തിരുവനന്തപുരം: യുഡിഎഫ് സർക്കാർ നൂറ് ദിവസം പിന്നിടുന്ന വേളയിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിഡി സതീശൻ പറയുന്നു. സർക്കാരിനെതിരെ ചിലർ കുപ്രചരണം അഴിച്ചുവിട്ടെന്നും ഓഫീസ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
മുഖ്യമന്ത്രി വിഡി സതീശന്റെ വാക്കുകൾ: സഹാനുഭൂതി, സദ്ഭരണം; ലക്ഷ്യം പുതുയുഗ കേരളം
'പുതുയുഗ കേരളം' എന്ന മുദ്രാവാക്യവും ആശയവും ജനങ്ങള്‍ പൂര്‍ണ മനസോടെ സ്വീകരിച്ചതിന്റെ പരിണിതിയായിരുന്നു 102 സീറ്റുമായുള്ള യു.ഡി.എഫിന്റെ ചരിത്ര വിജയം. യു.ഡി.എഫ് സര്‍ക്കാര്‍ 100 ദിവസം പിന്നിടുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോഴും തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ കൃത്യമായി പാലിക്കാനുള്ളതാണെന്ന ഉത്തമ ബോധ്യം സര്‍ക്കാരിനുണ്ട്.
അതിന്റെ ഭാഗമായാണ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തീരുമാനിച്ചതും ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, പാചക തൊഴിലാളികള്‍, പ്രീ-പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിച്ചതും പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയതും. വന്‍കിട വികസന പദ്ധതികളും സ്വപ്ന പദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം.
സാമൂഹിക ക്ഷേമത്തിനും സമഗ്ര വികസനത്തിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് 'ഇന്ദിരാ ഗ്യാരണ്ടികള്‍' പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, വയോജന വകുപ്പ് എന്നിവ ഇതിനോടകം നടപ്പിലാകയും ചെയ്തു. സൗജന്യയാത്ര സ്ത്രീകളോടുള്ള സര്‍ക്കാരിന്റെ ആദരവാണ്. മുതിര്‍ന്ന പൗരന്മാരോടുള്ള സര്‍ക്കാരിന്റെ കരുതലിന്റെ ഭാഗമാണ് വയോജനവകുപ്പ്. ഇത്തരമൊരു പരിഗണന രാജ്യത്ത് ആദ്യമാണ്. ഇതിന് പുറമെയാണ് 100 ദിന കര്‍മ്മപദ്ധതി പ്രഖ്യാപിച്ചത്. കൃഷി, വ്യവസായം, സഹകരണം എന്നിങ്ങനെ 11 മേഖലകളിലായി 43 വകുപ്പുകള്‍ ചേര്‍ന്ന് 597 പദ്ധതികളാണ് 100 ദിവസം കൊണ്ട് നടപ്പിലാക്കുന്നത്. സര്‍ക്കാരിന് കൃത്യമായ വീക്ഷണം ലക്ഷ്യവുമുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാക്രമങ്ങളുണ്ട്.
സര്‍ക്കാരിന് 100 ദിവസം തികയുമ്പോള്‍ സംസ്ഥാനം ഓണാഘോഷത്തിന്റെ ലഹരിയിലാണ്. വിപണിയില്‍ കൃത്യമായി ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ 13 സബ്‌സിഡി സാധനങ്ങളും വില കൂട്ടാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ് തുടങ്ങി 10 പ്രമുഖ അവശ്യ സാധനങ്ങള്‍ കഴിഞ്ഞ ഓണക്കാലത്തെ സബ്‌സിഡി നിരക്കിനേക്കാള്‍ കുറഞ്ഞ വിലയിലാണ് വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണയും വില കുറച്ചു നല്‍കി. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ സബ്‌സിഡി സാധനങ്ങള്‍ ഒരുമിച്ച് വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലേതുപോലെ ഒഴിഞ്ഞ റാക്കുകള്‍ എന്ന പരാതി പരിഹരിച്ച് സപ്ലൈകോയില്‍ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്.
ചരിത്രത്തിലൊരിക്കലുമില്ലാത്ത ധനപ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും ഒരു രൂപയുടെ പോലും അധിക നികുതി ചുമത്താതെയാണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പ്രതിസന്ധി നിറഞ്ഞ ധനസ്ഥിതിയിലും ക്ഷേമ പെന്‍ഷന്‍ വിതരണം ഉള്‍പ്പെടെയുള്ള സാമൂഹിക ക്ഷേമ പരിപാടികള്‍ തടസപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒരു മാസം പോലും ക്ഷേമ പെന്‍ഷന്‍ മുടങ്ങരുതെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഓണം പ്രമാണിച്ച് ഓഗസ്റ്റ് മാസത്തെ പെന്‍ഷന്‍ വിതരണം നേരത്തെയാക്കി. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്തയും മറ്റ് ആനുകൂല്യങ്ങളും തടസമില്ലാതെ വിതരണം ചെയ്തു.
കെ.ടി.ഡി.സി, കെ.എസ്.ആര്‍.ടി.സി, സഹകരണ മേഖല എന്നിവയിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ബോണസ്, ഉത്സവബത്ത, സാലറി അഡ്വാന്‍സ് എന്നിവ ഉറപ്പാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ചരിത്രത്തിലാദ്യമായി 2,000 രൂപ ഓണം ഉത്സവബത്ത അനുവദിക്കുകയും ഹരിതകര്‍മ്മ സേനാംഗങ്ങളുടെ ഉത്സവബത്ത 1,500 രൂപയായി ഉയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഫണ്ട് വകമാറ്റിയതിനെ തുടര്‍ന്ന് കുടിശികയായ പ്രവാസി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണത്തിന് 32 കോടി അനുവദിച്ചു.
LIVE