രാജ്യത്ത് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ സ്വര്‍ണ വിലയില്‍ വലിയ വര്‍ധനവ് ഉണ്ടായേക്കും എന്ന് യൂണിക് ചെയിന്‍സ് ഡയറക്ടര്‍ സയം മെഹ്റ. വരാനിരിക്കുന്ന ഉത്സവ-വിവാഹ സീസണുകളില്‍ സ്വര്‍ണത്തിനുള്ള ആവശ്യം വര്‍ധിക്കുന്നതോടെ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ സ്വര്‍ണവില 15-20 ശതമാനം വരെ ഉയര്‍ന്നേക്കാം എന്നാണ് സയം മെഹ്‌റ പറയുന്നത്.
നിലവിലെ നിരക്കില്‍ നിന്ന് വിലയില്‍ താല്‍ക്കാലികമായി 500-700 രൂപയുടെ കുറവുണ്ടാകാമെങ്കിലും, എംസിഎക്‌സില്‍ 10 ഗ്രാമിന് 1.54 ലക്ഷം രൂപ എന്ന നിരക്ക് വാങ്ങാന്‍ അനുയോജ്യമായ ഒന്നായാണ് മെഹ്റ കാണുന്നത്. നിരക്കില്‍ താല്‍ക്കാലികമായി 10 മുതല്‍ 20 അല്ലെങ്കില്‍ 30 ഡോളര്‍ വരെയോ, അല്ലെങ്കില്‍ നിലവിലെ നിരക്കില്‍ നിന്ന് 500-700 രൂപ വരെയോ കുറവുണ്ടായേക്കാം.
എന്നാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍, വരും ദിവസങ്ങളില്‍ (15 മുതല്‍ 30 ദിവസം വരെ) സ്വര്‍ണവില ക്രമേണ വര്‍ധിച്ചുകൊണ്ടേയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി വിപണിയില്‍ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയില്‍ മന്ദതയുണ്ടായിരുന്നെങ്കിലും, അത് മാറുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
രക്ഷാബന്ധന്‍, സെപ്റ്റംബറിലെ ഉത്സവ സീസണ്‍, വിവാഹ സീസണ്‍ എന്നിവ വില്‍പ്പനയെ സഹായിക്കുമെന്ന് കരുതപ്പെടുന്നു. സ്വര്‍ണവിലയിലുള്ള വര്‍ധനവ് വില്‍പ്പനയുടെ മൂല്യം ഉയര്‍ത്തുമെങ്കിലും, വില്‍പ്പനയുടെ അളവ് കഴിഞ്ഞ വര്‍ഷത്തിന് സമാനമായി തുടരാനാണ് സാധ്യതയെന്ന് മെഹ്റ പറഞ്ഞു. ആഭരണ ഓര്‍ഡറുകളില്‍ ഇതിനകം തന്നെ തിരിച്ചുവരവ് പ്രകടമാണെന്ന് മെഹ്റ പറഞ്ഞു.
കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ നിര്‍മ്മാതാക്കള്‍ക്ക് വന്‍തോതില്‍ ഓര്‍ഡറുകള്‍ ലഭിച്ചതായും ആഭരണങ്ങള്‍ ഇപ്പോള്‍ റീട്ടെയിലര്‍മാരിലേക്ക് എത്തിത്തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. രത്‌ന-ആഭരണ മേഖലയ്ക്ക് വരുന്ന മൂന്ന് മാസങ്ങള്‍ അനുകൂലമായിരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. അതേസമയം, സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധനവിനനുസരിച്ച് ഭാരം കുറഞ്ഞതും കുറഞ്ഞ കാരറ്റ് മൂല്യമുള്ളതുമായ ആഭരണങ്ങള്‍ വാങ്ങിക്കൊണ്ട് ഉപഭോക്താക്കള്‍ സാഹചര്യവുമായി പൊരുത്തപ്പെടുന്നുണ്ട്.
LIVE