തലയിണയിൽ തല ഉയർത്തിവെച്ച് കഴുത്ത് വളച്ചുള്ള ഫോൺ ഉപയോഗം ഒഴിവാക്കുക.
പതിവായി വ്യായാമം ചെയ്യുക. കഴുത്ത്, തോളുകൾ, മുകൾഭാഗത്തെ പുറം എന്നിവയ്ക്കുള്ള വലിച്ചുനീട്ടൽ-ശക്തിവർധക വ്യായാമങ്ങൾ സഹായകരമാണ്. വ്യക്തിഗത പ്രശ്നങ്ങളുണ്ടെങ്കിൽ വിദഗ്ധരുടെ നിർദേശം തേടുക.
വേദനയെ നിസാരമായി കാണരുത്. കൈകളിൽ മരവിപ്പ്, തരിപ്പ്, ബലക്കുറവ്, ശക്തമായി പടരുന്ന വേദന, നടക്കുമ്പോൾ സന്തുലിതാവസ്ഥ നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ വൈദ്യപരിശോധന ആവശ്യമാണ്.
LIVE