ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്കും ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അസ്ഥിരമായ കാലാവസ്ഥ അടുത്ത ആഴ്ചയിലും തുടരുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്ക് ശേഷം കിഴക്ക്, തെക്ക്, പടിഞ്ഞാറൻ മേഖലകളിൽ മഴയ്ക്ക് കാരണമാകുന്ന ഇടിമിന്നലോടുകൂടിയ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെയും തീരപ്രദേശങ്ങളിലും ദ്വീപുകളിലും 43 ഡിഗ്രി വരെയും ഉയർന്നേക്കും.
പർവതപ്രദേശങ്ങളിൽ പരമാവധി 37 ഡിഗ്രിയായിരിക്കും പ്രതീക്ഷിക്കുന്നത്. കാറ്റ് പൊതുവെ നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും മേഘങ്ങൾ രൂപപ്പെടുന്ന സമയത്ത് ശക്തി കൂടാം. ഉൾപ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും പർവതപ്രദേശങ്ങളിൽ 45 കിലോമീറ്റർ വരെയും തീരപ്രദേശങ്ങളിലും ദ്വീപുകളിലും 40 കിലോമീറ്റർ വരെയും കാറ്റിന് വേഗമുണ്ടാകാം.
ശക്തമായ കാറ്റ് പൊടിയും മണലും ഉയർത്തിയേക്കാമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് മേഘങ്ങൾ രൂപപ്പെടുന്ന പ്രദേശങ്ങളിൽ കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. ഇന്ന് രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെ പടിഞ്ഞാറൻ മേഖലകളിൽ അന്തരീക്ഷ ഈർപ്പം വർധിച്ചേക്കും. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നാണ് പ്രവചനം.
നാളെയും മഴയ്ക്ക് സാധ്യത തുടരും. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മേഘങ്ങൾ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ട്. മറ്റു പ്രദേശങ്ങളിൽ കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കും. തീരപ്രദേശങ്ങളിൽ നാളെ രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ ഈർപ്പം കൂടുന്നതിനൊപ്പം മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരുകയും പൊടിപടലങ്ങൾ ഉയരുകയും ചെയ്യാം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ വീണ്ടും ഇടിമിന്നലോടുകൂടിയ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടില്ല. കാറ്റിന്റെ വേഗം മണിക്കൂറിൽ 35 കിലോമീറ്റർ വരെ ഉയർന്നേക്കും.
അതേസമയം, അടുത്ത ദിവസങ്ങളിൽ യുഎഇയിൽ മാറിമറിയുന്ന വേനൽക്കാല കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പ്രധാനമായും കിഴക്കൻ, തെക്കൻ മേഖലകളിലാണ് ഉച്ചയ്ക്ക് ശേഷം മേഘങ്ങൾ രൂപപ്പെടാനും മഴ ലഭിക്കാനും കൂടുതൽ സാധ്യത. ശക്തമായ കാറ്റിനും പൊടിപടലങ്ങൾ ഉയരുന്നതിനുമുള്ള സാധ്യത കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
LIVE