67 കാരൻ്റെ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം ബന്ധുവായ പെൺകുട്ടി പറഞ്ഞതോ?
കൊല്ലം സ്വദേശിയായ 67-കാരനെ ആലപ്പുഴ കരുവാറ്റയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബന്ധുവായ പതിമൂന്നുകാരിക്ക് കൊല്ലപ്പെട്ട ശിവൻകുട്ടിയോട് നേരത്തെതന്നെ വൈരാഗ്യമുണ്ടായിരുന്നുവെന്നും കാമുകനെക്കൊണ്ട് കൊലപാതകം ചെയ്യിക്കാൻ പ്രേരണ നൽകുകയായിരുന്നുവെന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വയോധികൻ മോശമായി സ്പർശിച്ചുവെന്ന് പെൺകുട്ടി പറഞ്ഞിട്ടുണ്ടെങ്കിലും മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് പറയുന്നു. വയോധികനെ കൊല്ലണമെന്ന ഒരു വാശി കുട്ടി പ്രകടിപ്പിച്ചു. 17-ാം തീയതി രാവിലെയാണ് ഒരാൾ മരിച്ചുകിടക്കുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. സംഭവസ്ഥലത്ത് എത്തിയപ്പോൾ തന്നെ കൊലപാതകമാണെന്ന സംശയം പോലീസിന് ഉണ്ടായിരുന്നു. ആ സമയത്ത് മറ്റ് തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല. കൈയും കാലും തുണി ഉപയോഗിച്ച കെട്ടിയ നിലയിലിരുന്നു ബോഡി. കേസിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് അടുത്ത ബന്ധുക്കളേയും പുറത്തുള്ളവരേയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് അടുത്ത ബന്ധുവായ പെൺകുട്ടിയുടെ മൊഴി എടുത്തത്. മൊഴിയിലെ വൈരുദ്ധ്യം കാരണം ഒരു സംഘം സമാന്തരമായ അന്വേഷണം നടത്തി. ഇതിലാണ് കൊലപാതകവിവരം വ്യക്തമായത്.
ശിവൻകുട്ടി മോശമായി സ്പർശിച്ചുവെന്ന് പെൺകുട്ടി പറഞ്ഞിരുന്നെങ്കിലും കവർച്ച തന്നെയായിരുന്നു കൊലപാതകത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി. 15-ാം തീയതി വൈകുന്നേരം കൊല്ലത്തുനിന്ന് എത്തിയ മൂന്നംഗ സംഘം വീടിന്റെ വെന്റിലേറ്റർ വഴി അകത്തുകടന്നാണ് കൃത്യം നടത്തിയത്. സ്വർണവും പണവും അപഹരിക്കാമെന്ന് പറഞ്ഞ് പെൺകുട്ടി തന്നെയാണ് ഇവരെ സ്ഥലത്തെത്തിച്ചത്. സംഭവസമയം സുഹൃത്തിന്റെ വീട്ടിലായിരുന്ന പെൺകുട്ടിയെ, കൊലപാതക ദൃശ്യങ്ങൾ പ്രതികൾ വീഡിയോ കോളിലൂടെ തത്സമയം കാണിച്ചുകൊടുത്തു.
തുടർന്ന് വീടിനുള്ളിൽ നിന്ന് 4.5 ഗ്രാം സ്വർണ്ണവും പണവും പ്രതികൾ കൈക്കലാക്കി. സിനിമകൾ കണ്ട് പ്രചോദനം ഉൾക്കൊണ്ട് പോലീസ് അന്വേഷണം വഴിതിരിച്ചുവിടാനായി വീട്ടിനുള്ളിൽ മുളകുപൊടി വിതറുകയും ചെയ്തു. പിന്നീട് ഒന്നുമറിയാത്ത ഭാവത്തിൽ മുത്തച്ഛനെ കാണാനില്ലെന്ന് നാട്ടുകാരെ അറിയിച്ചതും പെൺകുട്ടി തന്നെയാണ്.