അന്തിമ പരിശോധനാ ഫലം ലഭിക്കുന്നത് വരെ ഇവർക്ക് റൊട്ടേഷൻ ചുമതലകൾ ഉണ്ടായിരിക്കില്ല
എയർ ഇന്ത്യ നടത്തുന്ന പ്രാഥമിക ലഹരി പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പരാജയപ്പെട്ടു. ലഹരിമരുന്നിന്റെ ഉപയോഗമാണോ അതോ കഴിക്കുന്ന മരുന്നുകളാണോ ഫലത്തെ സ്വാധീനിച്ചതെന്ന് സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് ഉദ്യോഗസ്ഥർ സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു.
മുൻകരുതൽ നടപടിയെന്ന നിലയിൽ ഇരുവരെയും വിമാന സർവീസുകളിൽ നിന്ന് മാറ്റിനിർത്തി. അന്തിമ പരിശോധനാ ഫലം ലഭിക്കുന്നത് വരെ ഇവർക്ക് റൊട്ടേഷൻ ചുമതലകൾ ഉണ്ടായിരിക്കില്ല.
ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചതായി ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ഡ്രഗ് സ്ക്രീനിംഗ് ഏർപ്പെടുത്തിയത്. ഇതുവരെ നാന്നൂറോളം പൈലറ്റുമാരെയാണ് വിപുലമായ ഈ പരിശോധനയ്ക്ക് വിധേയരാക്കിയത്
ഓഗസ്റ്റ് 4-ന് നടന്ന AI2379 ഫുക്കറ്റ്-ഡൽഹി എയർബസ് A320നിയോ വിമാന അപകടത്തിന് പിന്നാലെയാണ് ജീവനക്കാർക്കിടയിൽ വിപുലമായ പരിശോധനയ്ക്ക് എയർ ഇന്ത്യ ഉത്തരവിട്ടത്. വിമാനം പറന്നുയർന്ന് 90 മിനിറ്റിനുശേഷം ഒഡീഷ തീരത്തിന് സമീപത്തുവെച്ച് പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ 24 യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റിരുന്നു.