ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്ക് എക്കാലത്തും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുള്ള ഒന്നാണ്. ഇപ്പോഴിതാ ഈ ഗതാഗതക്കുരുക്ക് ഇനി യാത്രക്കാരുടെ മാത്രം പ്രശ്‌നമല്ലെന്നും അത് നഗരത്തിന്റെ ഉൽപ്പാദനക്ഷമതയെ ബാധിക്കുന്ന വിഷയമായി മാറുകയാണെന്നും പറയുകയാണ് ഒരു എഐ കമ്പനി സ്ഥാപകൻ. രാവിലെ 10.15ന് ആളൊഴിഞ്ഞ ഓഫീസ് കെട്ടിടത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ ചർച്ചയ്ക്ക് തുടക്കമിട്ടത്
എഐ രംഗത്തെ ഒരു സ്‌റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ അമരക്കാരനായ ബാല പനീർശെൽവം ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് മികച്ച രീതിയിൽ ജോലി ചെയ്യാനുള്ള നഗരത്തിന്റെ ശേഷിയെ ഗുരുതരമായി ബാധിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. വൈറ്റ്ഫീൽഡിൽ നിന്ന് എച്ച്എസ്ആർ ലേഔട്ടിലേക്ക് ഏകദേശം 17 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വൈകിട്ട് നാലുമണിയോടെ രണ്ട് മണിക്കൂർ എടുത്തതാണ് അദ്ദേഹത്തെ ഇത്തരമൊരു പ്രതികരണത്തിലേക്ക് നയിച്ചത്.
മഴയോ മറ്റേതെങ്കിലും പ്രത്യേക തടസങ്ങളോ ഇല്ലാത്ത സാധാരണ ദിവസമായിരുന്നിട്ടും യാത്രയ്ക്ക് ഇത്രയും സമയം വേണ്ടിവന്നതായി അദ്ദേഹം പറഞ്ഞു. രാവിലെ 10.15ന് എടുത്ത തന്റെ ഓഫീസ് ചിത്രവും അദ്ദേഹം പങ്കുവെച്ചു. നിരനിരയായി മേശകളും കസേരകളും ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയായിരുന്നു. എച്ച്എസ്ആർ ലേഔട്ടിലെ ഓഫീസിൽ എടുത്ത ചിത്രത്തിൽ ആ സമയത്ത് ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരേ സ്ഥലത്ത് പ്രവർത്തിക്കുന്ന നാല് മുതൽ അഞ്ച് വരെ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉൾപ്പെടുത്തിയാലും വളരെ കുറച്ച് ആളുകൾ മാത്രമാണ് രാവിലെ ഓഫീസിലെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഓഫീസുകളിലേക്ക് എത്താൻ ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടാണ് പലരും രാവിലെ വൈകിയെത്തുന്നതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാർ സാധാരണയായി രാവിലെ പത്ത് മണിക്കും ഉച്ചയ്ക്ക് പന്ത്രണ്ടിനുമിടയിലാണ് ഓഫീസുകളിൽ എത്താൻ തുടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
LIVE