Select Location
All Locations
State
Region
City / District
ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് മൂന്നാം വന്ദേഭാരത്; റൂട്ടില്‍ മാറ്റം, ജമ്മു കശ്മീര്‍ യാത്രക്കാര്‍ക്ക് പുതിയ അനുഭവം

ജമ്മു കശ്മീരിന് മൂന്നാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രഖ്യാപിച്ചു. നിലവിലുള്ള രണ്ട് സര്‍വീസുകള്‍ വിജയകരമായി മുന്നോട്ട് പോകുന്നതിനിടെയാണ് മൂന്നാം വന്ദേഭാരത്. ടൂറിസ്റ്റുകള്‍ക്കും തീര്‍ഥാടകര്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം വലിയ ആശ്വാസമാകും പുതിയ ട്രെയിന്‍. ജമ്മുവില്‍ നിന്ന് കത്രയിലൂടെയാണ് മറ്റു രണ്ട് വന്ദേഭാരത് പോകുന്നത് എങ്കില്‍ പുതിയത് ഉദ്ദംപൂര്‍ വഴിയാകും.
ഉദ്ദംപൂര്‍ ലോക്‌സഭാ അംഗവും കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ് ആണ് ഇക്കാര്യം അറിയിച്ചത്. റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവില്‍ നിന്ന് ലഭിച്ച കത്ത് അദ്ദേഹം പരസ്യമാക്കി. പുതിയ ട്രെയിന്‍ കൂടി എത്തിയാല്‍ കശ്മീരിലെ യാത്രയ്ക്ക് ആഡംബരത്തോടൊപ്പം വേഗതയും കൂടും. ദേശീയ പാതയില്‍ നിരന്തരം തടസം നേരിടുന്നതിനാല്‍ വന്ദേഭാരത് കശ്മീരികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ.
ജമ്മുവില്‍ നിന്ന് ഉദ്ദംപൂരിലൂടെ ശ്രീനഗറിലേക്ക് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുമെന്ന് മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരാമുല്ല റെയില്‍വെ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. കത്രയില്‍ നിന്ന് ശ്രീനഗറിലേക്ക് വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് തൊട്ടുപിന്നാലെ തുടങ്ങുകയും ചെയ്തു. ഈ വര്‍ഷം ഏപ്രിലിലാണ് ജമ്മു-ശ്രീനഗര്‍ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് തുടങ്ങിയത്.
അതായത്, നിലവില്‍ കത്രയില്‍ നിന്നു ശ്രീനഗറിലേക്കും ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കും രണ്ട് സെറ്റ് വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നുണ്ട് മൂന്നാത്തെ ട്രെയിന്‍ ആയിട്ടാണ് ഉദ്ദംപൂര്‍ വഴി ജമ്മു-ശ്രീനഗര്‍ വന്ദേഭാരത് എക്‌സ്പ്രസ് വരാന്‍ പോകുന്നത്. 266 കിലോമീറ്റര്‍ റെയില്‍പാതയിലൂടെ അഞ്ച് മണിക്കൂറിനകം വന്ദേഭാരത് ലക്ഷ്യത്തിലെത്തുന്നുണ്ട്.
നേരത്തെ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുന്നവര്‍ ദേശീയ പാതയാണ് ആശ്രയിച്ചിരുന്നത്. മോശം കാലാവസ്ഥ കാരണം പലപ്പോഴും ഈ പാത അടച്ചിടാറുണ്ട്. ഇതിനെല്ലാം ആശ്വാസമാണ് പുതിയ റെയില്‍പാതയും വന്ദേഭാരത് എക്പ്രസും. കടുത്ത തണുപ്പിലും മഞ്ഞുവീഴ്ചയിലും സര്‍വീസ് സാധ്യമാകുന്ന ട്രെയിന്‍ ആണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ശ്രീനഗറില്‍ നിന്നുള്ള ചരക്കുകള്‍ അതിവേഗം ഡല്‍ഹിയില്‍ എത്തിക്കാന്‍ ഈ പാത സഹായിക്കുന്നുണ്ട്.
കശ്മീരില്‍ നേരത്തെ രണ്ടു ഭാഗങ്ങളായിട്ടാണ് റെയില്‍വെ പ്രവര്‍ത്തിച്ചിരുന്നത്. കശ്മീരിലെ ബാരാമുല്ലക്കും ജമ്മുവിലെ സങ്കല്‍ദാനുമിടയിലായിരുന്നു യാത്ര. ജമ്മു-കത്ര, കത്ര ശ്രീനഗര്‍ യാത്ര അസാധ്യമായിരുന്നു. എന്നാല്‍ ഇവിടെ റെയില്‍പാത സജ്ജമായതോടെ ഡല്‍ഹിയില്‍ നിന്ന് കശ്മീര്‍ താഴ്‌വരയിലെ ശ്രീനഗര്‍ വരെ ട്രെയിനില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നതാണ് നേട്ടം. ലോകത്തെ ഏറ്റവും ഉയരമുള്ള റെയില്‍പാലമായ ചിനാബിലൂടെയാണ് ഈ ട്രെയിനുകള്‍ കടന്നുപോകുക എന്നതും എടുത്തു പറയണം. വിനോദ സഞ്ചാരികള്‍ക്ക് ആകര്‍ഷകമായ യാത്രയാണിത്.


One India Malayalam 1 hour ago
Home Flash News