ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ കനക്കുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് അലർട്ട് ഉള്ളത്. 9 ജില്ലകളിലായിരുന്നു ആദ്യം മഞ്ഞ അലർട്ട് ഉണ്ടായിരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്
എന്നാൽ അടുത്ത 3 മണിക്കൂറിൽ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നത്.
അതേസമയം ഓണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലർട്ട് ഉള്ളത്.
കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ഗതാഗതം നിരോധിച്ചു
കനത്ത മഴയെ തുടർന്ന് കൊട്ടിയൂർ-പാൽചുരം റോഡിൽ മണ്ണിടിഞ്ഞു. ഇന്ന് രാവിലെ ചെകുത്താൻ തോടിന് സമീപമാണ് മണ്ണിടിച്ചലുണ്ടായത്. വാഹനങ്ങൾ കടന്നുപോകുന്നതിന് തൊട്ട് മുൻപായിട്ടാണ് മണ്ണിടിഞ്ഞത്. ആർക്കും പരിക്കില്ല
മണ്ണിടിഞ്ഞ് വീഴുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം മണ്ണിടിച്ചിലിനെ തുടർന്ന് കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാൽചുരം റോഡിലൂടെയുള്ള യാത്രാ നിരോധനം തുടരും.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് 26 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
LIVE